മീഡിയ വണിന്റെ ജമാഅത്തെ ഇസ്‌ലാമി ബന്ധമാണ് ദേശവിരുദ്ധതക്ക് കാരണമെങ്കില്‍ അതൊരു നിരോധിത സംഘടനയല്ല; പിന്തുണയുമായി എം.എ. ബേബി
Kerala News
മീഡിയ വണിന്റെ ജമാഅത്തെ ഇസ്‌ലാമി ബന്ധമാണ് ദേശവിരുദ്ധതക്ക് കാരണമെങ്കില്‍ അതൊരു നിരോധിത സംഘടനയല്ല; പിന്തുണയുമായി എം.എ. ബേബി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th February 2022, 3:15 pm

കോഴിക്കോട്: മീഡിയാവണ്‍ ചാനലിന് ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി.

ദേശസുരക്ഷ എന്ന ന്യായം ഉന്നയിച്ച് മീഡിയ വണിനെതിരെയെടുത്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

ദേശസുരക്ഷ പറഞ്ഞുള്ള ന്യായമാണ് ലോകമെങ്ങും എക്കാലവും സ്വേച്ഛാധിപത്യ ശക്തികള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാന്‍ ഉപയോഗിച്ചിട്ടുള്ളതെന്നും എം.എ. ബേബി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

‘മീഡിയ വണ്‍ അടച്ചുപൂട്ടലിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം. അഭിപ്രായസ്വാതന്ത്ര്യം എന്ന ഭരണഘടനാ തത്വത്തില്‍ വിശ്വസിക്കുന്നവരെല്ലാം മീഡിയ വണിന്റെ ലൈസന്‍സ് റദ്ദാക്കിയ നടപടിക്കെതിരെ രംഗത്തിറങ്ങണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

മീഡിയ വണിന്റെ ജമാഅത്തെ ഇസ്‌ലാമി ബന്ധമാണ് അവരെ ദേശവിരുദ്ധരെന്ന് വിളിക്കാന്‍ കാരണമെങ്കില്‍, ജമാഅത്തെ ഇസ്‌ലാമി ഒരു നിരോധിത സംഘടനയല്ല എന്നത് സര്‍ക്കാരിനെ ഓര്‍മിപ്പിക്കുന്നു.

അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഈ ജനാധിപത്യ രാജ്യത്ത് അവര്‍ക്ക് അവകാശമുണ്ട്. സി.പി.ഐ.എം, അവരവതരിപ്പിക്കുന്ന തെറ്റായ ആശയങ്ങള്‍ക്കെതിരേ ശക്തമായപ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുപോലെ ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിക്കന്നവര്‍ക്കെല്ലാം അതിനുള്ള സ്വാതന്ത്ര്യവും ഇവിടെ ഉണ്ട് എന്നതാണ് പ്രധാനം,’ എം.എ. ബേബി പറഞ്ഞു.

മീഡിയവണിന്റെ സംപ്രേക്ഷണ ലൈസന്‍സ് റദ്ദാക്കിയ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഉത്തരവ് കേരള ഹൈക്കോടതി ഇന്ന് ശരിവെക്കുകയായിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ചാനലിന് വിലക്ക് പ്രഖ്യാപിച്ചതെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.

നിലവില്‍ ചാനല്‍ സംപ്രേക്ഷണം നിര്‍ത്തിയിരിക്കുകയാണ്. വിഷയത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് മീഡിയ വണ്‍ മാനേജ്മെന്റ് അറിയിച്ചിരിക്കുന്നത്.

മീഡിയവണ്‍ ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് എന്‍. നരേഷ് വിധി പറഞ്ഞത്. ഇന്നലെ കേസ് പരിഗണിക്കവേ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിക്കുമെന്ന് വ്യക്തമാക്കിയ രേഖകളുടെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്ന് മീഡിയ വണ്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ രേഖകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നായിരുന്നു കോടതി പറഞ്ഞത്.

ചാനല്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി നിയമ വിരുദ്ധമാണെന്നുമാണ് മീഡിയ വണ്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നത്.

പ്രവര്‍ത്തനാനുമതി പുതുക്കാനും സുരക്ഷാ ക്ലിയറന്‍സിനുമായി അപേക്ഷ നല്‍കിയെങ്കിലും നിരസിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നില്ലെന്നും ഹരജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ ഒരു തവണ ലൈസന്‍സ് നല്‍കിയാല്‍ അത് ആജീവനാന്തമായി കാണാന്‍ ആകില്ലെന്നും സെക്യൂരിറ്റി വിഷയങ്ങളില്‍ കാലാനുസൃത പരിശോധനകള്‍ ഉണ്ടാകുമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം.

ചാനലിന് വിലക്ക് ഏര്‍പ്പെടുത്തിയ നടപടി മാധ്യമസ്വാതന്ത്ര്യത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും 300ല്‍ അധികം ജീവനക്കാരുടെ ഉപജീവനമാണ് കേന്ദ്രസര്‍ക്കാര്‍ ഇല്ലാതാക്കുന്നതെന്നും കേസില്‍ കക്ഷിചേര്‍ന്ന് മീഡിയവണ്‍ എഡിറ്ററും പത്രപ്രവര്‍ത്തക യൂണിയനും കോടതിയെ അറിയിച്ചിരുന്നു.

CONTENT HIGHLIGHTS:  CPIM) politburo member M.A. Baby Responding to the High Court verdict upholding the broadcast ban imposed on MediaOne channel