എഡിറ്റര്‍
എഡിറ്റര്‍
നീതിയുടെ പുതിയ സൂര്യോദയമുണ്ടായിട്ടില്ല;താന്‍ ദുഖിതനുമല്ല:മഅദനി
എഡിറ്റര്‍
Sunday 10th March 2013 1:29pm


കൊല്ലം: കര്‍ണാടകയില്‍ നീതിയുടെ സൂര്യോദയമുണ്ടായത് കൊണ്ടല്ല തനിക്ക് ജാമ്യം ലഭിച്ചതെന്ന് അബ്ദുല്‍ നാസര്‍ മഅദനി. മകളുടെ വിവാഹത്തിനിടെ സുമയ്യ ഓഡിറ്റോറിയത്തില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇങ്ങിനെ അഭിപ്രായപ്പെട്ടത്.

ഇതേ കുറ്റമുള്ള രണ്ടുപേര്‍ക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചപ്പോള്‍ വേറെ വഴിയില്ലാത്തതു കൊണ്ടാണ് തനിക്ക് ജാമ്യം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

കാരാഗൃഹത്തിന്റെ ഇരുളിലും തനിക്ക് സാമാധാനവും ആവേശവും പകരുന്നത് കേരള ജനത തന്നോടൊപ്പമുണ്ടെന്ന കാര്യമാണ്.

കര്‍ണാടകയേക്കാള്‍ ആയിരം മടങ്ങ് ഭേദം തമിഴ്‌നാടായിരുന്നുവെന്നും മഅദനി പറഞ്ഞു. നീതിയുടെ കിരണം  കാണാന്‍ പോലുമാകാത്തത്ര അകലത്തിലാണെന്നും എന്നാല്‍ ഇതില്‍ തനിക്ക് നിരാശയോ ദുഖമോ ഇല്ലെന്നും വേദനയും പീഢനങ്ങളും അനുഭവിച്ചു കഴിയുന്ന നിരപരാധികള്‍ രാജ്യത്തൊട്ടാകെ ഉണ്ടെന്നും മഅദനി വിശദീകരിച്ചു.

യാതൊരു വിധ പ്രവര്‍ത്തനങ്ങളോ പ്രസംഗമോ നടത്താത്ത മലപ്പുറം ജില്ലയിലെ കടലോരമേഖലയിലെ ചെറ്റക്കുടിലിലെ സകരിയ എന്ന പിഞ്ചു കുട്ടി ഇത്തരത്തില്‍ കര്‍ണാടകയിലെ ജയിലില്‍ പീഡിപ്പിക്കപ്പെടുന്നത് വേദനാജനകമാണെന്നും ഇതുമായി തന്നെ തട്ടിച്ചു നോക്കുമ്പോള്‍ തന്റെ സ്ഥിതി ആശ്വസപരമാണെന്നും മഅദനി പറഞ്ഞു.

വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നതായും ഇടതു കണ്ണിന്റെ കാഴ്ചയും കുറഞ്ഞുവരികയാണെന്നും , തന്റെ മോചനത്തിനായി കഷ്ടപ്പെടുന്ന എല്ലാവരോടും തികഞ്ഞ നന്ദിയുണ്ടെന്നും മഅദനി പറഞ്ഞു.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, കെ.പി.സി.സി സെക്രട്ടറി ഷാനവാസ്, തോമസ് ഐസക്, സി. ദിവാകരന്‍, തുടങ്ങി സി.പി.ഐ.എം, യു.ഡി.എഫ് നേതാക്കള്‍ തുടങ്ങി മതസമൂഹിക സാംസ്‌കാരിക സംഘടനകളിലെ നിരവധി പേര്‍ മഅദനിക്കൊപ്പം വേദി പങ്കിട്ടു.

തന്റെ മകള്‍ ഷെമീറയെ വീണ്ടും കാണാനായതില്‍ താന്‍ വളരെ സന്തോഷവാനാണെന്നും താന്‍ എത്തിയില്ലെങ്കില്‍ നിക്കാഹ് നടത്തില്ലെന്നുമാണ് മകള്‍ തന്നെ അറിയിച്ചിരുന്നതെന്നും മഅദനി പറഞ്ഞു.

അസീസിയ മെഡിക്കല്‍ കോളജില്‍ നിന്നും ഉച്ച പന്ത്രണ്ട് മണിയോടെയാണ് അദ്ദേഹം കൊട്ടിയത്തെ സുമയ്യ ഓഡിറ്റോറിയത്തിലെത്തിയത്.

രണ്ടു വര്‍ഷത്തിന് ശേഷം ആദ്യമായാണ് മഅദനി കേരളത്തിലെത്തിയത്. നാളെ അന്‍വാറുശ്ശേരിയില്‍ അസുഖബാധിതരായി കഴിയുന്ന മാതാവിനെയും പിതാവിനെയും കണ്ടശേഷം ബുധനാഴ്ച കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലിലേക്ക് മടങ്ങും.

അഞ്ചുദിവസത്തെ ജാമ്യം ലഭിച്ച  മഅദനിയ്ക്ക്  സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ കര്‍ണാടക സര്‍ക്കാര്‍വീഴ്ച വരുത്തിയതു കാരണം വരവ് വൈകുകയായിരുന്നു. പി.ഡി.പി പ്രവര്‍ത്തകരുള്‍പ്പെടെയുള്ള കേരള ജനത പ്രതീക്ഷയോടെയാണ് മഅദനിയെ കാത്തിരുന്നത്.

ശനിയാഴ്ച രാത്രിയായിരുന്നു അദ്ദേഹം തിരുവനന്തപുരം വിമാനതാവളത്തിലെത്തിയത്. ഇവിടെ നിന്നും ചികിത്സയ്ക്കായാണ് കൊല്ലത്തെ അസീസിയ ആശുപത്രിയിലെത്തിച്ചിരുന്നത്.

Advertisement