സ്പെഷല്‍ പ്രോസിക്ക്യൂട്ടറെ മാറ്റിയത് പ്രതികളെ സഹായിക്കാന്‍, സര്‍ക്കാരില്‍ നിന്ന് ഇത്തരമൊരു നടപടി പ്രതീക്ഷിച്ചില്ല: അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്റെ അമ്മ
kERALA NEWS
സ്പെഷല്‍ പ്രോസിക്ക്യൂട്ടറെ മാറ്റിയത് പ്രതികളെ സഹായിക്കാന്‍, സര്‍ക്കാരില്‍ നിന്ന് ഇത്തരമൊരു നടപടി പ്രതീക്ഷിച്ചില്ല: അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്റെ അമ്മ
ന്യൂസ് ഡെസ്‌ക്
Monday, 12th November 2018, 10:02 am

അട്ടപ്പാടി: മകന് നീതി ആവശ്യപ്പെട്ട് അട്ടപ്പാടിയില്‍ കൊലചെയ്യപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ അമ്മ മല്ലിക. മധുവിന്റെ മരണവുമായി ബന്ധപ്പെട്ട ആള്‍ക്കൂട്ട കൊലപാതക കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ച ഉത്തരവ് സര്‍ക്കാര്‍ റദ്ദു ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് അമ്മയുടെ പ്രതികരണം.

പ്രതികളെ സഹായിക്കാനാണ് സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റിയതെന്നാണ് ഇവരുടെ ആരോപണം. സര്‍ക്കാരില്‍ നിന്ന് ഇത്തരമൊരു നടപടി പ്രതീക്ഷിച്ചില്ലെന്നും തന്റെ മകന് നീതി ലഭിക്കണമെന്നും ന്യൂസ് 18നോട് സംസാരിക്കവെ മല്ലിക വ്യക്തമാക്കി.

കൂടുതല്‍ ഫീസ് നല്‍കാന്‍ കഴിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. ഗോപിനാഥിന്റെ നിയമന ഉത്തരവ് സര്‍ക്കാര്‍ റദ്ദു ചെയ്തത്.

സര്‍ക്കാരിന്റെ ഈ നീക്കത്തെ തുടര്‍ന്ന് ഞെട്ടലിലാണ് മധുവിന്റെ കുടുംബം. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയ കാര്യം മാധ്യമ വാര്‍ത്തകളിലൂടെ അറിഞ്ഞ ഇവര്‍ ഇത് പ്രതികളെ സഹായിക്കാനാണെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മധുവിന് നീതി കിട്ടണമെന്നും സര്‍ക്കാര്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നുമാണ് മധുവിന്റെ സഹോദരി സരസുവിന്റെ പ്രതികരണം.

ALSO READ: ഇ.വി.എമ്മില്‍ തകരാര്‍; ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ വോട്ടെടുപ്പ് തടസപ്പെട്ടു

ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് കേരളത്തെ ഞെട്ടിച്ച ആള്‍ക്കൂട്ട കൊലപാതകം നടന്നത്. മോഷ്ടാവ് എന്നാരോപിച്ച് മധുവിനെ ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിച്ചവശനാക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് മധുവിനെ ആശുപത്രിയിലേക്ക് കൊണ്ട് പോകവെ മരണപ്പെകയായിരുന്നു.

കേസില്‍ 16 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കുറ്റപത്രം നല്‍കിയിരുന്നു. പ്രതികളെല്ലാം നിലവില്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. കേസ് വിചാരണഘട്ടത്തിലേക്ക് നീങ്ങുന്നതിന് മുന്‍പ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനം റദ്ദാക്കിയത് വലിയ വിവാദത്തിന് തന്നെ കാരണമായിട്ടുണ്ട്.

WATCH THIS VIDEO: