Administrator
Administrator
പെണ്ണായാല്‍ പൊന്ന് വേണോ?
Administrator
Tuesday 9th August 2011 5:03pm

Ads By Google
ലോകം വീണ്ടുമൊരു സാമ്പത്തിക മാന്ദ്യത്തിന്റെ ഭീഷണിയിലാണ്. പുതിയ സാമ്പത്തിക സാഹചര്യങ്ങളും മറ്റും കാരണം സ്വര്‍ണ്ണവിലയും ദിനം പ്രതി കുതിച്ചുയരുകയാണ്. വില ഉയരുമ്പോഴും സ്വര്‍ണ്ണക്കടയില്‍ തിരക്കൊഴിയുന്നില്ല. സ്വര്‍ണ്ണവളയും കമ്മലും എല്ലാ മലയാളി സ്ത്രീകളുടെയും ചുരുങ്ങിയ ആഭരണമാണിന്ന്.

ഒരു പെണ്‍കുട്ടിയുടെ വിവാഹം ശാശരി മലയാളിയുടെ നടുവൊടിക്കുന്നതിന് കാരണവും സ്വര്‍ണ്ണമാണ്. വിവാഹ മാര്‍ക്കറ്റില്‍ സ്ത്രീക്ക് വിലപേശാനുള്ള ഉപാധിയായി സ്വര്‍ണ്ണം മാറിക്കഴിഞ്ഞു. പെണ്ണായി ജനിച്ചാല്‍ അവള്‍ സ്വര്‍ണ്ണം അണിഞ്ഞേ തീരുവെന്നാണ് പരസ്യങ്ങളിലൂടെ കമ്പോളം വിളിച്ചുപറയുന്നത്.

എന്നാല്‍ മറ്റൊരു ഭാഗത്ത് സ്വര്‍ണ്ണത്തിന് പകരമായി ചെലവ് കുറഞ്ഞ മറ്റ് ആഭരണങ്ങള്‍ ഉപയോഗിക്കുന്നവരുമുണ്ട്. സ്ത്രീക്ക് സ്വര്‍ണ്ണം അത്യാവശ്യമാണോയെന്നാണ് ഡൂള്‍ന്യൂസ് ലഞ്ച് ബ്രേക്ക് ചര്‍ച്ച ചെയ്യുന്നത്.

സാറാ ജോസഫ്, എഴുത്തുകാരി,ആക്ടിവിസ്റ്റ്

സ്വര്‍ണ്ണവിലയിലെ വര്‍ധന എന്നത് ഒരു ആഗോള പ്രതിഭാസമാണ്. അതിനെക്കുറിച്ച് അഭിപ്രായം പറയാന്‍തക്ക സാമ്പത്തിക ജ്ഞാനമൊന്നും എനിക്കില്ല. സ്വര്‍ണ്ണമണിയുക എന്നത് യാതൊരാവശ്യവുമില്ലാത്ത കാര്യമാണ്. സ്വര്‍ണ്ണമണിഞ്ഞെന്നുവെച്ച് പ്രത്യേകിച്ചൊരു ഭംഗിയുമുണ്ടാവണമെന്നില്ല.

ഈ ലോഹത്തേക്കാള്‍ വില കുറഞ്ഞ എത്ര ആഭരണങ്ങളുണ്ട്. എന്തുകൊണ്ട് ഇവയൊന്നും സ്ത്രീകള്‍ ഉപയോഗിക്കുന്നില്ല. കല്ലുകളും മുത്തുകളുംവെച്ചുള്ള ഭംഗിയുള്ളതും ഫാഷണബിളുമായ അതേസമയം വില കുറഞ്ഞതുമായ ആഭരണങ്ങളുണ്ട്. സ്വര്‍ണ്ണമണിഞ്ഞെങ്കിലേ ഭംഗി തോന്നൂവെന്ന് കരുതുന്ന് വിഡ്ഢിത്തമാണ്.

വില വര്‍ധിച്ചെന്നുവെച്ച് സ്വര്‍ണ്ണാഭരണങ്ങളുടെ ഉപയോഗം കുറയുമെന്ന് തോന്നുന്നില്ല. വിവാഹവും സ്വര്‍ണ്ണവും തമ്മിലുള്ള ബന്ധം വിച്ഛേദിക്കേണ്ട കാലം അതിക്രമിച്ചു. ഇതിന് മുന്‍കൈയെടുക്കേണ്ടത് പെണ്‍കുട്ടികള്‍ തന്നെയാണ്. സ്വര്‍ണ്ണത്തോടുള്ള അമിതഭ്രമം പെണ്‍കുട്ടികള്‍ ഉപേക്ഷിക്കണം. സ്വര്‍ണ്ണത്തിലുള്ള നിക്ഷേപത്തെക്കുറിച്ച് പറയുകയാണെങ്കില്‍ അത് കഴിവുള്ളവര്‍ സമ്പാദിക്കുന്നു എന്നേ പറയാനാവു.

ടി. എന്‍. സീമ, സി.പി.ഐ.എം രാജ്യസഭാംഗം

ഇന്ന് സ്വര്‍ണ്ണം സുരക്ഷിതമായ നിക്ഷേപമാണ്. പക്ഷേ സാധാരണ ജനങ്ങള്‍ വിവാഹങ്ങള്‍ക്കും മറ്റും സ്വര്‍ണ്ണം ഉപയോഗിക്കുന്നത് മറ്റുള്ളവര്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കാന്‍ വേണ്ടിയാണ്. ഇത് പലപ്പോഴും കടം വാങ്ങുന്നതൊക്കെയാവും.

ഇന്നത്തെ സ്ഥിതിയില്‍ സ്വര്‍ണ്ണം ഉപയോഗിക്കുന്നത് കുറയ്ക്കുകയാണ് വേണ്ടത്. ഭംഗിയാണ് ആകര്‍ഷിക്കുന്നതെങ്കില്‍ സ്വര്‍ണ്ണത്തെക്കാള്‍ ഭംഗിയുള്ള ആഭരണങ്ങള്‍ വേറെയുണ്ട്. അരപവന്‍ സ്വര്‍ണ്ണത്തിന് പോലും അക്രമങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

വിനയ, വനിതാ ആക്ടിവിസ്റ്റ് (ഹെഡ് കോണ്‍സ്റ്റബിള്‍, പോലീസ് അക്കാദമി)

ആഭരണം അണിയുന്നതും അണിയാത്തതുമെല്ലാം ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ടങ്ങളാണ്. അതിനെക്കുറിച്ച് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. സ്ത്രീയുടെ ഭംഗി വര്‍ധിപ്പിക്കുന്നതെല്ലാം അവള്‍ക്ക് ആഭരണങ്ങളാണ്. അങ്ങനെ നോക്കുമ്പോള്‍ സ്വര്‍ണ്ണം മാത്രമല്ല, എല്ലാം അവള്‍ക്കാഭരണങ്ങളാണ്.

ഇങ്ങനെയൊരു ചിന്ത അവള്‍ക്കുണ്ടായിരുന്നെങ്കില്‍ ഒരിക്കലും സ്വര്‍ണ്ണത്തിന് ഇവരിത്ര പ്രാധാന്യം നല്‍കില്ലായിരുന്നു. എന്നാല്‍ സ്വര്‍ണ്ണമില്ലാത്ത ഒരു ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍ ഒരു സ്ത്രീയും തയ്യാറാവുന്നില്ല. സ്വര്‍ണ്ണമില്ലാതെ ജീവിക്കാന്‍ സാധ്യമല്ല എന്ന ധാരണയാണ് ഓരോ സ്ത്രീയ്ക്കുമുള്ളത്. മുട്ടയ്ക്കുള്ളിലെ കോഴിക്കുഞ്ഞിന് പുറത്തുള്ള ജീവിതം ബോറാണ് എന്നുപറയുന്നതുപോലെയാണിത്. ആ തോടിനു പുറത്തെ ജീവിതം എങ്ങനെയുള്ളതാണെന്ന ബോധ്യമില്ലാതെയാണ് സ്ത്രീകള്‍ ഇത്തരം അഭിപ്രായങ്ങള്‍ പറയുന്നത്. ഈ രണ്ടു അവസ്ഥകളും അനുഭവിച്ച ആളെന്ന നിലക്ക് സ്വര്‍ണ്ണമില്ലാതെയും സ്ത്രീക്ക് ജീവിക്കാനാകും എന്നെനിക്ക് ഉറപ്പു പറയാനാകും.

നേരത്തെ പറഞ്ഞതുപോലെ സ്ത്രീക്ക് സ്വന്തമായി ചിന്തിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടിരിക്കുന്നു. ഇന്ന് നടക്കുന്ന വിവാഹത്തിലും ഇതിന്റെ പ്രശ്‌നങ്ങള്‍ കാണാനാകും. ധാരാളം സ്വര്‍ണ്ണമണിഞ്ഞെങ്കിലേ സമൂഹത്തില്‍ സ്ഥാനമുണ്ടാകൂ എന്ന ധാരണയാണ് ഇതിന്റെയൊക്കെ പ്രധാന പ്രശ്‌നം. നമ്മള്‍ കാണിച്ചുകൂട്ടുന്ന പോക്രിത്തരത്തിന് സമൂഹത്തെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ജലം പോലെയാണ് സ്ത്രീ. ഒഴിച്ചുവെക്കുന്ന പാത്രത്തിനനുസരിച്ച് അവളുടെ ആകൃതി മാറുന്നു.

ആരൊക്കെയോ മുന്‍കൂട്ടി തീരുമാനിച്ചിട്ടുള്ള കാര്യങ്ങള്‍ നടപ്പാക്കാന്‍ മാത്രമുള്ള ഒരു ഉപകരണമായി സ്ത്രീ ഇന്ന് മാറിയിരിക്കുന്നു. മറ്റുള്ളവരുടെ സംതൃപ്തിയ്ക്കുവേണ്ടി സ്വന്തം ആഗ്രഹങ്ങളും അഭിപ്രായങ്ങളും വേണ്ടെന്നുവെയ്ക്കുകയാണ് അവള്‍ ചെയ്യുന്നത്. അതിന് സമൂഹത്തിനെ പഴി ചാരിയിട്ടു കാര്യമില്ല. ആഭരണമണിയുന്നത് അവളുടെ സുരക്ഷയെ ബാധിക്കുമെന്നു പറയുന്നതില്‍ യാതൊരു പ്രസ്‌ക്തിയുമില്ല. പൊള്ളുന്ന വില നല്‍കി ഈ ആഭരണം അണിയുന്നതുകൊണ്ടല്ലേ ഇത്തരം പ്രശ്‌നങ്ങള്‍. ആഭരണം വേണ്ടെന്നുവെച്ചാല്‍ ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കാമല്ലോ.

വീണ ജോര്‍ജ്, മാധ്യമപ്രവര്‍ത്തക

സ്വര്‍ണം ആഭരണമായി ഉപയോഗിക്കണമോ എന്നത് ഓരോരുത്തരുടേയും താല്‍പര്യത്തെ അനുസരിച്ചിരിക്കും. സ്ത്രീകള്‍ക്ക് സുരക്ഷയ്ക്ക് ഭീഷണിയാവുമെന്നതിനാലും, ചില ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതിനാലും സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിക്കേണ്ടതില്ല എന്ന അഭിപ്രായക്കാരിയാണ് ഞാന്‍. സ്ത്രീകള്‍ സ്വര്‍ണം ഉപേക്ഷിച്ച് മറ്റ് ആഭരണങ്ങളിലേക്ക് തിരിയണം. നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ ഉപയോഗിക്കുന്നത് ഞാന്‍ പിന്തുണയ്ക്കുന്നു.


സ്മിത, ആക്ടിവിസ്റ്റ്

സ്വര്‍ണ്ണം ഒരു ആഭരണമായി സ്ത്രീകള്‍ ഉപയോഗിക്കേണ്ടതില്ല. നാട്ടുനടപ്പിന്റെയും ആചാരങ്ങളുടെയും ആഡംബരത്തിന്റെയും പേരിലാണ് ഈ സങ്കല്‍പം ഇപ്പോഴും തുടരുന്നത്. ഇത് മാറണം. ഒരര്‍ത്ഥത്തില്‍ ഈ പ്രവണത സ്ത്രീ വിരുദ്ധമാണ്. സമ്പന്ന കുടുംബങ്ങള്‍ക്കപ്പുറം ഒരു പാട് പാവപ്പെട്ട സ്ത്രീകള്‍ ഇതു കാരണം ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്.

സ്വര്‍ണ്ണത്തിന്റെ പേരിലാണ് സ്ത്രീ ഏറ്റവും കൂടുതല്‍ കമ്പോള വത്കരിക്കപ്പെട്ടിട്ടുള്ളത്. ‘പെണ്ണായാല്‍ പൊന്നുവേണം’ എന്നൊക്കെ പറഞ്ഞ് സ്ത്രീയെ ഒരു ചരക്കാക്കി മാറ്റുകയാണ് ഇതിലൂടെ ചെയ്യുന്നത്. കൃത്യമായ അജണ്ടകള്‍ നടപ്പിലാക്കാനുള്ള കമ്പോളത്തിന്റെ യുക്തിയാണിതെല്ലാം.

വി. ടി. സുഹ്‌റ, നിസാ

സ്വര്‍ണ്ണം ഇനിയും ആഭരണമായി തുടരേണ്ടതില്ല. വളരെ ഗൗരവമേറിയ ഒരു വിഷയം തന്നെയാണിത്. പരസ്യങ്ങളിലെല്ലാം സ്ത്രീകള്‍ക്ക് വേണ്ട അത്യാവിശ്യ സംഗതിയായി സ്വര്‍ണ്ണത്തെ ഉയര്‍ത്തിക്കാട്ടുന്നു. സ്വര്‍ണ്ണമണിഞ്ഞാലെ സ്ത്രീക്ക് സൗന്ദര്യം ഉണ്ടാകൂ എന്നാണ് പ്രചാരണം.

വിവാഹ കമ്പോളത്തില്‍ സ്വര്‍ണ്ണത്തിന്റെ പേരിലാണ് സ്ത്രീയെ ഇപ്പോള്‍ അളക്കുന്നത്. ‘സ്ത്രീധനം വേണ്ട, സ്വര്‍ണ്ണം മതി’ എന്നാണ് ഇപ്പോഴത്തെ പല്ലവി. സ്വര്‍ണ്ണത്തിന്റെ പേരും പറഞ്ഞ് എത്രയോ സ്ത്രീകള്‍ വിവാഹത്തിന്റെ ശേഷം പീഡിപ്പിക്കപ്പെടുന്നു. സ്വര്‍ണ്ണം സ്ത്രീധനമായി ആവിശ്യപ്പെടുമ്പോള്‍ സ്വര്‍ണ്ണത്തിന് വളരെയധികം വില കൂടിയ ഈ സാഹചര്യം പാവപ്പെട്ട ഒരു പാട് കുടുംബങ്ങള്‍ക്ക താങ്ങാനാവുകയില്ല. ഈ പ്രവണത അവസാനിപ്പിക്കണ്ടതു തന്നെയാണ്.

ശ്വേതാ മേനോന്‍ ചലച്ചിത്രനടി

സ്വര്‍ണം ഇന്‍വെസ്റ്റ്‌മെന്റ് എന്ന രീതിയിലാണ് പലരും ഉപയോഗിക്കുന്നത്. ഭാവിയിലേക്ക് പണം സൂക്ഷിക്കാന്‍ സുരക്ഷിതമായ മാര്‍ഗമായാണ് സ്വര്‍ണത്തെ കാണുന്നത്. പണമുള്ളവര്‍ അത് സ്വര്‍ണമായി സൂക്ഷിക്കുന്നു. വിലവര്‍ധിക്കുന്നത് സാധാരണക്കാരായ ആളുകളെ വിവാഹ സന്ദര്‍ഭങ്ങളിലും മറ്റും ബുദ്ധിമുട്ടുണ്ടാക്കും എന്നത് ശരിയാണ്.

സ്വര്‍ണം സ്ത്രീകള്‍ ഉപയോഗിക്കുന്നത്  അവരുടെ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തും എന്നതില്‍ സംശയമില്ല. സ്ഥിരമായി സ്വര്‍ണം ഉപയോഗിക്കാതെ വിശേഷ അവസരങ്ങളില്‍ മാത്രം സ്വര്‍ണം ഉപയോഗിക്കുക. നമ്മള്‍ വജ്രാഭരണങ്ങളൊന്നും എല്ലാ ദിവസവും ഉപയോഗിക്കാറില്ലല്ലോ? അതുപോലെ സ്വര്‍ണത്തെയും കരുതണം. കേരളത്തിലെ സ്ത്രീകള്‍ സ്ഥിരമായി ധാരാളം സ്വര്‍ണം ഉപയോഗിക്കുന്നവരൊന്നുമല്ല. താലിയോ, വിവാഹമോതിരമോ മറ്റോ മാത്രമാണ് സ്ഥിരമായി ഉപയോഗിക്കുന്നത്. അത് തന്നെ അവര്‍ക്ക് വലിയ ഭീഷണിയാണ്. വില കൂടുമ്പോള്‍ കള്ളമാര്‍ക്ക് താല്‍പര്യം കൂടുമല്ലോ. സ്ത്രീകള്‍ക്ക് ഏറ്റവും നല്ലത് മറ്റ് കൃത്രിമ ആഭരണങ്ങള്‍ ഉപയോഗിക്കുന്നതാണ്. വേണമെങ്കില്‍ അതില്‍ ഇത്തിരി സ്വര്‍ണവും ചേര്‍ക്കാം.

സ്വര്‍ണം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പറയുന്നുണ്ട്. ധാരാളം പണം കൈയ്യിലുള്ളവരാണ് സ്വര്‍ണം ഉപയോഗിക്കുക. അവര്‍ക്ക് രോഗം വന്നോട്ടെ. പാവപ്പെട്ടവന്റെ പ്രശ്‌നം ആഭരണമല്ല, ആഹാരമാണ്. അവനെ സംബന്ധിച്ച് സ്വര്‍ണവില കൂടുന്നതും കുറയുന്നതും പ്രശ്‌നമല്ല.

പ്രഭാത്കര്‍, മാനേജര്‍, ഭീമ ജ്വല്ലറി കോഴിക്കോട്

കല്ല്യാണ ആവശ്യങ്ങള്‍ക്കാണ് ഇപ്പോള്‍ കൂടുതലായി സ്വര്‍ണം വാങ്ങാന്‍ ആളുകളെത്തുന്നത്. വിവാഹത്തിന് സ്വര്‍ണം നല്‍കുക എന്നൊരു നാട്ടുനടപ്പ് നിലനില്‍ക്കുന്നത് കൊണ്ട് മാത്രമാണ് ആളുകള്‍ വാങ്ങാനെത്തുന്നത്. അത് 10 പവനാണെങ്കിലും 50 പവന്റെ കാഴ്ച വേണം. മറ്റുള്ളവര്‍ നിക്ഷേപമായാണ് സ്വര്‍ണത്തെ കാണുന്നത്. അതുകൊണ്ടുതന്നെ സ്വര്‍ണനാണയമാണ് അവര്‍ കൂടുതലായി വാങ്ങുന്നത്. മുന്‍പുണ്ടായിരുന്നതുപോലെ സ്വര്‍ണാഭരണങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരുടെ എണ്ണവും കുറഞ്ഞു. പെണ്‍കുട്ടികള്‍ക്കെല്ലാം ഇപ്പോള്‍ താല്‍പര്യം ഫാന്‍സി ഐറ്റംസിനോടാണ്.

സ്വര്‍ണം ധാരാളം ഉപയോഗിക്കുന്നവര്‍ക്ക് ഒറ്റയ്ക്ക് നടക്കാന്‍ പറ്റാത്ത സ്ഥിതിയാണ് ഇപ്പോള്‍ തന്നെയുള്ളത്. വില കൂടിയാല്‍ ഈ ഭീഷണി ഉയരുകയേ ഉള്ളൂ.

സ്വര്‍ണത്തില്‍ ഇറുഡിയം പോലുള്ള ലോഹങ്ങള്‍ ചേര്‍ക്കുന്നത് ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുമെന്നാണ് അടുത്തിടെ വരുന്ന വാര്‍ത്തകള്‍. എന്നുവച്ച് 100% സ്വര്‍ണാഭരണങ്ങളും ഇങ്ങനെയുള്ളതാണെന്ന് പറയാന്‍ കഴിയില്ല. ചിലതില്‍ ഉണ്ടെന്നകാര്യത്തില്‍ സംശയമില്ല. പക്ഷെ അത് കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടാണ്. ഹോള്‍ മാര്‍ക്കിംങ്ങിനുവരെ ഇത്തരം ലോഹങ്ങള്‍ ചേര്‍ത്തിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ കഴിയില്ല.

മറ്റ് ലഞ്ച് ബ്രേക്കുകള്‍

ആ പെണ്‍കുട്ടികളുടെ ജീവിതം കോടതി വരാന്തയില്‍ ഒടുങ്ങണോ?

ഉമ്മന്‍ചാണ്ടിക്ക് തുടരാന്‍ ധാര്‍മ്മിക അവകാശമുണ്ടോ?

‘മാരന്റെ രാജി കോണ്‍ഗ്രസ് സ്വയം കുഴിച്ച കുഴി’

വിവാദത്തില്‍ മുങ്ങി ആദ്യ ബജറ്റ്

ഓസ്ലോ കൂട്ടക്കൊല ക്രിസ്ത്യന്‍ തീവ്രവാദമോ?

ഡോക്ടര്‍മാരുടെ സമരം ആരെ സഹായിക്കാന്‍?

വര്‍ധിപ്പിക്കുന്ന ബസ് ചാര്‍ജ് ജനം ഒടുക്കണോ?

കേരളം ഭരിക്കുന്നത് ബാക്ക് സീറ്റ് ഡ്രൈവര്‍മാരോ?

ലൈംഗിക വിവാദങ്ങള്‍ സി.പി.ഐ.എമ്മിനെ വേട്ടയാടുകയാണോ?

Advertisement