മജിസ്‌ട്രേറ്റിനെ തെരുവ് നായ കടിച്ചു
Kerala News
മജിസ്‌ട്രേറ്റിനെ തെരുവ് നായ കടിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th September 2022, 8:11 am

പത്തനംതിട്ട: പത്തനംതിട്ടയില്‍ മജിസ്‌ട്രേറ്റിന് തെരുവ് നായയുടെ കടിയേറ്റു. പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതിയിലെ മജിസ്‌ട്രേറ്റിനാണ് തെരുവ് നായയുടെ കടിയേറ്റത്.

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ മേലേ വെട്ടിപ്പുറത്തുവെച്ചാണ് നായ മജിസ്‌ട്രേറ്റിനെ ആക്രമിച്ചത്. വെട്ടിപ്പുറത്തെ താമസ സ്ഥലത്തിന് സമീപം വൈകീട്ട് നടക്കാനിറങ്ങിയപ്പോഴായിരുന്നു ആക്രമണം.

ഇരുചക്ര വാഹന യാത്രക്കാരനെ പിന്തുടര്‍ന്ന നായ റോഡില്‍ കൂടി നടന്ന് വരികയായിരുന്ന മജിസ്‌ട്രേറ്റിനെ കടിക്കുകയായിരുന്നു. ഉടന്‍ തന്നെ മജിസ്‌ട്രേറ്റിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി.

മലപ്പുറം ചുങ്കത്തറയില്‍ തൊണ്ണൂറുകാരിയേയും തെരുവ് നായ ആക്രമിച്ചു. തലാപ്പില്‍ ചിരുത എന്ന സ്ത്രീക്കാണ് നായയുടെ ആക്രമണത്തില്‍ കയ്യില്‍ പരുക്കേറ്റത്. ചിരുതയുടെ വീടിന്റെ അടുക്കള ഭാഗത്തേക്ക് കയറി വന്നാണ് തെരുവ് നായ ഇവരെ ആക്രമിച്ചത്.

അതേസമയം, തെരുവ് നായകളുടെ ആക്രമണത്തില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. പൊതുനിരത്തിലെ അക്രമകാരികളായ നായകളെ കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മറ്റന്നാള്‍ അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

തെരുവ് നായകളെ അടിച്ചുകൊന്ന് ജനം നിയമം കയ്യിലെടുക്കരുതെന്നും കോടതി പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണം. പൊതു അവബോധത്തിനായി പൊലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്തെ തെരുവുനായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേക സിറ്റിങ് നടത്തിയാണ് ഹൈക്കോടതി ഉത്തരവ്.

എറണാകുളം തൃപ്പൂണിത്തുറയില്‍ എരൂരില്‍ തെരുവ് നായകളെ വിഷം കൊടുത്ത് കൊന്ന സംഭവത്തില്‍ കേസെടുത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്.

കഴിഞ്ഞ ദിവസമാണ് അഞ്ച് തെരുവ് നായകളെ തൃപ്പൂണിത്തുറ എരൂരില്‍ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയത്. നായകളുടെ ആന്തരികാവയവങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്ക് വേണ്ടി കാക്കനാട്ടെ റീജിയണല്‍ ലാബിലേക്ക് കൈമാറിയിട്ടുണ്ട്. പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍ സ്വീകരിക്കുക.

നായകളുടെ ശല്യം രൂക്ഷമായതോടെ അവയെ വിഷം കൊടുത്ത് കൊന്നതാണെന്നാണ് പൊലീസ് നിഗമനം. ഏത് വിഷമാണ് നല്‍കിയതെന്ന് തിരിച്ചറിയുന്നതോടെയാണ് ഉദ്യോഗസ്ഥര്‍ മറ്റ് നടപടികളിലേക്ക് കടക്കുക എന്നാണ് വിവരം.

അതേസമയം എറണാകുളം ജില്ലയില്‍ തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ ഊര്‍ജിത കര്‍മ പദ്ധതി ജില്ലാ ഭരണകൂടം നടപ്പാക്കും. ആദ്യഘട്ടത്തില്‍ നായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള എ.ബി.സി പദ്ധതി (അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) വടവുകോട്, മുളന്തുരുത്തി ബ്ലോക്കുകളില്‍ ഉടന്‍ ആരംഭിക്കും. എ.ബി.സി പദ്ധതിക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിലവിലുള്ളതിനാലാണ് പൈലറ്റ് പദ്ധതി ഈ ബ്ലോക്കുകളില്‍ നടപ്പാക്കുന്നതെന്ന് എറണാകുളം ജില്ലാ കളക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Content Highlight: Magistrate was bitten by a stray dog in Pathanamathitta