തന്നെ കൊള്ളക്കാരനെന്ന് വിളിച്ച സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ സസ്‌പെന്‍ഷന്‍ കമല്‍നാഥ് പിന്‍വലിച്ചു
national news
തന്നെ കൊള്ളക്കാരനെന്ന് വിളിച്ച സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ സസ്‌പെന്‍ഷന്‍ കമല്‍നാഥ് പിന്‍വലിച്ചു
ന്യൂസ് ഡെസ്‌ക്
Saturday, 12th January 2019, 10:24 pm

ഭോപാല്‍: തന്നെ കൊള്ളക്കാരനെന്ന് വിളിച്ച സംഭവത്തില്‍ സസ്‌പെന്‍ഷനിലായ സ്‌കൂള്‍ പ്രിന്‍സിപ്പാളുടെ സസ്‌പെന്‍ഷന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് പിന്‍വലിച്ചു.

കനിഷ്ത് ബുനിയാദി മിഡില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മുകേഷ് തിവാരി എന്നയാളുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പരാതിയില്‍ ജബല്‍പൂര്‍ ജില്ലാ കളക്ടറാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്.

മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നമ്മുടേതായിരുന്നുവെന്നും എന്നാല്‍ കമല്‍നാഥ് കൊള്ളക്കാരനാണെന്നും മുകേഷ് തിവാരി സ്‌കൂളില്‍ നടന്ന ഒരു പരിപാടിക്കിടെ പ്രസംഗിക്കുന്ന ദൃശ്യങ്ങള്‍ വയറലായിരുന്നു. ഇതേ തുടര്‍ന്ന് ചട്ടവിരുദ്ധ ലംഘനത്തിനാണ് തിവാരിയെ സസ്‌പെന്‍ഡ് ചെയ്തത്.

അധ്യാപകന് മാപ്പ് നല്‍കുന്നുവെന്നും അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെടില്ലെന്നും കമല്‍നാഥ് പ്രതികരിച്ചു. നിയമപരമായ കാര്യമായത് കൊണ്ടാണ് സ്‌പെന്‍ഷന്‍ വന്നതെന്നും താന്‍ അഭിപ്രായ സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നയാളാണെന്നും അദ്ദേഹം പറഞ്ഞു.