കാന്റീനില്‍നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ഥിക്ക് 20,000 രൂപ പിഴ
Lucknow university
കാന്റീനില്‍നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ഥിക്ക് 20,000 രൂപ പിഴ
ന്യൂസ് ഡെസ്‌ക്
Friday, 18th October 2019, 11:40 pm

ലഖ്നൗ: കാന്റീനില്‍നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ഥിക്ക് 20,000 രൂപ പിഴ ചുമത്തി ലഖ്‌നൗ സര്‍വകലാശാല. രണ്ടാം വര്‍ഷ ബി.എ വിദ്യാര്‍ഥി ആയുഷ് സിങ്ങിനെതിരെയാണ് നടപടി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് സര്‍വകലാശാലയിലെ സെന്‍ട്രല്‍ കാന്റീനില്‍നിന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി. എന്നാല്‍ വീട്ടില്‍നിന്നും ദിവസവും വന്നുപോകുന്ന ആയുഷ് സിങ് സെപ്റ്റംബര്‍ മൂന്നിന് അവിടെനിന്ന് ഭക്ഷണം കഴിച്ചതാണ് നടപടിക്ക് കാരണമായത്.

ആയുഷ് സിങ്ങ് കാന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ചതായി ആരോ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കാന്റീന്റെ ചുമതലയുള്ള പ്രൊഫ. വിനോദ് കുമാര്‍ സിങ് സ്ഥലത്തെത്തി ബിരുദ വിദ്യാര്‍ഥിയെ പിടികൂടി. ആയുഷ് സിങ് അധ്യാപകനോട് മാപ്പു പറയുകയും വിശന്നത് കൊണ്ടാണ് ഭക്ഷണം കഴിച്ചതെന്ന് അറിയിക്കുകയും ചെയ്തു.

ഇനി നിയമം ലംഘിക്കില്ലെന്ന് വിദ്യാര്‍ഥി പറഞ്ഞുവെങ്കിലും അധ്യാപകന്‍ കേള്‍ക്കാന്‍ തയ്യാറായില്ല. 20,000 രൂപ പിഴ അടക്കാന്‍ ആവശ്യപ്പെടുകയും ഒരാഴ്ചയ്ക്കകം പിഴ അടച്ചില്ലെങ്കില്‍ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് വിദ്യാര്‍ഥിയോട് പറയുകയും ചെയ്തു. നൂറ് രൂപയുടെ സ്റ്റാംപ് പേപ്പറില്‍ വിശദീകരണം നല്‍കണമെന്നും വിദ്യാര്‍ഥിയോട് ആവശ്യപ്പെട്ടു.

വിദ്യാര്‍ഥി അനധികൃതമായാണ് കാന്റിനില്‍ നിന്ന് ഭക്ഷണം കഴിച്ചതെന്നും ബില്ലടയ്ക്കാതെ ഏതാണ്ട് രണ്ട് മാസത്തോളമാണ് വിദ്യാര്‍ത്ഥി ഭക്ഷണം കഴിച്ചതെന്നും അധ്യാപകന്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രജിസ്റ്ററില്‍ പല പേര് നല്‍കി വിദ്യാര്‍ഥി കാന്റീനില്‍ നിന്ന് ഭക്ഷണം കഴിക്കാറുണ്ടായിരുന്നെന്നും വിദ്യാര്‍ഥി കഴിച്ച ദിവസങ്ങളുടെ എണ്ണം കണക്കാക്കി 10000 രൂപ അടക്കണമെന്നും നിയമം അനുസരിക്കാത്തതിനാല്‍ ഇരട്ടിയാണ് പിഴ നിശ്ചയിച്ചതെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ