എഡിറ്റര്‍
എഡിറ്റര്‍
കനയ്യ കുമാറിനെ പേടി ? ലക്‌നൗ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഹിന്ദുയുവ വാഹിനിയും യു.പി സര്‍ക്കാരും മുടക്കി
എഡിറ്റര്‍
Sunday 12th November 2017 5:56pm

 

 

 

യു.പി: ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവായ കനയ്യകുമാര്‍ പങ്കെടുത്തതിന്റെ പേരില്‍ ലക്‌നൗ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനുള്ള അനുമതി ജില്ല ഭരണകൂടം റദ്ദാക്കി. കനയ്യകുമാര്‍ പങ്കെടുത്ത വേദിയിലേക്ക് ഹിന്ദുയുവ വാഹിനി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് ഫെസ്റ്റിവലിന് സംരക്ഷണം കൊടുക്കുന്നതിന് പകരം പരിപാടി റദ്ദാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപീകരിച്ച സംഘടനയാണ് ഹിന്ദുയുവവാഹിനി. ഹിന്ദുയുവവാഹിനിക്ക് പുറമെ എ.ബി.വി.പി ബജ്‌റംഗദള്‍ പ്രവര്‍ത്തകരും സംഘര്‍ഷമുണ്ടാക്കിയിരുന്നു.

ഫെസ്റ്റിവലില്‍ രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളും പങ്കെടുക്കുന്നത് അറിയിച്ചില്ലെന്നതാണ് പരിപാടി റദ്ദാക്കാനുള്ള കാരണമായി ലക്‌നൗ ജില്ലാ മജിസ്‌ട്രേറ്റ് കൗശല്‍രാജ് ശര്‍മ്മ പറഞ്ഞത്.

രാജ്യത്ത് നടക്കുന്ന എല്ലാ ലിറ്റററി ഫെസ്റ്റിവലുകളിലും രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളും പങ്കെടുക്കാറുണ്ടെന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇങ്ങനെയിരിക്കെ പരിപാടി നടുവില്‍വെച്ച് നിര്‍ത്താനാവശ്യപ്പെടുന്നത് കനയ്യകുമാറിന്റെ സാന്നിധ്യമാണെന്നതാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ കനയ്യ പങ്കെടുക്കുന്ന വിവരം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണെന്നും രഹസ്യമാക്കിയിരുന്നില്ലെന്നും സംഘാടകര്‍ പറഞ്ഞിരുന്നു.

തന്റെ പുസ്തകമായ ‘ഫ്രം ബിഹാര്‍ ടു തീഹാര്‍’ എന്ന പുസ്തകത്തെ കുറിച്ച് സംസാരിക്കാനായിരുന്നു കനയ്യയെ ക്ഷണിച്ചിരുന്നത്. മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവായ അസദുദ്ദീന്‍ ഉവൈസിയും ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹയും ഫെസ്റ്റിവലില്‍ ഉണ്ടായിരുന്നു.

പരിപാടി നടക്കുന്ന സമയത്ത് കനയ്യ ദേശദ്രോഹിയാണെന്ന മുദ്രാവാക്യം വിളിച്ച് ഗോംതിനഗറിലെ ഷിറോസ് റെസ്‌റ്റോറന്റില്‍ യുവവാഹിനി പ്രവര്‍ത്തകര്‍ പ്രശ്‌നമുണ്ടാക്കുകയായിരുന്നു. കയ്യേറ്റ ശ്രമമുണ്ടാകാതിരിക്കാന്‍ സംഘാടകര്‍ സംരക്ഷണ വലയം തീര്‍ത്ത് കനയ്യയെ സംരക്ഷിക്കുകയായിരുന്നു. പ്രശ്‌നമുണ്ടാക്കിയവരെ പ്രതിരോധിക്കുന്നതിന് പകരം പൊലീസ് കനയ്യയോട് വേദിവിട്ട് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.

 

Advertisement