മധ്യപ്രദേശില്‍ വിജയിക്കണം; വാജ്‌പേയിയുടെ സഹോദര പുത്രിയെ സംസ്ഥാനത്തേക്ക് കൊണ്ട് വന്ന് കോണ്‍ഗ്രസ്
national news
മധ്യപ്രദേശില്‍ വിജയിക്കണം; വാജ്‌പേയിയുടെ സഹോദര പുത്രിയെ സംസ്ഥാനത്തേക്ക് കൊണ്ട് വന്ന് കോണ്‍ഗ്രസ്
ന്യൂസ് ഡെസ്‌ക്
Wednesday, 12th August 2020, 9:25 am

ഭോപ്പാല്‍: മധ്യപ്രദേശിലെ 27 നിയോജക മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ എന്ത് വില കൊടുത്തും വിജയിക്കണം എന്ന നിലപാടിലാണ് കോണ്‍ഗ്രസും ബി.ജെ.പിയും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയിച്ച് സംസ്ഥാനത്ത് അധികാരത്തിലേക്ക് മടങ്ങിവരാനാണ് കോണ്‍ഗ്രസും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥും ശ്രമിക്കുന്നത്.

ബൂത്ത് ലെവല്‍ പ്രവര്‍ത്തനങ്ങളില്‍ ബി.ജെ.പിക്കുള്ള മേല്‍ക്കൈയ്യെ മറികടക്കാതെ മുന്നോട്ട് പോവാനാവില്ലെന്ന തിരിച്ചറിവിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍. അത് കൊണ്ട് തന്നെ ബൂത്ത് ലെവല്‍ പ്രവര്‍ത്തനങ്ങളില്‍ മികവ് കൈവരിക്കുന്നതിന് വേണ്ടിയുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് കോണ്‍ഗ്രസ്.

സംസ്ഥാനത്തെ ബൂത്ത് ലെവല്‍ നേതാക്കള്‍ക്ക് പരിശീലനം നല്‍കാന്‍ ഈ മാസം അവസാനം ക്യാമ്പ് സംഘടിപ്പിച്ചിരിക്കുകയാണ്. ബൂത്ത് ലെവല്‍ പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തുന്ന വിദ്ഗധരുടെ നേതൃത്വത്തിലാണ് ക്യാമ്പ്. ഈ ക്യാമ്പ് നയിക്കുന്നത് മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയുടെ സഹോദര പുത്രിയായ കരുണ ശുക്ലയാണ്.

മധ്യപ്രദേശിന്റെ അയല്‍സംസ്ഥാനമായ ചത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവാണ് കരുണ ശുക്ല. ചത്തീസ്ഗഡില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടിയത് ബൂത്ത് ലെവല്‍ പ്രവര്‍ത്തനങ്ങളുടെ ബലത്തിലായിരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്താകെ നടപ്പിലാക്കുന്നതില്‍ കരുണ ശുക്ല വലിയ പങ്ക് വഹിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കരുണ ശുക്ലയുടെ സേവനം മധ്യപ്രദേശിലേക്കും എത്തിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

‘പല മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് ബി.ജെ.പിയേക്കാള്‍ മുന്നിലായിരിക്കും. എന്നാല്‍ അവസാനം ബി.ജെ.പി വിജയിക്കുകയും ചെയ്യും. അതിനെ കുറിച്ച് ആഴത്തില്‍ പരിശോധിക്കുമ്പോള്‍ മനസ്സിലായത് പോളിംഗ് ദിവസവും അതിന് മുമ്പുള്ള ദിവസവും ഉള്ള ബി.ജെ.പിയുടെ ബൂത്ത് ലെവല്‍ പ്രവര്‍ത്തനമാണ് കാരണമെന്നാണ്’, കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സജ്ജന്‍ സിങ് വെര്‍മ്മ പറഞ്ഞു.

32 വര്‍ഷത്തോളം ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകയും നേതാവുമായിരുന്നു കരുണ ശുക്ല. മുന്‍ എം.പിയും മഹിളാ മോര്‍ച്ചയുടെ ദേശീയ പ്രസിഡന്റുമായി സ്ഥാനം വഹിച്ചിട്ടുണ്ട്.
കരുണ 2009 ല്‍ ജാഗ്ജിര്‍ മണ്ഡലത്തില്‍ നിന്ന് പരാജയപ്പെട്ടതോടെയാണ് പാര്‍ട്ടി വിട്ടത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ