'അവരുടെ കണക്കുട്ടല്‍ വലിയ യുദ്ധതന്ത്രം തന്നെയായിരുന്നു'; കേരളത്തിലെ സ്ത്രീകള്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണം: മാലാ പാര്‍വ്വതി
Sabarimala women entry
'അവരുടെ കണക്കുട്ടല്‍ വലിയ യുദ്ധതന്ത്രം തന്നെയായിരുന്നു'; കേരളത്തിലെ സ്ത്രീകള്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണം: മാലാ പാര്‍വ്വതി
ന്യൂസ് ഡെസ്‌ക്
Friday, 19th October 2018, 11:36 pm

കോഴിക്കോട്: ശബരിമല വിവാദത്തില്‍ കേരളത്തിലെ സ്ത്രീകള്‍ ഇപ്പോള്‍ സര്‍ക്കാരിനൊപ്പമാണ് നില്‍ക്കേണ്ടതെന്ന് ചലചിത്ര നടി മാലാ പാര്‍വ്വതി. യുദ്ധതന്ത്രം സൃഷ്ടിടിച്ച് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ജനം തിരിച്ചറിയണമെന്ന് മാല ഫേസ്ബുക്കില്‍ കുറിച്ചു.

“രഹ്നാ ഫാത്തിമമാര്‍ ആരുടെ സംരക്ഷണയില്‍ ആണ് പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷിക്കണം. ഫേസ്ബുക്കില്‍ പോസ്റ്റിടാന്‍ മല കയറുന്നവര്‍ നാടിനെ രണ്ട് തട്ടില്‍ ആക്കിയവരാണ്. അതുകൊണ്ട് തന്നെ കലാപമുണ്ടാക്കാന്‍ അവസരം നല്‍കാതെ സ്വാര്‍ത്ഥത വെടിഞ്ഞ് ഒറ്റക്കെട്ടായി നിലവിലെ പ്രശ്നത്തെ നേരിടാം” മാലാ പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചു.

ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ ദേശീയമാധ്യമങ്ങള്‍ ആദ്യം മുതല്‍ കാണിക്കുന്ന അമിത പ്രാധാന്യം കേരളം സംശയിക്കേണ്ടിയിരുന്നു. ബി.ജെ.പിയുടെ തന്ത്രങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമമാണിതെന്നും കേരള മന്ത്രിസഭയെ പ്രതിസന്ധിയിലാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും മാലാ പാര്‍വ്വതി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പുരോഗമനപരമായി വ്യാഖ്യാനിക്കാവുന്ന വിധിയെ തള്ളണോ കൊള്ളണോ എന്നറിയാതെ പിണറായി സഖാവിന്റെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ചക്രശ്വാസം വലിക്കുമെന്ന അവരുടെ കണക്കുട്ടല്‍ വലിയ യുദ്ധതന്ത്രം തന്നെയായിരുന്നുവെന്നും മാല ഫേസ്ബുക്കില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സത്യത്തില്‍ തിരിഞ്ഞാലോചിക്കുമ്പോള്‍ ദേശീയ മാദ്ധ്യമങ്ങളില്‍ ചിലത് ഈ കേസിന്റെ എല്ലാ സ്റ്റേജസിലും കാണിച്ച ആവേശവും ശ്രദ്ധയും തന്നെ സുചനകളായിരുന്നു. കുറേ നാള്‍ മുമ്പ് ഹിന്ദുക്കള്‍ വഴി നടന്നാല്‍ കൊന്ന് കളയും എന്ന വാര്‍ത്തയുമായി അന്വേഷണത്തിനെത്തിയ ചേട്ടന്മാരെ സ്മരിക്കേണ്ടതായിരുന്നു. .
എന്തിനോ വേണ്ടി തിളയ്ച്ച് മറിഞ്ഞ ആര്‍.എസ്.എസ് ഉം ബി.ജെ.പിയും വിധിയെ പരസ്യമായി അനുകൂലിച്ചും പ്രതികൂലിച്ചും മനുഷ്യരെ രണ്ട് തട്ടിലാക്കി. ലക്ഷ്യത്തോടടുക്കുന്നത് നമുക്ക് നേരത്തെ തന്നെ തടയാമായിരുന്നു.

പുരോഗമനപരമായി വ്യാഖ്യാനിക്കാവുന്ന വിധിയെ തള്ളണോ കൊള്ളണോ എന്നറിയാതെ പിണറായി സഖാവിന്റെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ചക്രശ്വാസം വലിക്കുമെന്ന അവരുടെ കണക്കുട്ടല്‍ വലിയ യുദ്ധതന്ത്രം തന്നെയായിരുന്നു..

കേരളത്തിലെ സ്ത്രീകള്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണം. സര്‍ക്കാരിനെ സപ്പോര്‍ട്ട് ചെയ്യേണ്ട സമയമായി ഇതിനെ കാണണം. പോലീസിന്റെ നിലപാടിനെ അഭിനന്ദിക്കാതെ വയ്യ. രഹന ഫാത്തിമ്മമാര്‍മാരുടെ അതിവിപ്ലവവും ഷോയും ആര് പറഞ്ഞിട്ടാണ് എന്നും തെളിയേണ്ടതുമുണ്ട്.

ഫേസ്ബുക്കില്‍ പോസ്റ്റിടാനായി മല കയറിയവര്‍ നാടിനെ രണ്ട് തട്ടിലാക്കിയവരാണ്. ഇപ്പോള്‍ സംഭവിച്ചത് തിരുത്തണം. അതീവ ജാഗ്രത വേണം. അതുപോലെ സോഷ്യല്‍ മീഡിയയുടെ ശക്തി വെളിവാക്കാന്‍ പറ്റുന്ന ഒരു പ്രതിസന്ധി തന്നെയാണ് ഇത്.

കേരളം ഒറ്റക്കെട്ടായി നില്ക്കും. ഈ അടവിനെയും പൊളിച്ച് കൈയ്യില്‍ കൊടുക്കും. സംശയമില്ല. കലാപം ഈ മണ്ണില്‍ ഉണ്ടാവരുത്. കൈ കോര്‍ത്ത് പിടിച്ച് പ്രളയം അതിജീവിച്ചവരാണ് നമ്മള്‍. ഇതും സാധിക്കും. സ്വാര്‍ത്ഥത വെടിഞ്ഞ് ഒന്നാകാം.