Administrator
Administrator
ചിറകു മുളക്കുംവരെ കൂട്ടിരിപ്പ്
Administrator
Friday 30th September 2011 4:35pm


കുറേക്കാലം കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോള്‍, ഒഴിഞ്ഞ കസേരകള്‍ക്കിടയില്‍ ഒറ്റക്കിരുന്ന് ഒരു നാടകത്തിലെ ഓരോ രംഗങ്ങളായി കാണുന്ന ഒരനുഭവമാണ് ജീവിതം തരുന്നത്. എന്റെ മുന്നില്‍ ആ തിരശ്ശീല പൊങ്ങുമ്പോള്‍ ഏറെ സന്തോഷത്തോടെ നോക്കിക്കാണുന്നത് ആ ദിവസത്തെ തന്നെ. ‘എപ്പോഴെങ്കിലും ഞാന്‍ ആത്മഹത്യ ചെയ്‌തെന്നു കേട്ടാലത് വിശ്വസിക്കരുത്, എന്നെ ആരെങ്കിലും കൊന്നതായിരിക്കും’എന്ന് എപ്പോഴും സുഹൃത്തുക്കളോട് പറയാറുണ്ടായിരുന്ന ഞാന്‍ ‘ഇനി മരിക്കാതെ വഴിയില്ല’ എന്നെത്തിച്ചേര്‍ന്ന നിമിഷങ്ങളിലെന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ച ‘അവന്‍’ ജനിച്ച ആ ദിവസം.

എട്ടാം മാസത്തിലായിരുന്നു തീരുമാനിച്ചത്. ‘ഹോസ്പിറ്റലിലെ മടുപ്പിക്കുന്ന അന്തരീക്ഷം വേണ്ട നമ്മുടെ കുഞ്ഞിന് ജനിച്ചു വീഴുമ്പോള്‍. അവന്‍ ഈ വീട്ടില്‍ ജനിക്കട്ടെ, നിനക്ക് പേടിയില്ലെങ്കില്‍ ഈ മുറി പേറ്റു മുറിയാക്കാം’അവന്റെ അച്ഛനാകാന്‍ കാത്തിരിക്കുന്നവന്‍ പറയുന്നു. പ്രകൃതി ജീവനത്തില്‍ കടുത്ത താല്‍പ്പര്യം വന്ന കാലമായിരുന്നു അത്. പ്രകൃതി ജീവനത്തിന്റെ ആചാര്യന്മാരിലൊരാളായ വര്‍മാജിയുടെ പുസ്തകങ്ങള്‍ തേടിപ്പിടിച്ചു വായിക്കുന്ന കാലം. പ്രകൃതി ജീവനം, ജൈവ കൃഷി, സ്വാഭാവിക ജീവിതം ഈ വിഷയങ്ങളിലൊക്കെ താല്‍പ്പര്യമുള്ളവരോടൊപ്പമുള്ള ചര്‍ച്ചകള്‍, യാത്രകള്‍. പ്രസവം ഒരു രോഗമായി മാറിയ കാലമാണല്ലോ. നമുക്കെങ്കിലും അത് സ്വാഭാവികമാക്കാം; തീരുമാനമെടുക്കാന്‍ അധികം താമസിച്ചില്ല.

പ്രസവമെന്നത് ഒരു പെണ്ണിന്റെ അതിപുരാതന ഭയങ്ങളിലൊന്നാണ്. സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കേണ്ട നിമിഷങ്ങള്‍ ഭയത്തിന്റെ കറുത്ത തുണിയാല്‍ മൂടപ്പെടുന്നു. മണ്ണില്‍ ഒരു വിത്ത് മുളപൊട്ടുന്നതുപോലെ, ഭൂമിക്കടിയില്‍നിന്ന് ഒരു ഉറവ നുരഞ്ഞു പൊന്തുന്നതുപോലെ വളരെ സ്വാഭാവികമായ എന്നാല്‍ ഏറെ സന്തോഷം തരുന്ന ആ നിമിഷങ്ങളെ കുറച്ചുകൂടി മനോഹരമാക്കുന്നതെങ്ങനെ?

ഈ ലോകത്തിലേക്ക് ഇനി ഒരു കുട്ടി വേണ്ട എന്ന ഞങ്ങളുടെ കടുത്ത തീരുമാനങ്ങളെയൊക്കെ വെല്ലുവിളിച്ചായിരുന്നു അവനെന്റെ ഉള്ളില്‍ മുളച്ചു തുടങ്ങിയത്. എന്നിട്ടും സംശയമായിരുന്നു. പക്ഷേ, അവനപ്പോഴേ തീരുമാനിച്ചിരുന്നു, ‘ഈ അമ്മക്ക് ഞാനല്ലാതാരാ കൂട്ട്’ എന്ന്! ആദ്യത്തെ മാസം മുതലേ ഭക്ഷണവും മറ്റു കാര്യങ്ങളും ശ്രദ്ധിച്ചു തുടങ്ങി. അവനെ അസ്വസ്ഥനാക്കുന്ന ഒന്നും ഉള്ളിലേക്കു വേണ്ട, അവന്റെ ആകാശത്തേക്ക് രാസബോംബുകളെറിയേണ്ട. അസ്വാഭാവികമായി ഒരു അയണ്‍ ഗുളിക പോലും. ഞാനെനിക്കു വേണ്ടിയൊന്നും കഴിച്ചില്ല ആ ദിവസങ്ങളില്‍. അവനായിരുന്നു തീരുമാനിച്ചത്: ‘അമ്മേ അത് വേണ്ട, ഇതെനിക്കിഷ്ടമല്ല, അതെനിക്കെന്തിഷ്ടമാണെന്നോ……’

ചില ദിവസങ്ങളില്‍ അവന്‍ വിശപ്പാളിയായി. എത്ര കഴിച്ചാലും വയറു നിറയാതെ തിന്നു തിന്നു അവസാനം പെരുമ്പാമ്പ് ഇര വിഴുങ്ങിയതുപോലെ ഞാന്‍ കിടപ്പാവും. പക്ഷേ അല്‍പ്പനേരം കഴിയുമ്പോഴേക്ക് പിന്നേയും തുടങ്ങുകയായി അവന്റെ വിശപ്പിന്റെ പരാക്രമങ്ങള്‍. ഇപ്പോള്‍ പത്തു വയസ്സായ അവന്റെ ഭക്ഷണപ്രിയം കാണുമ്പോള്‍ ഞാനവനോട് പറയാറുണ്ട് ‘വെറുതെയല്ല നീ വയറ്റിലായിരിക്കുമ്പോള്‍ ഞാന്‍ വാരിവലിച്ചു തിന്നത്’ എന്ന്.

ഞാനവനെ അലോസരപ്പെടുത്താത്തതുപോലെ അവനെന്നെയും കാര്യമായി അലോസരപ്പെടുത്തിയില്ല. മൂന്നാം മാസത്തില്‍ ഒരു ചെറിയ മനംപിരട്ടല്‍, ഏഴ് മാസമായപ്പോള്‍ കാലിന് ചെറിയൊരു വേദന. കഴിഞ്ഞു അവന്റെ വികൃതികള്‍. അവന്‍ ഈ ലോകത്തേക്ക് വരാന്‍ തീരുമാനിച്ച അന്നു രാവിലെ പോലും ദൂരെ വയലില്‍ പച്ചക്കറി നനക്കാന്‍ പോയി. വലിയ വയറും താങ്ങിപ്പിടിച്ച് ക്ഷീണിച്ചു നില്‍ക്കുന്ന ആളാക്കി മാറ്റാത്തതു കൊണ്ടാവും, ‘നീ ഞങ്ങളെ പറ്റിക്കുകയാണോ, ശരിക്കും വയറ്റില്‍ കുട്ടിയുണ്ടോ’ എന്ന് ചങ്ങാതിമാര്‍ കളിയാക്കി.

അവനു വേണ്ടി ഞാന്‍ ജീവിതത്തില്‍ ചിട്ടയുള്ളവളായി. നേരത്തെ എഴുന്നേറ്റു, ഇളം വെയിലിലിരുന്നു. ഒരു നേരം പഴങ്ങളും പച്ചക്കറികളും മാത്രം കഴിച്ചു, യോഗ ചെയ്തു. അവസാനത്തെ പത്തു ദിവസം എല്ലാ നേരവും പഴങ്ങള്‍, പച്ചക്കറികള്‍. പ്രസവം പ്രതീക്ഷിച്ച് എല്ലാ വൈകുന്നേരവും വീട്ടില്‍ ഒത്തു കൂടിയ കൂട്ടുകാര്‍ കഞ്ഞിയും പുഴുക്കും, ചോറും കറികളും കഴിക്കുമ്പോള്‍ ഒട്ടും കൊതിയില്ലാതെ നോക്കിയിരുന്നു. കാരണം എനിക്കൊരു ലക്ഷ്യമുണ്ടായിരുന്നുവല്ലോ!

കടുത്ത വേനലില്‍ അപ്രതീക്ഷിതമായി കോരിച്ചൊരിഞ്ഞ മഴ കണ്ടപ്പോള്‍ കൂട്ടുകാരെല്ലാം നേരത്തെ വീട്ടില്‍ എത്തിച്ചേര്‍ന്നു. പുലര്‍ച്ച 2 മണിക്ക് എല്ലാവരുടേയും ആകാംക്ഷക്കും ഭയത്തിനുമൊടുവില്‍ അലറിക്കരഞ്ഞുകൊണ്ടായിരുന്നു ഭുമിയിലേക്കവന്റെ വരവ്. അവനെന്നെ തെല്ലും മുറിപ്പെടുത്തിയില്ല. പ്രഭാതത്തില്‍ മുട്ട വിരിഞ്ഞ ഒരു കിളിക്കൂട് പോലെ ശാന്തമായിരുന്നു ഞങ്ങളുടെ ഭവനം. അത്ഭുതം നിറഞ്ഞ കണ്ണുകളുമായി അയല്‍ക്കാരും ബന്ധുക്കളും ആ കൂട്ടിലേക്കെത്തി നോക്കി.

പ്രസവത്തിനു ശേഷവും വളരെ സ്വാഭാവികമായിരുന്നു അവന്റെ ദിനങ്ങള്‍. പനി വന്നപ്പോള്‍ നെറ്റിയിലൊരു തുണി നനച്ചിട്ടു. ഒരു കുത്തിവെപ്പും വേണ്ടെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. മഴയും വെയിലുമവന് കളിക്കൂട്ടുകാരായി. ആദ്യത്തെ ഒന്നര വര്‍ഷം പഴങ്ങളും പച്ചക്കറികളും വേവിക്കാത്ത ആഹാര സാധനങ്ങളും മാത്രം. ‘ഫ്രൂട്ടുണ്ണി’ എന്നറിയപ്പെട്ട അവന്‍ ‘പുട്ടുണ്ണി’യായത് ഒന്നര വയസ്സില്‍ ഞങ്ങളുടെ പാത്രത്തില്‍ കൈ കടത്തി പുട്ടു വാരിതിന്നാന്‍ തുടങ്ങിയപ്പോള്‍ മുതലാണ്!

സ്വാതന്ത്ര്യം കൂടുതല്‍ ഉത്തരവാദിത്തം തരുന്നല്ലോ. അതിനാല്‍ ഞങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വമുള്ളവരായി. ഇതുവരെ ആശുപത്രി വരാന്തകളില്‍ അവന്റെ പനി പിടിച്ച നിലവിളി മുഴങ്ങിയിട്ടില്ല. റോഡിലൂടെ നടക്കുമ്പോള്‍ ഓട്ടോറിക്ഷ തട്ടിയ അവനെ നാട്ടുകാര്‍ എടുത്ത് ആശുപത്രിയിലെത്തിച്ചപ്പോള്‍ അവന്‍ കരഞ്ഞു: ‘എനിക്ക് അച്ഛന്റെ മരുന്നു മതി’. ഇപ്പോഴും അവന്റെ മരുന്ന് പച്ചവെള്ളം തന്നെ. പനിക്ക് പട്ടിണി എന്ന അപ്പൂന്മാരുടെ വൈദ്യം ഇതുവരെ ഫലിക്കാതിരുന്നിട്ടില്ലവന്…………….!
അവന്റെ ചുമലില്‍ രക്ഷിതാക്കളുടെ കടുത്ത ഭാരങ്ങളില്ല. അവനീ ആകാശത്ത് സ്വതന്ത്രനായി പറക്കട്ടെ. ചിറകു മുളക്കുംവരെ, കൊക്കുറപ്പുവരും വരെ കൂട്ടിരുപ്പ് അത്രമാത്രം.

വര: മജ്‌നി തിരുവങ്ങൂര്‍

പെണ്‍മഷി  / മഡോണ


Advertisement