കൊച്ചി: കേരളത്തിലോ മറ്റിടങ്ങളിലോ പ്രണയത്തിന്റെ മറവില്‍ മതപരിവര്‍ത്തനം ലക്ഷ്യമിട്ടു റോമിയോ ജിഹാദ് ലൗ ജിഹാദ് എന്നീ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് തെളിവുകളില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു. സംഘടനയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും സംസ്ഥാനത്ത് സംഘടിത മതംമാറ്റം നടക്കുന്നില്ലെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. മാധ്യമങ്ങളാണ് ലൗ ജിഹാദ് പദപ്രയോഗം നടത്തുന്നതെന്നും ഒറ്റപ്പെട്ട പ്രണയ കേസുകളാണ് ഇത്തരത്തില്‍ ചിത്രീകരിക്കപ്പെടുന്നതെന്നും ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനം തെളിയിക്കുന്ന സൂചനകളൊന്നും ദേശീയ തലത്തില്‍ ലഭിച്ചിട്ടില്ലെന്നും അസി സോളിസിറ്റര്‍ ജനറല്‍ ടി പി എം ഇബ്രാഹിംഖാന്‍ വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരും ഇതേ വിശദീകരണമാണു നേരത്തേ കോടതിയില്‍ നല്‍കിയത്. കേസില്‍ കക്ഷിചേരാന്‍ അനുമതി തേടി മലപ്പുറത്തെ അസോസിയേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് എന്ന സംഘടനയും ഹര്‍ജി നല്‍കിയിരുന്നു. തങ്ങളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിക്കാന്‍ അനുമതിതേടി പത്തനംതിട്ടയിലെ എം ബി എ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റി പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതികളായ ഷഹന്‍ഷായും സിറാജുദ്ദീനും കോടതിക്ക് അയച്ച കത്തും കേസിന്റെ പരിഗണനക്കിടെ പരാമര്‍ശവിഷയമായി. കേസില്‍ കോടതി നടത്തിയ പരാമര്‍ശങ്ങള്‍ സാമുദായിക ധ്രുവീകരണത്തിനും വിഭാഗീയതയ്ക്കും കാരണമായതായി കത്തില്‍ ആരോപിച്ചു. വാദം പൂര്‍ത്തിയായ ഹര്‍ജികള്‍ കോടതി വിധി പറയാന്‍ ഒമ്പതിലേക്ക് മാറ്റി.