മഹാരാഷ്ട്രയില്‍ 14-14-14 ഫോര്‍മുലയുമായി കോണ്‍ഗ്രസ് നേതാക്കള്‍; ഫോര്‍മുല അംഗീകരിച്ചാല്‍ ഉടന്‍ സര്‍ക്കാര്‍
national news
മഹാരാഷ്ട്രയില്‍ 14-14-14 ഫോര്‍മുലയുമായി കോണ്‍ഗ്രസ് നേതാക്കള്‍; ഫോര്‍മുല അംഗീകരിച്ചാല്‍ ഉടന്‍ സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th November 2019, 6:09 pm

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന കോര്‍ കമ്മറ്റി യോഗത്തില്‍  പുതിയ ഫോര്‍മുല മുന്നോട്ട് വെച്ച കോണ്‍ഗ്രസ് നേതാക്കള്‍. 14-14-14 മന്ത്രി സ്ഥാനങ്ങള്‍ എന്ന ഫോര്‍മുലയാണ് ഇന്നത്തെ യോഗത്തില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാക്കള്‍ മുന്നോട്ട് വെച്ചത്.

രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാവണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ശിവസേനയ്ക്ക് മുഖ്യമന്ത്രി സ്ഥാനം കൊടുക്കുമ്പോള്‍ ഓരോ ഉപമുഖ്യമന്ത്രിമാര്‍ കോണ്‍ഗ്രസില്‍ നിന്നും എന്‍.സി.പിയില്‍ നിന്നുണ്ടാവണം എന്നാണാവശ്യം. സ്പീക്കര്‍ സ്ഥാനവും കോണ്‍ഗ്രസ് ആവശ്യപ്പെടും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സോണിയാ ഗാന്ധിയുടെ വസതിയില്‍ ഇന്ന് വൈകീട്ട് നാല് മണിക്കാണ് യോഗം ആരംഭിച്ചത്.
ബാലാസാഹബ് തൊറാട്ട്, പൃഥ്വിരാജ് ചവാന്‍, അശോക് ചവാന്‍, സുശീല്‍ കുമാര്‍ ഷിന്‍ഡെ, കെ.സി പദ്വി, വിജയ് വഡേട്ടിവാര്‍ എന്നീ നേതാക്കളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

ശിവസേനയുമായി സര്‍ക്കാര്‍ ഉണ്ടാക്കുന്നതില്‍ സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കണം എന്ന നിലപാടാണ് എം.എല്‍.എമാരും നേതാക്കളും പ്രകടിപ്പിച്ചത്. ഇതോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ഇടപെടുകയും സാധ്യമെങ്കില്‍ പങ്കാളികളാവണമെന്ന അഭിപ്രായത്തിന് മേല്‍ക്കെ കിട്ടി.

ശിവസേനയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സര്‍ക്കാരില്‍ പങ്കാളികളാകണമെന്ന് കോണ്‍ഗ്രസിലെ പകുതിയോളം എം.എല്‍.എമാര്‍ ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ജയ്പൂര്‍ റിസോര്‍ട്ടില്‍ താമസിക്കുന്ന 44 കോണ്‍ഗ്രസ് എം.എല്‍.എമാരിലെ പകുതിയോളം പേരാണ് ഈ ഈ ആവശ്യം ഉന്നയിച്ചത്.

മറ്റ് എം.എല്‍.എമാര്‍ സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണക്കുകയാണ് നല്ലതെന്ന നിലപാടാണ് സ്വീകരിച്ചത്. രണ്ട് കൂട്ടരും വിഷയത്തില്‍ നിലപാട് അറിയിച്ചതിനെ തുടര്‍ന്ന് തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡിനോട് എം.എല്‍.എമാര്‍ ആവശ്യപ്പെടുകയായിരുന്നു.

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ ശിവസേന അദ്ധ്യക്ഷന്‍ ഉദ്ദവ് താക്കറെ ടെലഫോണില്‍ ബന്ധപ്പെട്ടിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ