എഡിറ്റര്‍
എഡിറ്റര്‍
സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാന്‍ മേലേ! മൈതാനത്ത് ഓടി നടന്നും നിലത്ത് കിടന്നുരുണ്ടും നൂറ്റാണ്ടിന്റെ വിജയം ആഘോഷിക്കുന്ന ബാഴ്‌സലോണ കോച്ച് ലൂയിസ് എന്റിക്വ
എഡിറ്റര്‍
Thursday 9th March 2017 12:18pm

 

ന്യൂകാമ്പ്: അസംഭവ്യം എന്നു കരുതിയതെല്ലാം കീഴടക്കി മുന്നേറിയാണ് ബാഴ്‌സലോണയ്ക്ക് ശീലം. ഇന്നും അവര്‍ ആ ചരിത്രം ആവര്‍ത്തിച്ചു. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചു വരവായിരുന്നു ഇന്ന് പുലര്‍ച്ചെ ന്യൂകാമ്പില്‍ ബാഴ്‌സ നടത്തിയത്. 6-1 ന് പാരീസ് സെയ്ന്റ് ജര്‍മെയ്‌നെ പരാജയപ്പെടുത്തി 4-0 ന് ഒന്നാം പാദത്തിലേറ്റു വാങ്ങിയ തോല്‍വിയ്ക്ക് കറ്റാലന്‍ പട മറുപടി നല്‍കുകയായിരുന്നു. ഒപ്പം കാതടപ്പിക്കുന്ന ആരവങ്ങള്‍ക്കിടയിലൂടെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ബാഴ്‌സ മാര്‍ച്ചു ചെയ്തു.

ബാഴ്‌സയുടെ വിജയത്തില്‍ ഏറ്റവും കൂടുതല്‍ ആനന്ദിച്ചത് മെസിയോ നെയ്മറോ സ്വാരസോ അല്ലായിരുന്നു. ആരവങ്ങളും ആര്‍പ്പുവിളികളുമായി ഗ്യാലറിയെ പ്രകമ്പനം കൊള്ളിച്ച ആരാധകരോ അല്ലായിരുന്നു. അത് ലൂയിസ് എന്റിക്വെ ആയിരുന്നു, കറ്റാലന്മാരുടെ കോച്ച്.

അവസാനത്തെ ഏഴു മിനുറ്റുകള്‍ക്കുള്ളില്‍ മൂന്ന് ഗോളുകള്‍ അടിച്ചായിരുന്നു ബാഴ്‌സയുടെ തിരിച്ചുവരവ്. എഴുതിത്തള്ളിയവര്‍ക്കെല്ലാം മറുപടി നല്‍കിയ തിരിച്ചു വരവ് അപ്രതീക്ഷിതമായിരുന്നു. ആ അപ്രതീക്ഷ വിജയത്തിലെ അമ്പരപ്പും ആവേശവുമെല്ലാം എന്റിക്വയുടെ പ്രതികരണത്തിലുമുണ്ടായിരുന്നു.

വിജയമുറപ്പിച്ച് റോബര്‍ട്ടോയുടെ ഷോട്ട് പി.എസ്.ജിയുടെ വല കുലുക്കിയപ്പോള്‍ നിയന്ത്രണം വിട്ട എന്റിക്വ കാട്ടിക്കൂട്ടിയത് കണ്ട് പൊട്ടിചിരിക്കുകയാണ് ഫുട്‌ബോള്‍ ആരാധകര്‍. സന്തോഷത്തില്‍ മതി മറന്ന കോച്ച് നിലത്തു കിടന്നുരുളുകയും സഹപരിശീലകരെ കെട്ടിപ്പിടിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ ഹിറ്റായി മാറിയിരിക്കുകയാണ്.


Also Read: ‘ ഞാനല്ല, എന്റെ കൈകളാണ് ട്വീറ്റ് ചെയ്തത്’ ; രണ്‍ദീപിന്റെ വിശദീകരണത്തെ പരിഹസിച്ച് ഗുര്‍മെഹര്‍


ഗ്രൗണ്ടിലൂടെ ഓടി നടക്കുന്ന എന്റിക്വയുടെ ആവേശം ടീമിന്റെ വിജയത്തിന്റെ മധുരം എത്രത്തോളമാണെന്നതിന്റെ തെളിവാണ്. ഒന്നാം പാദ മത്സരത്തിലേറ്റു വാങ്ങിയ നാണംകെട്ട തോല്‍വിയക്ക് കേട്ട പഴി എന്റിക്വയുടെ ഉറക്കം കെടുത്തിയിരുന്നു.

നാലു ഗോളുകളുടെ തോല്‍വിയില്‍ നിന്നും തിരിച്ചു വരുന്ന, ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തിലെ തന്നെ, ആദ്യ ടീമാണ് ബാഴ്‌സ. അവസാനത്തെ മൂന്ന് ഗോളുകളും പിറന്നത് മത്സരം അവശേഷിക്കാന്‍ മിനുറ്റുകള്‍ മാത്രം അകലെയുള്ളപ്പോഴായിരുന്നു എന്നതാണ് മത്സരത്തെ കൂടുതല്‍ ആവേശകരമാക്കുന്നത്.

ടോട്ടല്‍ സ്‌കോര്‍ 53 ല്‍ എത്തി നില്‍ക്കെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറായിരുന്നു ഗോള്‍ നേടിയത്. ഫ്രീകിക്കിലൂടെയായിരുന്നു നെയ്മറുടെ ഗോള്‍. രണ്ട് മിനുറ്റുകള്‍ക്ക് ശേഷം സ്വാരസ് നേടിയെടുത്ത പെനാല്‍റ്റി ഗോളാക്കി മാറ്റി വീണ്ടും നെയ്മര്‍ ബാഴ്‌സയെ മുന്നിലെത്തിച്ചു. സ്‌കോര്‍ 55. ചരിത്ര വിജയം മുന്നില്‍ കണ്ട ബാഴ്‌സ പ്രതിരോധനിരയെ മുന്നോട്ട് കയറ്റി, ഗോള്‍കീപ്പര്‍ സ്റ്റെഗനും മുന്നോട്ട് കയറി ചെന്ന് കളിക്കാന്‍ തുടങ്ങി. ഒടുവില്‍ നെയ്മറുടെ പാസ് ഗോളാക്കി മാറ്റി റോബര്‍ട്ടോ ബാഴ്‌സയ്ക്ക് നൂറ്റാണ്ടിന്റെ വിജയം സമ്മാനിക്കുകയായിരുന്നു.

Advertisement