മധു കൊലക്കേസ്: 13 പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ്
Kerala News
മധു കൊലക്കേസ്: 13 പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th April 2023, 11:15 am

പാലക്കാട്: അട്ടപ്പാടിയില്‍, ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി. ഒന്നാം പ്രതി ഹുസൈന്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് ഏഴ് വര്‍ഷം കഠിന തടവാണ് കോടതി വിധിച്ചത്. പതിമൂന്നുപേര്‍ക്കും ഒരു ലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചിട്ടുണ്ട്. പതിനാറാം പ്രതി മുനീറിന് മൂന്ന് മാസം തടവും 500 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

പ്രതികളെ തവനൂര്‍ ജയിലിലേക്ക് മാറ്റും. കൂറുമാറിയ സാക്ഷികള്‍ക്കെതിരെ നടപടിയെടുക്കാനും കോടതി നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടിക വര്‍ഗ കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസില്‍ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

ആകെ 16 പ്രതികളായിരുന്നു കേസില്‍ ഉണ്ടായിരുന്നത്. രണ്ട് പ്രതികളെ കോടതി വെറുതെ വിട്ടു. നാലാം പ്രതിയെയും 11ാം പ്രതിയെയുമാണ് കോടതി വെറുതെ വിട്ടത്.

കൊലപാതകം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്. വിധി കേള്‍ക്കാനായി മധുവിന്റെ അമ്മ മല്ലിയുള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ കോടതിയില്‍ സന്നിഹിതരായിരുന്നു.

ഒന്നാം പ്രതി ഹുസൈന്‍, രണ്ടാം പ്രതി മരക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിന്നാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീര്‍ എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുള്‍ കരീം എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചത്. 103 സാക്ഷികളായിരുന്നു കേസിലുണ്ടായിരുന്നത്. ഇതില്‍ മധുവിന്റെ ബന്ധുവടക്കം 24 പേര്‍ കൂറുമാറിയിരുന്നു.

അട്ടപ്പാടിയില്‍ 2018 ഫെബ്രുവരി 22നാണ് അരി മോഷ്ടിച്ചുവെന്നാരോപിച്ച് ആള്‍ക്കൂട്ടം മധുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. രണ്ട് തവണയാണ് കേസില്‍ പ്രോസിക്യൂട്ടര്‍മാരെ മാറ്റിയത്.

Content Highlights: Madhu murder case: First accused gets seven years rigorous imprisonment