കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരളത്തില്‍ ലൗ ജിഹാദ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അറിയിച്ചു. കോണ്‍ഗ്രസിന്റെ ബെന്നി ബെഹനാന്‍ എം.പിയുടെ ചോദ്യത്തിനാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ മറുപടി.

നിയമത്തില്‍ ലൗ ജിഹാദിന് വ്യാഖ്യാനം ഇല്ലെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

നേരത്തെ കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന ആരോപണവുമായി സീറോ മലബാര്‍ സഭ രംഗത്തെത്തിയിരുന്നു. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ആസൂത്രിത നീക്കം നടക്കുന്നുവെന്ന് കൊച്ചിയില്‍ നടന്ന സിനഡ് ആരോപിച്ചിരുന്നു.

കേരളത്തില്‍ നിന്ന് ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 21 പേരില്‍ പകുതിയും മതംമാറിയ ക്രൈസ്തവരാണെന്നും ഇതുസംബന്ധിച്ച പരാതികളിലൊന്നും പൊലീസ് ജാഗ്രതയോടെ യഥാസമയം നടപടിയെടുത്തില്ലെന്നും സഭ കുറ്റപ്പെടുത്തിയിരുന്നു.

ഇതിനെ തുടര്‍ന്ന് ലൗ ജിഹാദ് സംബന്ധിച്ച സിറോ മലബാര്‍ സഭയുടെ പരാമര്‍ശങ്ങളില്‍ ദേശീയ ന്യൂനപക്ഷ കമീഷന്‍ ഡി ജി പി യോട് വിശദീകരണം തേടിയിരുന്നു.

കേരളത്തിലും കര്‍ണാടകത്തിലും അമുസ്ലിം യുവതികളെ പ്രണയം നടിച്ച് ഇസ്ലാം മതത്തിലേക്കു പരിവര്‍ത്തനം ചെയ്യാനായി സംഘടിത തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന സംഘപരിവാര്‍ ആരോപണങ്ങളെത്തുടര്‍ന്ന് ഉയര്‍ന്നു വന്ന വിവാദമാണ് ലൗ ജിഹാദ്. മലയാളത്തിലെ ഒരു ദിനപത്രത്തിലാണ് ഇതിനെക്കുറിച്ചുള്ള വാര്‍ത്ത ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

മുസ്ലിം പുരുഷനും അമുസ്ലിം സ്ത്രീയും തമ്മിലുള്ള, മതപരിവര്‍ത്തനത്തിനു വേണ്ടി എന്നാരോപിക്കപ്പെടുന്ന, വിവാദപരമായ പ്രണയബന്ധങ്ങളെ സൂചിപ്പിക്കാനാണ് കേരളത്തിലെ മാധ്യമങ്ങളും ചില സംഘടനകളും ‘ലൗ ജിഹാദ്’ എന്ന പദം ഉപയോഗിക്കുന്നത്.

കേരളത്തിന്റെ രാഷ്ട്രീയ കാലാവസ്ഥയില്‍ വലിയ തോതില്‍ വിളവ് കൊയ്യാം എന്ന പ്രതീക്ഷയോടെയും ആ ലക്ഷ്യത്തോടെയും സംഘപരിവാര്‍ നടത്തിയ പരീക്ഷണമാണിത്.

കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നില്ലായെന്ന് ഇന്റലിജന്‍സ് മേധാവി വരെ വ്യക്തമാക്കിയിട്ടും ഇത്തരം വ്യാജ വാര്‍ത്തകള്‍ ആവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നു സ്ഥാപിച്ചെടുക്കാന്‍ സംഘപരിവാര്‍ കിണഞ്ഞു ശ്രമിക്കുന്നതിനിടെയാണ് സീറോ മലബാര്‍ സഭയുടെ ആരോപണവും പുറത്തുവന്നത്. ഇതിനാധാരമായി ഒറ്റ തെളിവു പോലും പുറത്തുവിടാന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ലെങ്കിലും സംഘപരിവാര്‍ ശ്രമങ്ങള്‍ക്കു ജീവന്‍ പകരാന്‍ മാത്രമേ ഇത്തരം ആരോപണങ്ങള്‍ ഉപകരിക്കൂവെന്ന വിമര്‍ശനം ഉയരുന്നുണ്ട്.

അതിനിടയിലാണ് കേന്ദ്രസര്‍ക്കാര്‍ തന്നെ കേരളത്തിലെ ലൗ ജിഹാദ് കേസുകളെ തള്ളി രംഗത്തെത്തിയിരിക്കുന്നത്.