കണക്കുകള്‍ ആര്‍.എസ്.എസിന് എന്നും തലവേദന; രാജ്യത്ത് സെന്‍സസ് ഇതുവരെയും ആരംഭിക്കാത്തത് ചെറുതായി കാണാനാകില്ലെന്ന് എം.എ. ബേബി
Kerala News
കണക്കുകള്‍ ആര്‍.എസ്.എസിന് എന്നും തലവേദന; രാജ്യത്ത് സെന്‍സസ് ഇതുവരെയും ആരംഭിക്കാത്തത് ചെറുതായി കാണാനാകില്ലെന്ന് എം.എ. ബേബി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th October 2022, 11:35 pm

തിരുവനന്തപുരം: രാജ്യത്ത് സെന്‍സസ് നടത്താതിരിക്കുന്നത് ദേശദ്രോഹമാണെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. 2021ല്‍ നടക്കേണ്ട ഭാരത സെന്‍സസ് ഇതുവരെയും ആരംഭിച്ചിട്ടില്ല, അതിനുള്ള ഒരു തയ്യാറെടുപ്പും ഇപ്പോഴും നടക്കുന്നില്ല എന്നത് ചെറുതായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

1872 മുതല്‍ മുടക്കമില്ലാതെ പത്തുകൊല്ലത്തിലൊരിക്കല്‍ നടന്നു വരുന്നതാണ് ഇന്ത്യന്‍ സെന്‍സസ്. ലോകമഹായുദ്ധങ്ങളും മഹാക്ഷാമങ്ങളും പ്രകൃതിക്ഷോഭങ്ങളും ഇന്ത്യാ വിഭജനവും ഇന്ത്യ-പാകിസ്ഥാന്‍, ഇന്ത്യാ- ചൈന യുദ്ധങ്ങളും ഈ കാനേഷുമാരിക്ക് കഴിഞ്ഞ 150 വര്‍ഷത്തില്‍ തടസമായിട്ടില്ലെന്ന് എം.എ. ബേബി പറഞ്ഞു.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വലിയൊരു സ്ഥാപനത്തെക്കൂടെ ഇല്ലാതാക്കാനുള്ള അര്‍ധഫാസിസ്റ്റുകളുടെ ശ്രമത്തിന്റെ ഭാഗമാണത്. ജനാധിപത്യവിരുദ്ധരായ ബി.ജെ.പി സര്‍ക്കാര്‍ സെന്‍സസ് നടത്താതിരിക്കുന്നത് മനപൂര്‍വമാണ്. സെന്‍സസ് നടത്തും എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാതിരിക്കുന്നതിനാല്‍ അത് നടത്താന്‍ സര്‍ക്കാരിന് പദ്ധതി ഇല്ല എന്നു തന്നെ വേണം കരുതാനെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് എന്ന കാരണം പറഞ്ഞാണ് സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ മാറ്റിവച്ചത്. കൊവിഡിന്റെ വന്‍ഭീഷണി കഴിഞ്ഞിട്ട് തെരഞ്ഞെടുപ്പുകള്‍ നടന്നു, വലിയ ആള്‍ക്കൂട്ടങ്ങളും പണച്ചെലവും ഉള്ള ആഘോഷങ്ങളും ആചാരങ്ങളും എല്ലാം നടന്നു. എന്നാല്‍, സെന്‍സസിനെ ഒഴിവാക്കാവുന്ന ഒരു പ്രവര്‍ത്തനമായി യൂണിയന്‍ സര്‍ക്കാര്‍ കരുതുന്നു. കഴിഞ്ഞ ഒന്നര നൂറ്റാണ്ടിനിടയില്‍ പലപ്പോഴും വലിയ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് സെന്‍സസ് നടത്തിയിട്ടുള്ളത്. ഇന്ത്യയിലെ പല സ്ഥലങ്ങളിലും പണ്ടുകാലത്ത് എത്തിപ്പെടുക തന്നെ ദുഷ്‌കരമായിരുന്നു. അതിനെയൊക്കെ നമ്മള്‍ മറികടന്നു. പക്ഷേ, അര്‍ധ ഫാസിസ്റ്റ് സര്‍ക്കാറിനെ അതിജീവിക്കാന്‍ നമുക്കാവുന്നില്ലെന്നും എം.എ. ബേബി പറഞ്ഞു

കണക്കുകള്‍ ആര്‍.എസ്.എസിന് എന്നും തലവേദനയാണ്. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് കഴിഞ്ഞ ദിവസം നടത്തിയ പ്രഭാഷണത്തില്‍ പറയാന്‍ ശ്രമിച്ചപോലെ, ഇന്ത്യയിലെ ജനസംഖ്യ വര്‍ധനവിനെക്കുറിച്ചു തെറ്റിദ്ധാരണ പരത്തുന്നതിലൂടെയാണ് അവരുടെ ആശയാടിത്തറ നിലനിറുത്തുന്നത്. ഇന്ത്യയിലെ മുസ്‌ലിങ്ങളില്‍ വലിയ ജനപ്പെരുപ്പം ഉണ്ടാകുന്നുവെന്നും അത് ഇന്ത്യയില്‍ ജനസംഖ്യാവിസ്‌ഫോടനം ഉണ്ടാക്കുന്നുവെന്നും ഉള്ള സംഘപരിപവാര്‍ വാദത്തെ പൊളിച്ചടുക്കുന്നത് സെന്‍സസ് നല്‍കുന്ന മുസ്‌ലിങ്ങളിലെ പ്രത്യുല്‍പാദനത്തിലുണ്ടാവുന്ന കുറവിനെക്കുറിച്ചുള്ള കണക്കുകളാണ്. ഇന്ത്യയിലെ പൗരത്വത്തെക്കുറിച്ചുള്ള തര്‍ക്കം ഉണ്ടാക്കി വര്‍ഗീയവിഭജനം നടത്തുന്നതിനും ഈ കണക്കുകള്‍ സഹായകരമല്ല. ദേശീയപൗരത്വ രജിസ്റ്റര്‍ എന്ന തര്‍ക്കവസ്തു ഉണ്ടാക്കുന്നതിനാണ് ആര്‍.എസ്.എസിന് താല്‍പര്യമെന്നും ബേബി പറഞ്ഞു.

സെന്‍സസിനൊപ്പം എന്‍.പി.ആറിനുള്ള ചോദ്യങ്ങളും ഉള്‍പ്പെടുത്താനുള്ള ശ്രമത്തെ സംസ്ഥാനസര്‍ക്കാരുകള്‍ എതിര്‍ത്തിരുന്നു. ഇന്ത്യയിലെ ജാതി തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുന്ന സെന്‍സസ് വേണമെന്ന വാദത്തെയും ആര്‍.എസ്.എസ് എതിര്‍ക്കുന്നു. 1931നു ശേഷം ജാതിതിരിച്ചുള്ള സെന്‍സസ് നടത്തിയിട്ടില്ല. പിന്നോക്ക ജാതിക്കാരെത്ര, മുന്നോക്ക ജാതിക്കാരെത്ര എന്ന കണക്ക് ഇപ്പോഴും 1931ലെ സെന്‍സസ് അടിസ്ഥാനത്തിലാണ്. വിപുലമായ പിന്നോക്ക ജാതി സംവരണവും മറ്റും നടപ്പാക്കിയിരിക്കുന്ന ഇന്ത്യയില്‍ 1931ലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കുന്നത് അപര്യാപ്തമാണ്.
ഇന്ത്യ ഒരു സുവര്‍ണകാലത്തിലൂടെ കടന്നുപോകുന്നു എന്ന അവരുടെ കള്ളപ്രചാരണത്തിനും സെന്‍സസ് സഹായകരമാവില്ല. അതുകൊണ്ടാണ് കഴിഞ്ഞ നൂറ്റമ്പതു വര്‍ഷത്തിലാദ്യമായി സെന്‍സസ് വേണ്ട എന്ന് ഭാരതസര്‍ക്കാര്‍ തീരുമാനിക്കുന്നത്.

സെന്‍സസ് വെറുമൊരു തലയെണ്ണല്‍ അല്ല. ഇന്ത്യയെമ്പാടുമുള്ള ഓരോ വീട്ടിലും ചെന്ന് ആളുകളുടെ കണക്ക് എടുക്കുന്നത് തന്നെ ജനങ്ങളെ യോജിപ്പിക്കുന്ന ഒരു പ്രവര്‍ത്തനവുമാണ്. നമ്മള്‍ ഒന്നാണെന്നും ജാതി-മത വ്യത്യാസമില്ലാതെ എല്ലാവരും ഈ മഹാജനസാഗരത്തിലെ ഓരോ കണ്ണികള്‍ ആണെന്നും ഉള്ള ബോധം ഉളവാക്കുന്ന ഒരു പ്രവര്‍ത്തനം. ലക്ഷക്കണക്കിന് മനുഷ്യര്‍ മറ്റു വീടുകളില്‍ പോയി അവരുടെ ജീവിതം കാണുന്ന സാമൂഹ്യപ്രവര്‍ത്തനം. ഈ ഒരുമയോട് ആര്‍.എസ.എസിന് പണ്ടേ ചതുര്‍ത്ഥിയാണ്.
സെന്‍സസ് നമ്മുടെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക അവസ്ഥയെക്കുറിച്ചുള്ള ഒരു പ്രസ്താവന കൂടെ ആണ്. ഇന്ത്യയിലെ ജനങ്ങളുടെ തൊഴില്‍, വീട്, സാമ്പത്തിക നില, സാക്ഷരത, മതം, ഭാഷ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രമല്ല, ഇവിടെയുള്ള കക്കൂസിന്റെയും കാലിത്തൊഴുത്തിന്റെയും എണ്ണം പോലുള്ള അടിസ്ഥാന വിവരങ്ങള്‍ ഒക്കെ സെന്‍സസ് തരുന്നു.

സാമ്പത്തികനില സംബന്ധിച്ച കണക്കുകളോടും ആര്‍.എസ.എസിന് ഭയമാണ്. തൊഴിലില്ലായ്മ സര്‍വേ തന്നെ നിറുത്തലാക്കിയ സര്‍ക്കാര്‍ ആണിത്. ഇന്ത്യയുടെ ധനസ്ഥിതി തുടങ്ങിയ എല്ലാ സ്ഥിതിവിവരക്കണക്കുകളിലും കൃത്രിമം കാട്ടി വിശ്വാസ്യത നശിപ്പിച്ച സര്‍ക്കാരാണ് നരേന്ദ്ര മോദിയുടേത്. കോവിഡ് കണക്കുകളില്‍ ബി.ജെ.പി ഭരിക്കുന്ന സര്‍ക്കാരുകള്‍ എത്ര കൃത്രിമം കാണിച്ചു എന്നത് ലോകം കണ്ടതാണ്. അത്തരത്തിലുള്ള കൃത്രിമം സെന്‍സസില്‍ എളുപ്പമല്ല എന്നതിനാലാണ് ഈ സര്‍ക്കാര്‍ സെന്‍സസിനോട് ഉപേക്ഷ കാണിക്കുന്നത്.

1850- 60 കാലത്ത് യു.എസിലെ അടിമത്തവിരുദ്ധ പ്രസ്ഥാനം അക്കാലത്ത് അടിമകളുടെ എണ്ണം കൂടുകയാണ്, അല്ലാതെ അടിമക്കച്ചവടത്തെ ന്യായീകരിക്കുന്നവര്‍ വാദിച്ച പോലെ ക്രമേണ കുറഞ്ഞ് വരികയല്ല എന്ന് സ്ഥാപിക്കാന്‍ സെന്‍സസ് കണക്കുകള്‍ ഉപയോഗിച്ചു. ഇത്തരത്തില്‍ ഇന്ത്യയിലെ ജനസംഖ്യയിലെ മതവിഭാഗങ്ങളുടെ എണ്ണത്തെക്കുറിച്ച് ആര്‍.എസ.എസ് നടത്തുന്ന കള്ളപ്രചാരണം പൊളിയും.

സമാധാനപൂര്‍വമുള്ള ജീവിതം നടക്കുന്ന രാജ്യങ്ങളിലെല്ലാം സെന്‍സസ് നടക്കുന്നു. ആദ്യന്തരയുദ്ധവും സ്വേച്ഛാധിപത്യവും പട്ടാളഭരണവും ഉള്ള രാജ്യങ്ങളിലാണ് അത് നടത്താനാവാതെ വരുന്നത്. ഇത്തവണത്തെ സെന്‍സസ് നടന്നില്ല എങ്കില്‍ അഫ്ഗാനിസ്ഥാന്‍, സോമാലിയ, ലെബനന്‍, ഉസ്‌ബെക്കിസ്ഥാന്‍, പടിഞ്ഞാറന്‍ സഹാറ തുടങ്ങിയ കഴിഞ്ഞ ഇരുപതാണ്ടായി സെന്‍സസ് നടക്കാത്ത രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയും വരും. 1978നു ശേഷ വര്‍ഷങ്ങള്‍ എടുത്ത് 2017ല്‍ പാകിസ്ഥാന്‍ സെന്‍സസ് നടത്തിയെടുത്തു. ആ കൂട്ടത്തിലേക്കാണോ ഇന്ത്യന്‍ ജനാധിപത്യവും പോകുന്നതെന്നും അദ്ദേഹം ചോദിച്ചു.

CONTENT HIGHLIGHTS: MA Baby said that the fact that the census has not yet started in the country should not be taken lightly