നിയമസഭയില്‍ ബി.ജെ.പി കോണ്‍ഗ്രസിനും നഗരസഭയിലേക്ക് തിരിച്ചും വോട്ട് ചെയ്യും; തൃപ്പൂണിത്തുറയില്‍ ബി.ജെ.പി- കോണ്‍ഗ്രസ് കൂട്ടുകെട്ടെന്ന് എം. സ്വരാജ്
Kerala News
നിയമസഭയില്‍ ബി.ജെ.പി കോണ്‍ഗ്രസിനും നഗരസഭയിലേക്ക് തിരിച്ചും വോട്ട് ചെയ്യും; തൃപ്പൂണിത്തുറയില്‍ ബി.ജെ.പി- കോണ്‍ഗ്രസ് കൂട്ടുകെട്ടെന്ന് എം. സ്വരാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th May 2022, 3:12 pm

കൊച്ചി: തൃപ്പൂണിത്തുറ തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി വിജയത്തിന് പിന്നില്‍ ബി.ജെ.പി-കോണ്‍ഗ്രസ് കൂട്ടുകെട്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. സ്വരാജ്.

തൃപ്പൂണിത്തുറയില്‍ കാലങ്ങളായി ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ഒരു സഖ്യം നിലനില്‍ക്കുന്നുണ്ട്. നിയമസഭയിലേക്ക് ബി.ജെ.പിക്കാര്‍ കോണ്‍ഗ്രസിലേക്ക് വോട്ട് ചെയ്യുകയും പകരം നഗരസഭയിലേക്ക് ബി.ജെ.പിക്ക് കോണ്‍ഗ്രസുകാര്‍ വോട്ട് ചെയ്യുകയും ചെയ്യുന്നതാണ് ആ സഖ്യമെന്നും എം. സ്വരാജ് പറഞ്ഞു.

എറണാകുളത്തെ ഫലം പുറമേ നിന്ന് നോക്കുമ്പോള്‍ കാര്യങ്ങള്‍ മനസ്സിലാവില്ല. രണ്ട് സീറ്റ് ബി.ജെ.പി ജയിച്ചത് തൃപ്പൂണിത്തുറയിലാണ്.
തൃപ്പൂണിത്തുറ നഗരസഭയില്‍ കോണ്‍ഗ്രസാണ് വിജയിച്ചത്. പക്ഷെ നഗരസഭയിലെ ആകെ 49 കൗണ്‍സിലര്‍മാരുണ്ട്. കോണ്‍ഗ്രസിന് 8 പേരാണ്. ബി.ജെ.പിക്ക് 15 ഉം.

നിയമസഭയിലേക്കോ പാര്‍ലമെന്റിലേക്കോ ഉള്ള വോട്ടിംഗ് നിലയല്ല അവിടെ നഗരസഭയില്‍ വന്നത്.

നഗരസഭയില്‍ ബി.ജെ.പിക്ക് കോണ്‍ഗ്രസുമാര്‍ കൂട്ടമായി വോട്ട് ചെയ്യും. അത് കാലങ്ങളായി നിലനില്‍ക്കുന്നതാണ്. ബി.ജെ.പിക്ക് കൂടിയത് കോണ്‍ഗ്രസില്‍ നിന്നും പോയതാണ് സ്വരാജ് പറഞ്ഞു.

കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ വരുമ്പോള്‍ വലിയ മുന്നേറ്റമാണ് എല്‍.ഡി.എഫിന് നേടാന്‍ കഴിഞ്ഞത്. അത് തൃക്കാക്കരയിലും പ്രതിഫലിക്കുമെന്നും എം. സ്വരാജ് കൂട്ടിചേര്‍ത്തു.

തൃപ്പൂണിത്തുറയില്‍ എല്‍.ഡി.എഫിന്റെ രണ്ട് സീറ്റുമാണ് ബി.ജെ.പി പിടിച്ചെടുത്തത്. നഗരസഭയിലെ 11ാം ഡിവിഷനായ ഇളമനത്തോപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി വിജയിച്ചു.

നഗരസഭ സ്ഥിരം സമിതി അധ്യക്ഷനായ സി.പി.ഐ.എമ്മിലെ കെ.ടി സൈഗാള്‍ അന്തരിച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. 46ാം ഡിവിഷനായ പിഷാരി കോവിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി രതി ബിജുവാണ് വിജയിച്ചത്.

എല്‍.ഡി.എഫ് അംഗം രാജമ്മ മോഹന്‍ അന്തരിച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

അതേസമയം കാസര്‍കോടും വയനാടും ഒഴികെ എല്ലാ ജില്ലകളിലേക്കും ഇന്നലേയാണ് വോട്ടെടുപ്പ് നടന്നത്. രണ്ടു കോര്‍പ്പറേഷന്‍, ഏഴു മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

182 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. 19 പേര്‍ സ്ത്രീകളാണ്. 78.24 ശതമാനമായിരുന്നു പോളിംഗ്. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ 46 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.

Content Highlights: M. Swaraj says BJP-congress connection in Tripunithura