അവനെ കാണുമ്പോള്‍ എനിക്ക് ജെറാര്‍ഡിനെയാണ് ഓര്‍മ വരുന്നത്; റയല്‍ താരത്തെ ലിവര്‍പൂള്‍ ലെജന്‍ഡിനോടുപമിച്ച് സുവാരസ്
Football
അവനെ കാണുമ്പോള്‍ എനിക്ക് ജെറാര്‍ഡിനെയാണ് ഓര്‍മ വരുന്നത്; റയല്‍ താരത്തെ ലിവര്‍പൂള്‍ ലെജന്‍ഡിനോടുപമിച്ച് സുവാരസ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 1st October 2022, 6:27 pm

ലോകം കണ്ട എക്കാലത്തേയും മികച്ച ഫുട്‌ബോളറില്‍ ഒരാളും ലിവര്‍പൂള്‍ ലെജന്‍ഡുമായ സ്റ്റീവന്‍ ജെറാര്‍ഡുമായി (Steven Gerrard) റയല്‍ മാഡ്രിഡ് താരത്തെ ഉപമിച്ച് ഉറുഗ്വായ് സൂപ്പര്‍ താരം ലൂയീസ് സുവാരസ് (Luiz Suarez).

ഉറുഗ്വായിലെ തന്റെ സഹതാരവും റയല്‍ മാഡ്രിഡിന്റെ മിഡ് ഫീല്‍ഡറുമായ ഫെഡ്രിക്കോ വാല്‍വെര്‍ഡെയെ (Federico Valverde) ആണ് സുവാരസ് ജെറാര്‍ഡിനോടുപമിച്ചത്.

2016ല്‍ പെന്റോളില്‍ നിന്നും മാഡ്രിഡിലെത്തിയ വാല്‍വര്‍ഡെ കഴിഞ്ഞ മൂന്ന് സീസണുകളായി റയലിന്റെ വിശ്വസ്തനാണ്. സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന താരം, റയലിന് ഒട്ടേറെ ട്രോഫികള്‍ നേടിക്കൊടുക്കുന്നതിലും നിര്‍ണായക പങ്കായിരുന്നു വഹിച്ചത്.

രണ്ട് ലാ ലീഗ കിരീടവും ഒരു ചാമ്പ്യന്‍സ് ട്രോഫിയുമടക്കം ഏഴ് കിരീട നേട്ടങ്ങളിലാണ് വാല്‍വെര്‍ഡെ റയലിനൊപ്പമുണ്ടായിരുന്നത്.

മിഡ് ഫീല്‍ഡറായാണ് താരം കളത്തിലെത്തുന്നതെങ്കില്‍ക്കൂടിയും പല റോളുകളും വാല്‍വെര്‍ഡെയുടെ പക്കല്‍ സുരക്ഷിതമാണ്. കൃത്യമായ പാസും പേസും സ്റ്റാമിനയുമെല്ലാം താരത്തിന്റെ പ്ലസ് പോയിന്റാണ്.

പത്ത് ഗോളും പത്ത് അസിസ്റ്റുമാണ് താരം ഇതിനോടകം റയലിന് വേണ്ടി നേടിയത്.

ഈ പശ്ചാത്തലത്തിലാണ് ഉറുഗ്വായന്‍ സൂപ്പര്‍ താരം സുവാരസ് വാല്‍വെര്‍ഡെയെ പുകഴ്ത്തി രംഗത്തെത്തിയത്. മാര്‍ക്കക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സുവാരസ് വാല്‍വെര്‍ഡെയെ മുന്‍ ലിവര്‍പൂള്‍ ക്യാപ്റ്റനുമായി ഉപമിച്ചത്.

‘2017ല്‍ ഫെഡെ നാഷണല്‍ ടീമില്‍ അരങ്ങേറിയപ്പോള്‍ അവന്‍ ജെറാര്‍ഡിനെ പോലെയാണെന്ന് പറഞ്ഞിരുന്നു. ഞാന്‍ ലിവര്‍പൂളിലായിരുന്നപ്പോള്‍ അദ്ദേഹം എന്റെ ടീം മേറ്റായിരുന്നു. ഇതെല്ലാം ന്യൂസ് പേപ്പര്‍ ആര്‍ക്കൈവുകളില്‍ കാണാം.

ജെറാര്‍ഡിന് സമാനമായ പല കഴിവുകളും ഇവനുണ്ട്. ഇവന്‍ ഒരു ബോക്‌സ് റ്റു ബോക്‌സ് പ്ലെയറാണ്. കളിയുടെ റിഥം തന്നെ മാറ്റാന്‍ ഇവന് കെല്‍പ്പുണ്ട്. എനിക്കൊരിക്കലും ഇവരെ തമ്മില്‍ താരതമ്യപ്പെടുത്തണമെന്നില്ല, പക്ഷേ ഇവരുടെ സ്വഭാവസവിശേഷതകള്‍ സമാനമാണ്.

ഫെഡെ… അവന്റെ വളര്‍ച്ച ഞാന്‍ കണ്ടു. മികച്ച താരങ്ങളാല്‍ ചുറ്റപ്പെട്ട് അവന്‍ റയല്‍ മാഡ്രില്‍ കളിക്കുന്നതിനാലാണത്. അവന്‍ റയലിന് വേണ്ടി മികച്ച പ്രകടനം തന്നെയാണ് പുറത്തെടുക്കുന്നത്,’ സുവാരസ് പറഞ്ഞു.

ലാ ലീഗയിലും ചാമ്പ്യന്‍സ് ലീഗിലും അപരാജിത കുതിപ്പ് തുടരുന്ന റയല്‍ മാഡ്രിഡിലെ മിന്നും താരങ്ങളിലൊരാളാണ് വാല്‍വെര്‍ഡെ. ഈ സീസണില്‍ മാത്രം നാല് ഗോളും രണ്ട് അസിസ്റ്റും താരം തന്റെ പേരിലാക്കിയിട്ടുണ്ട്.

സീസണില്‍ മികച്ച പ്രകടനമാണ് റയല്‍ നടത്തുന്നത്. ലാ ലീഗയിലെ ആറ് മത്സരത്തില്‍ എല്ലാ കളിയും വിജയിച്ച് 18 പോയിന്റോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് റയല്‍. ഒക്ടോബര്‍ രണ്ടിന് സ്വന്തം തട്ടകത്തില്‍ ഒസാസുനയുമായാണ് റയലിന്റെ അടുത്ത മത്സരം.

 

 

Content Highlight: Luis Suarez compares Real Madrid star with Steven Gerrard