Administrator
Administrator
എസ്- ബാന്‍ഡ് വിവാദത്തിന് പിന്നില്‍ അന്താരാഷ്ട്ര ലോബികള്‍: മാധവന്‍നായര്‍
Administrator
Friday 2nd March 2012 2:09pm

തിരുവനന്തപുരം: എസ്-ബാന്‍ഡ് വിവാദത്തിനു പിന്നില്‍ ബഹിരാകാശരംഗത്തെ ബിസിനസ് ലോബികളുടെ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി ഐ.എസ്.ആര്‍.ഒ മുന്‍ചെയര്‍മാന്‍ ജി. മാധവന്‍നായര്‍. ചാന്ദ്രയാന്‍ ദൗത്യം വിജയിച്ചതിനു പിന്നാലെ വിവാദമുണ്ടായതാണ് ഇത്തരമൊരു സംശയത്തിന് ഇടനല്‍കുന്നതെന്നും മാധവന്‍നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ദേവാസ്-ആന്‍ട്രിക്‌സ് കരാറിനെ കുറിച്ച് ആദ്യം അന്വേഷിച്ച ചതുര്‍വേദി കമ്മീഷന്‍ സ്‌പെക്ട്രം വിതരണത്തില്‍ ക്രമക്കേടോ ഫണ്ട് തിരിമറിയോ കണെ്ടത്തിയിരുന്നില്ല. പിന്നീട് അന്വേഷിച്ച പ്രത്യുഷ് സിന്‍ഹ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ദുരൂഹതയുണ്‌ടെന്നും മാധവന്‍ നായര്‍ പറഞ്ഞു.

പി.എസ്.എല്‍.വിയുടെ വിജയകരമായ പരീക്ഷണത്തിനു ശേഷമാണ് ചാരക്കേസ് ഉണ്ടായത്. വളരെ സുതാര്യമായി നടന്ന കരാറിന്റെ പുറത്ത് പുകമറ സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നത്. കരാറിനെക്കുറിച്ച് 2009ല്‍ നടന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ തിരിമറി നടത്തിയാണ് സ്‌പെയ്‌സ് കമ്മീഷന് കൈമാറിയത്. നിലവിലെ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. രാധാകൃഷ്ണനടക്കം രണ്ടുപേര്‍ മാത്രമേ കമ്മീഷന് നല്‍കുന്നതിന് മുമ്പ് റിപ്പോര്‍ട്ട് കാണാനിടയുള്ളൂ. റിപ്പോര്‍ട്ടില്‍ കൃത്രിമം നടന്നത് എങ്ങനെയാണെന്നും അത് നടത്തിയത് ആരാണെന്നും കണ്ടുപിടിക്കണമെന്നും മാധവന്‍ നായര്‍ ആവശ്യപ്പെട്ടു.

ഗ്രൗണ്ട് ഓപ്പറേറ്റര്‍മാരുടെ സമ്മര്‍ദ്ദവും സ്‌പെക്ട്രം വിലനിശ്ചയിച്ചതിലുള്ള അപാകതയുമാണ് എസ്. ബാന്റിനെക്കുറിച്ചുയര്‍ന്ന ആരോപണത്തിന് പിന്നില്‍. അസൂയാലുക്കളായ ചില വിദേശ ചാരന്മാരാണ് തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍. കഴിഞ്ഞ രണ്ടു വര്‍ഷമായി ഐ.എസ്.ആര്‍.ഒയുടെ പ്രവര്‍ത്തനം തൃപ്തികരമല്ല. പുതിയ പദ്ധതികളൊന്നും തുടങ്ങാന്‍ ഐ.എസ്.ആര്‍.ഒയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഐ.എസ്.ആര്‍.ഒ. വിക്ഷേപിക്കാനിരുന്ന രണ്ട് ഉപഗ്രഹങ്ങളിലെ 90 ശതമാനം ട്രാന്‍സ്‌പോണ്ടറുകള്‍ ദേവാസ് എന്ന സ്വകാര്യകമ്പനിക്ക് നല്‍കിയതാണ് വിവാദമായത്. ദേവാസ് മള്‍ട്ടിമീഡിയയും ഐ.എസ്.ആര്‍.ഒയുടെ വ്യാപാരവിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷനും 2005 ജനവരി 28നാണ് കരാര്‍ ഒപ്പുവെച്ചത്.

ഇതേക്കുറിച്ച് അന്വേഷിച്ച മുന്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ പ്രത്യുഷ് സിന്‍ഹയുടെ നേതൃത്വത്തിലുള്ള സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, മാധവന്‍നായര്‍ ഉള്‍പ്പെടെ നാല് ശാസ്ത്രജ്ഞന്മാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. 20 വര്‍ഷം ബഹിരാകാശ കമ്മീഷനില്‍ അംഗമായിരുന്ന റോഥം നരസിംഹ സര്‍ക്കാര്‍നടപടിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം രാജിവെച്ചിരുന്നു.

Malayalam news

Kerala news in English

Advertisement