'ഇന്ധനവില വര്‍ദ്ധനവില്‍ മൗനം'; അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍ സിനിമകളുടെ ഷൂട്ടിംഗിന് വിലക്കേര്‍പ്പെടുത്തുമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ്
national news
'ഇന്ധനവില വര്‍ദ്ധനവില്‍ മൗനം'; അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍ സിനിമകളുടെ ഷൂട്ടിംഗിന് വിലക്കേര്‍പ്പെടുത്തുമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th February 2021, 7:30 pm

മുംബൈ: മുന്‍ സര്‍ക്കാരുകളുടെ കാലത്ത് ഇന്ധനവില വര്‍ദ്ധനവിനെതിരെ രംഗത്തെത്തിയ ബോളിവുഡ് നടന്‍മാരില്‍ പലരും ഇന്നത്തെ ഇന്ധനവില വര്‍ദ്ധനവിനെതിരെ പ്രതികരിക്കാത്തതിനെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതൃത്വം.

പ്രതികരിക്കാത്ത ബോളിവുഡ് നടന്‍മാരുടെ ചിത്രങ്ങളും അവയുടെ ഷൂട്ടിംഗും സംസ്ഥാനത്ത് അനുവദിക്കാന്‍ പാടില്ലെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരിക്കുകയാണ്. അമിതാഭ് ബച്ചന്റെയും അക്ഷയ് കുമാറിന്റെയും പേരെടുത്തു പറഞ്ഞായിരുന്നു ആഹ്വാനം.

സാധാരണക്കാരനെ വീണ്ടും ദുരിതത്തിലാഴ്ത്തി ഇന്ധനവില കുത്തനെ ഉയരുകയാണ്. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ കാലത്ത് ഇന്ധനവില വര്‍ദ്ധനവിനെതിരെ ശബ്ദമുയര്‍ത്തിയ താരങ്ങളായിരുന്നു അമിതാഭ് ബച്ചനും അക്ഷയ് കുമാറും. എന്നാല്‍ ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡിലെത്തിയ ഇക്കാലത്ത് അവര്‍ നിശബ്ദരാണ്. മോദിയുടെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ അവര്‍ക്ക് ധൈര്യമില്ല, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാന പട്ടോലെ പറഞ്ഞു.

കേന്ദ്രത്തിന്റെ നടപടികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ മഹാരാഷ്ട്രയില്‍ അമിതാഭ് ബച്ചന്റെയും അക്ഷയ് കുമാറിന്റെയും ചിത്രങ്ങളുടെ ഷൂട്ടിംഗും പ്രദര്‍ശനവും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവില വര്‍ദ്ധിച്ചിരിക്കുകയാണ്. പെട്രോള്‍ ലിറ്ററിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് കൂട്ടിയത്.

രാജസ്ഥാനിലും മധ്യപ്രദേശിലും പെട്രോള്‍ വില ലിറ്ററിന് 100 രൂപ കടന്നിരിക്കുകയാണ്.

പെട്രോള്‍ വിലവര്‍ദ്ധനവിന്റെ ഉത്തരവാദിത്തം മുന്‍ സര്‍ക്കാരുകള്‍ക്കാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ത്തുന്ന ആരോപണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Maharashtra Congress Threatens To Stop Amitabh Bachan, Akshay Kumar’s Film Shoots