എഡിറ്റര്‍
എഡിറ്റര്‍
‘എല്‍കെജി വിദ്യാര്‍ത്ഥിക്ക് പോലും മനസിലാകും ഈ രേഖകള്‍ കെട്ടിചമച്ചതാണെന്ന്’; ജയലളിതയുടെ മകനെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ യുവാവിനെ കയ്യോടെ പിടികൂടി കോടതി; അറസ്റ്റ് ചെയ്യാന്‍ പൊലീസിന് നിര്‍ദ്ദേശം
എഡിറ്റര്‍
Monday 27th March 2017 4:35pm

 


ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മകനെന്ന് അവകാശവാദവുമായി രംഗത്തെത്തിയ യുവാവിനെ അറസ്റ്റ് ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്. ജയലളിതയുടെ മകനെന്ന് സ്വയം പ്രഖ്യാപിച്ച് പൊയസ് ഗാര്‍ഡനടക്കമുള്ള അമ്മയുടെ സ്വത്തുക്കള്‍ തനിക്ക് അവകാശപ്പെട്ടതാണെന്നും പറഞ്ഞായിരുന്നു ഈറോഡ് സ്വദേശിയായ കൃഷ്ണമൂര്‍ത്തി രംഗത്തെത്തിയത്.

അമ്മയുടെ സ്വത്തുവകകള്‍ ലഭിക്കുന്നതില്‍ കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ഇയാള്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിക്കവെ നേരത്തെ തന്നെ അവകാശവാദം കളവാണെന്ന് തെളിഞ്ഞാല്‍ ജയിലിലടക്കുമെന്ന് കോടതി കൃഷ്ണമൂര്‍ത്തിയെ വിരട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് കോടതിയുടെ പുതിയ ഉത്തരവ്.

ജയലളിതയുടേയും തമിഴ്‌നടന്‍ ശോഭന്‍ ബാബുവിന്റേയും മകനാണെന്ന് താനെന്നായിരുന്നു കൃഷ്ണമൂര്‍ത്തിയുടെ അവകാശവാദം. തന്റെ രക്ഷിതാക്കളുടെ വില്‍പത്രമെന്ന് പറഞ്ഞ് രേഖകളും ഇയാള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ജയലളിതയ്‌ക്കൊപ്പമുള്ള ഫോട്ടോയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ ഫോട്ടോ ഫോട്ടോഷോപ്പിലൂടെ നിര്‍മ്മിച്ചതാണെന്ന് തുടക്കത്തില്‍ തന്നെ തെളിഞ്ഞിരുന്നു.

വില്‍പത്രമടക്കം വ്യാജരേഖ ചമച്ചതിന് യുവാവിനെതിരെ അറസ്റ്റടക്കം നടപടി സ്വീകരിക്കാനാണ് ജസ്റ്റിസ് ആര്‍ മാധവന്‍ ഉത്തരവിട്ടത്. കോടതിയെ കബളിപ്പിക്കാന്‍ ശ്രമിച്ചുവെന്നും മാത്രമല്ല വ്യാജരേഖ ചമയ്ക്കുകയും ചെയ്തുവെന്ന് കോടതി പറഞ്ഞു.


Also Read: മട്ടനോ ചിക്കനോ വിളമ്പുന്നുണ്ടോ? യു.പിയിലെ മുസ്‌ലിം വിവാഹ വീടുകളില്‍ വ്യാപക പൊലീസ് റെയ്ഡ്‌


ജയലളിതയുടെ സുഹൃത്തായ വനിതമണിയുടെ വീട്ടില്‍ ദത്തെടുത്ത മാതാപിതാക്കളുടെ കൂടെയാണ് താന്‍ ജീവിക്കുന്നതെന്ന് യുവാവ് പറഞ്ഞിരുന്നു. ദത്ത് സര്‍ട്ടിഫിക്കറ്റ് അടക്കം ജയയുടെ മകനാണെന്ന് തെളിയിക്കാന്‍ ചില രേഖകളും കൃഷ്ണമൂര്‍ത്തി കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ രേഖകള്‍ കെട്ടിചമച്ചതാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് മഹാദേവന്‍ യുവാവിനെതിരെ പൊട്ടിത്തെറിക്കുകയായിരുന്നു.

‘ഈ രേഖകള്‍ കണ്ടാല്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥിക്ക് പോലും മനസിലാകും കെട്ടിചമച്ചതാണെന്ന്. പബ്ലിക് ഡൊമെയ്നില്‍ നിന്നുള്ള ഒരു ഫോട്ടോയാണ് നിങ്ങള്‍ സമര്‍പ്പിച്ചിരുന്നത്. കോടതിയില്‍ കേറി വന്ന് ആര്‍ക്കും പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കാമെന്നാണോ നിങ്ങള്‍ കരുതുന്നത്? ഇയാള്‍ രേഖകള്‍ കെട്ടിച്ചമച്ചിരിക്കുകയാണ്.’
ജസ്റ്റിസ് ആര്‍ മഹാദേവന്‍ പറഞ്ഞു.

അന്വേഷണത്തില്‍ യുവാവിന്റെ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്തുകയും കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് അമ്മയില്‍ അവകാശവാദവുമായെത്തിയ യുവാവ് പെട്ടത്.

Advertisement