'വിവാദ പ്രസ്താവനകള്‍ ഇനി പാടില്ല'; പാ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം
Pa Ranjith
'വിവാദ പ്രസ്താവനകള്‍ ഇനി പാടില്ല'; പാ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം
ന്യൂസ് ഡെസ്‌ക്
Tuesday, 25th June 2019, 9:08 pm

ന്യൂദല്‍ഹി: രാജരാജ ചോളന്‍ ഒന്നാമന്റെ കാലത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ തമിഴ് ചലച്ചിത്ര സംവിധായകന്‍ പാ രഞ്ജിത്തിന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉപാധികളോടെയുള്ള ജാമ്യം അനുവദിച്ചു.

ഭാവിയില്‍ ഇത്തരത്തില്‍ വിവാദ പ്രസ്താവനകള്‍ നടത്തരുതെന്ന വ്യവസ്ഥയിലാണ് ജസ്റ്റിസ് പി.രാജമാണിക്യം രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്. അങ്ങനെ ചെയ്യുകയാണെങ്കില്‍ ജാമ്യം റദ്ദാക്കാനുള്ള കേസ് മജിസ്ട്രേറ്റ് കോടതിയില്‍ തുടരാമെന്നും ജസ്റ്റിസ് പറഞ്ഞു.

പാ രഞ്ജിത്തിനെ കസ്റ്റഡിയില്‍ എടുത്തുകൊണ്ടുള്ള അന്വേഷണം ആവശ്യമില്ലെന്നും ജഡ്ജി നിരീക്ഷിച്ചു.

രഞ്ജിത്തിന്റെ പ്രസംഗത്തില്‍ യാതൊരു ക്രമസമാധാന പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു. പുസ്തകത്തിനെ ആസ്പദമാക്കി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് രഞ്ജിത്തിന്റെ പ്രസംഗമെന്നും സമുദായങ്ങളില്‍ ശത്രുത സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയല്ലെന്നും അഭിഭാഷകന്‍ വാദിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ പരാമര്‍ശിച്ച് അദ്ദേഹത്തിന്റെ കേസ് ഒഴിവാക്കണമെന്നും അഭിഭാഷകന്‍ വാദിച്ചിരുന്നു.എന്നാല്‍ അഭിപ്രായ സ്വാതന്ത്യത്തിന് പരിധിയുണ്ടെന്നും ചക്രവര്‍ത്തി ദലിതരില്‍ നിന്ന് ഭൂമി കൈക്കലാക്കിയതിന് തെളിവ് ജസ്റ്റിസ് ബരതിദാസന്‍ പറഞ്ഞു.

രാജരാജ ചോളന്‍ ഒന്നാമനെതിരേ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ തമിഴ് ചലച്ചിത്ര സംവിധായകന്‍ പാ രഞ്ജിത്തിനെതിരേ പൊലീസ് കേസെടുത്തിരുന്നു. ഇതേ സംഭവത്തിന്റെ പേരില്‍ രഞ്ജിത്തിനെതിരേ സാമൂഹ്യമാധ്യമങ്ങളിലും പുറത്തും ഹിന്ദുത്വവാദികളുടെ പ്രതിഷേധവും വെല്ലുവിളിയും നടക്കുന്നതിനിടെയാണ് അദ്ദേഹത്തിനെതിരേ കേസെടുത്തത്.

ഹിന്ദുമക്കള്‍ കക്ഷി നേതാവ് കാ ബാല നല്‍കിയ പരാതിയിലാണ് തിരുപ്പനന്താല്‍ പൊലീസ് കേസെടുത്തത്. മനഃപൂര്‍വം കലാപമുണ്ടാക്കാനുള്ള ശ്രമം (153), രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തുക (153 (എ) (1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ജൂണ്‍ അഞ്ചിന് കുംഭകോണത്തിന് സമീപം തിരുപ്പനന്താലില്‍ ദളിത് സംഘടനയായ നീല പുഗല്‍ ഇയക്കം സ്ഥാപക നേതാവ് ഉമര്‍ ഫറൂഖിന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു നീലം പന്‍പാട്ട് മയ്യം എന്ന സംഘടനയുടെ നേതാവ് കൂടിയായ രഞ്ജിത്ത് രാജ രാജ ചോളന്‍ ഒന്നാമന്റെ ഭരണകാലത്തെ വിമര്‍ശിച്ചത്.

രാജരാജ ചോളന്റെ കാലത്താണ് ദളിതരുടെ ഭൂമിയുടെ മേലുള്ള അധികാരം ഇല്ലാതാക്കുകയും ദളിതന്റെ ഭൂമി പിടിച്ചെടുക്കുകയും വലിയ തോതില്‍ ദളിത് വിഭാഗങ്ങളെ അടിച്ചമര്‍ത്തിയതെന്നും രഞ്ജിത്ത് പറയുകയുണ്ടായി. ഇപ്പോഴുള്ള പല ക്ഷേത്രം വക ഭൂമികളും ദളിതരുടെതായിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു. രാജരാജ ചോളന്റെ കാലത്താണ് പെണ്‍കുട്ടികളെ ക്ഷേത്രങ്ങളില്‍ അടിമകളാക്കി മാറ്റുന്ന ദേവദാസി സമ്പ്രദായം ഉണ്ടാകുന്നതെന്നും രഞ്ജിത്ത് വിമര്‍ശിച്ചിരുന്നു.