എഡിറ്റര്‍
എഡിറ്റര്‍
സുപ്രീം കോടതി നീതിയുടെയും മനുഷ്യത്വത്തിന്റെയും പക്ഷത്തുനിലകൊണ്ടു; ഇത് തന്നെപ്പോലുള്ള നിസഹായരായ വിചാരണ തടവുകാരുടെ പ്രതീക്ഷ: അബ്ദുല്‍ നാസര്‍ മഅ്ദനി
എഡിറ്റര്‍
Monday 7th August 2017 8:30am

കൊച്ചി: നീതിയുടെയും മനുഷ്യത്വത്തിന്റെയും വലിയ വിളക്കായി സുപ്രീം കോടതി നടത്തിയ ഇടപെടലുകള്‍ കാരണമാണ് തനിക്കു കേരളത്തിലേക്കു വരാന്‍ കഴിഞ്ഞതെന്നും ഇത് ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണെന്നും പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅ്ദനി. സുപ്രീം കോടതി അനുമതിയോടെ കേരളത്തിലെത്തിയ മഅ്ദനി നെടുമ്പാശേരി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.

കേരളത്തിലെത്താന്‍ ഇടപെട്ട രാഷ്ട്രീയ നേതാക്കള്‍, സംസ്ഥാന സര്‍ക്കാര്‍, അഭിഭാഷകര്‍ തുടങ്ങി എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:

‘ഞാനിപ്പോള്‍ ജയിലിലല്ല. മൂന്നുവര്‍ഷമായി സ്വതന്ത്രമായ ജാമ്യത്തിലാണു ബംഗളുരുവില്‍ ചികിത്സയില്‍ കഴിയുന്നത്. ചികിത്സയ്ക്കുവേണ്ടിയുള്ള ജാമ്യമല്ലിത്. ഇക്കാര്യങ്ങള്‍ എനിക്കുവേണ്ടി ശബ്ദിക്കുന്നവരില്‍പോലും പലര്‍ക്കും അറിയില്ല. ബംഗളുരു നഗരം വിട്ടുപോകരുതെന്ന നിബന്ധന മാത്രമേ ഇപ്പോഴുള്ളൂ. ഈ നിബന്ധനയില്‍ ഇളവു ലഭിക്കുന്നതിനു സമീപിച്ചപ്പോഴാണ് ക്രൂരമായ ഇടപെടലുകള്‍ ഉണ്ടായത്.

‘ഇവിടെ എന്നോടു ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരും ജനങ്ങളുമെല്ലാം ഇടപെടുമ്പോള്‍ സത്യത്തില്‍ അത് അബ്ദുല്‍നാസര്‍ മഅ്ദനിക്കുവേണ്ടിയുള്ള ഒരു സപ്പോട്ടല്ല. മറിച്ച് നീതിയോടുള്ള പ്രതിബന്ധതയാണ്. മനുഷ്യാവകാശത്തോടുള്ള പ്രതിബന്ധതയാണ്. കേരളത്തിലെ മുഴുവന്‍ മാധ്യമങ്ങളും വളരെ ഗൗരവമായി തന്നെയെടുത്തു. അതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടത്തി. വളരെ ആശ്വാസകരമായൊരു കാര്യമായിരുന്നു.

‘ഞാന്‍ സത്യത്തില്‍ അത്രയും പൈസകൊടുത്ത് കേരളത്തിലേക്കു വരുന്നില്ല എന്നു പറഞ്ഞത് എനിക്കൊരുപക്ഷേ, പി.ഡി.പിയുടെ പോഷകസംഘടനകളായ പ്രവാസി സംഘടനകളും പി.സി.എഫുമൊക്കെ പറഞ്ഞിരുന്നു, ഞങ്ങളേതുവിധേനയും കാശുണ്ടാക്കിതരാം, ഉസ്താദ് പോണം എന്നൊക്കെ പറഞ്ഞ് പലരും അറിയിച്ചു. പലരുടെയും സഹായംകൊണ്ട് എനിക്ക് ഒരുപക്ഷേ അതിനു കഴിയും. പക്ഷേ രാജ്യത്തെ നിരവധി ജയിലുകളില്‍ കിടക്കുന്ന നിസഹായരായ ഒരുപാട് വിചാരണത്തടവുകാരും, പത്തുകൊല്ലവും പതിനഞ്ചുകൊല്ലവുമൊക്കെയായിട്ട് കിടക്കുന്ന വിചാരത്തടവുകാര്‍, ആ വിചാരണ തടവുകാര്‍ക്കുമൊത്തം ബാധിക്കുന്ന ഒരു മോശമായി കീഴ്‌വഴക്കമായി അതുമാറും എന്നുള്ളതിനാലാണ് ഞാന്‍ പ്രധാനമായും അതിനു തയ്യാറാവാതിരുന്നത്. വരുന്നില്ല എന്നു ഞാന്‍ തീരുമാനിച്ചത്. ‘


Also Read: ‘കുറ്റം നോട്ട് ഫോട്ടോസ്റ്റാറ്റ് എടുത്തു എന്നതുമാത്രമാക്കി’ ബി.ജെ.പി നേതാക്കള്‍ പ്രതിയായ കള്ളനോട്ട് കേസ് അന്വേഷണം അവസാനിപ്പിക്കുന്നു


‘എന്തായാലും സുപ്രീം കോടതി അത് അതീവഗൗരവമായി എടുത്തു. അതായത് നീതിയുടെയും മനുഷ്യത്വത്തിന്റെയുമൊക്കെ പ്രകാശം പ്രതീക്ഷിക്കുന്ന പലകേന്ദ്രങ്ങളിലും കരിന്തിരി കത്തുമ്പോള്‍ സുപ്രീം കോടതി മനുഷ്യത്വത്തിന്റെയും നീതിയുടെയുമൊക്കെ ഒരു വലിയ വിളക്കുമായി സുപ്രീം കോടതിയില്‍ നിന്നും നല്ലൊരു ഇടപെടലുണ്ടായി. അതെന്തായാലും വളരെ ആശ്വാസകരമായ ഒരു കാര്യമാണ്. അതുകൊണ്ടാണ് എനിക്ക് ഇന്ന് കേരളത്തില്‍ എത്താന്‍ കഴിയുന്ന സാഹചര്യമുണ്ടായത്. ‘

ഒരുപാടാളുടെ പിന്തുണ ഈ വിഷയത്തില്‍ കിട്ടിയിട്ടുണ്ട്. ആ പിന്തുണയ്‌ക്കെല്ലാം ഞാനീ സന്ദര്‍ഭത്തില്‍ നന്ദി രേഖപ്പെടുത്തുകയാണ്.

എന്റെ പ്രിയപ്പെട്ട മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രാര്‍ത്ഥന തീര്‍ച്ചയായിട്ടും ഒരുപാടാളുകളുടെ പ്രാര്‍ത്ഥന കിട്ടിയിട്ടുണ്ട്. ആ പ്രാര്‍ത്ഥനയുടെ ഫലമായിട്ടാണ് എനിക്ക് എത്താന്‍ കഴിഞ്ഞത്.

ഞാന്‍ ആരാണ് എന്താണ് എന്നൊക്കെ തീരുമാനിക്കേണ്ടത് എന്റെ നാട്ടുകാരാണ്. എന്നെ കള്ളക്കേസില്‍ കുടുക്കി കൊണ്ടിട്ടിരിക്കുന്നവരും അവിടുത്തെ ഭരണകൂടങ്ങളുമൊന്നുമല്ല തീരുമാനിക്കുന്നത്. എന്റെ നാടാണ്. ആ നാടിന്റെ പിന്തുണയെനിക്ക് ശക്തമായിട്ടുണ്ട്. അതിലെനിക്ക് വളരെയധികം സന്തോഷമുണ്ട്. അഭിമാനമുണ്ട്. ‘

ബംഗളുരുവില്‍ നിന്നും എയര്‍ ഏഷ്യ വിമാനത്തില്‍ 3.30 ഓടെയാണ് മഅ്ദനി നെടുമ്പാശേരിയിലെത്തിയത്. മുദ്രാവാക്യം വിളിയോടെയാണ് അനുയായികള്‍ അദ്ദേഹത്തെ സ്വീകരിച്ചത്.

നെടുമ്പാശേരിയില്‍ നിന്നും റോഡു വഴി അദ്ദേഹം കൊല്ലത്തെ അന്‍വാശേരിയിലേക്കു പുറപ്പെട്ടു. രണ്ടു ഡി.സി.പിമാരും ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുമടക്കം 19 പൊലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

Advertisement