പുതിയ വിസാ നിയമങ്ങള്‍ പ്രവാസികള്‍ക്ക്  അനുകൂലമായ സാഹചര്യമുണ്ടാക്കുമെന്ന് എം.എ യുസഫലി
UAE
പുതിയ വിസാ നിയമങ്ങള്‍ പ്രവാസികള്‍ക്ക് അനുകൂലമായ സാഹചര്യമുണ്ടാക്കുമെന്ന് എം.എ യുസഫലി
ന്യൂസ് ഡെസ്‌ക്
Wednesday, 23rd May 2018, 11:35 pm

ദുബൈ: യു.എ.ഇയിലെ വിസാനിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിനും നിക്ഷേപകരായ വിദേശികള്‍ക്ക് നൂറ് ശതമാനം ഉടമസ്ഥാവകാശം നല്‍കുന്നതിനുമുളള തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് എം.ഡിയുമായ എം.എ യുസഫലി. കോര്‍പറേറ്റ് നിക്ഷേപം, ജോലി സാധ്യത, സുരക്ഷ എന്നിവ വര്‍ദ്ധിപ്പിക്കാന്‍ പുതിയ നിയമങ്ങള്‍ വഴിയൊരുക്കുമെന്നും പ്രവാസികള്‍ക്ക്  അനുകൂലമായ സാഹചര്യമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിസാ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിലൂടെ വന്‍ തൊഴില്‍ സാധ്യകളാണ് മേഖലയില്‍ സൃഷ്ടിക്കപ്പെടുകയെന്നും പ്രവാസികള്‍ക്ക് ഇത് ഏറെ നേട്ടങ്ങളുണ്ടാക്കമെന്നും യൂസഫലി പറഞ്ഞു. ദുബൈയിലെ ലുലു ഗ്രൂപ്പ് റീജിയണില്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികള്‍ക്ക് വേണ്ടി ഇതിനു മുന്‍പും ഒരുപാട് ഉദാരമായ നിയമങ്ങള്‍ യു.എ.ഇ ഭരണനേതൃത്വം കൊണ്ടുവന്നിട്ടുണ്ടെങ്കിലും വലിയ മാറ്റങ്ങളിലേക്കുളള ചുവടുവെപ്പായാണ് പുതിയ നീക്കത്തെ കാണുന്നതെന്നും എം.എ യുസഫലി പറഞ്ഞു. നൂറ് ശതമാനം ഓണര്‍ഷിപ്പോടെ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാനാണ് വഴിയൊരുങ്ങിയിരിക്കുന്നത്. പത്ത് വര്‍ഷത്തെ വിസാ നിക്ഷേപകനും, ഒപ്പം കുടുംബാംഗങ്ങള്‍ക്കും ലഭ്യമാവുമെന്നതും വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കും. ഇതിലൂടെ കുട്ടികളുടെ പഠനം ഇവിടെ നിന്നും തന്നെ പൂര്‍ത്തിയാക്കാനും അവസരമൊരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കളുടെ വലിയ നിര തന്നെ സ്വകാര്യമേഖലയിലും സര്‍ക്കാര്‍ ജോലികളിലും സജീവമായിട്ടുണ്ട്. ഇവിടെ മന്ത്രി പദങ്ങളില്‍ വരെ സ്ത്രീകള്‍ക്ക് വലിയ പ്രാതിനിധ്യം നല്‍കുന്നുണ്ട്. ലുലു ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം നിലവില്‍ തന്നെ മേഖലയില്‍ വലിയ നിക്ഷേപമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പുതിയ നിയമങ്ങള്‍ നിക്ഷപം വര്‍ദ്ധിപ്പിക്കാന്‍ ഗ്രൂപ്പിനെയും പ്രേരിപ്പിക്കുന്നതാണ്. ഹൈപ്പര്‍മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളുമായി 145 ഔട്ട്ലെറ്റുകള്‍ ഇന്ന് ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ റമദാനില്‍ ഇത് 135 ആയിരുന്നു. ഒരു വര്‍ഷത്തിനുളളില്‍ പത്ത് സ്ഥാപനങ്ങളാണുണ്ടായത്. വളര്‍ച്ച കൂടുതല്‍ വേഗത്തിലാക്കാനും മേഖലയുടെ പുരോഗതിക്കൊപ്പം സഞ്ചരിക്കാനുമാണ് ലുലു ഗ്രൂപ്പിന്റെ ഇനിയുളള ലക്ഷ്യമെന്നും യുസഫലി പറഞ്ഞു. അബുദാബി ആസ്ഥാനമായുളള അഡ്  നോകുമായുളള ഇന്ധനകൈമാറ്റ കരാര്‍ പ്രായോഗികമായത് ഇന്ത്യാ യു.എ.ഇ ബന്ധത്തിലെ വലിയ നേട്ടമായാണ് കാണുന്നത്. അദ്ദേഹം പറഞ്ഞു.

പിണിറായി വിജയന്‍ സര്‍ക്കാര്‍ രണ്ട് വര്‍ഷം കൊണ്ട് നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാന്‍ പല കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും നോക്കുകൂലി അടക്കമുളള കാര്യങ്ങളിലെ മാറ്റങ്ങള്‍ ഇതിനുദാഹരണമാണെന്നും യുസഫലി പറഞ്ഞു. കൊച്ചിയില്‍ ഈയിടെ ആരംഭിച്ച ലുലു കണ്‍വെന്‍ഷന്‍ സെന്ററിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും യുസഫലി വ്യക്തമാക്കി.

വരാനിരിക്കുന്ന കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ ഡയറക്ടര്‍ എന്ന നിലയില്‍ വിമാനത്താവളത്തില്‍ നിക്ഷേപം നടത്താന്‍ എല്ലാ പ്രവാസികളോടും എം.എ യുസഫലി അഭ്യര്‍ത്ഥിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വരുമ്പോള്‍ പ്രവാസികളോടല്ലാം അന്ന് ആവശ്യപ്പെട്ടെങ്കിലും പലരും പിന്തിരിഞ്ഞുനിന്നിരുന്നു. ഇന്ന് അതില്‍ നിക്ഷേപം നടത്തിയവര്‍ക്ക് വലിയ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളം രാജ്യത്തെ തന്നെ ഏറ്റവും മികച്ച എയര്‍പോര്‍ട്ടുകളിലൊന്നാവുമെന്നുറപ്പാണ്. ആത്യാധുനികമായ പല സംവിധാനങ്ങളും ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. കണ്ണൂര്‍ വ്യോമയാനമേഖലയിലെ പ്രധാന ഹബ്ബായി മാറുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും പുതിയ ഔട്ട്ലെറ്റുകള്‍ വൈകാതെ ആരംഭിക്കുമെന്ന് യുസഫലി പറഞ്ഞു. ലഖ്നൗ, വിശാഖപട്ടണം, ബാംഗ്ലൂര്‍, ചെന്നൈ. ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ വരും വര്‍ഷങ്ങളില്‍ ലുലു ഔട്ട്ലെറ്റുകളാരംഭിക്കുമെന്നും എം.എ യുസഫലി കൂട്ടിച്ചേര്‍ത്തു.