തൃക്കാക്കര വിധിയുടെ പൂര്‍ണ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കും: വി.ഡി. സതീശന്‍
Kerala News
തൃക്കാക്കര വിധിയുടെ പൂര്‍ണ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കും: വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th May 2022, 6:16 pm

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ തോല്‍ക്കുകയോ വോട്ടുകുറയുകയോ ചെയ്താല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്ത്വം ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

‘കേരള ചരിത്രത്തില്‍ ഒരു ഉപതെരഞ്ഞെടുപ്പിലുമില്ലാത്ത തരത്തില്‍ വളരെ കൃത്യമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃക്കാക്കരയില്‍ പ്രവര്‍ത്തിച്ചുണ്ട്. അതിന്റെ ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ട്,’ വി.ഡി. സതീശന്‍ പറഞ്ഞു.

പി.ടി തോമസ് വിജയിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ ഉമ തോമസ് വിജയിക്കുമെന്നും ജനങ്ങള്‍ക്കിടയില്‍ സ്ഥാനാര്‍ഥിക്ക് വലിയ സ്വീകാര്യത ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കള്ളവോട്ട് നടത്താന്‍ സി.പി.ഐ.എമ്മിനെ അനുവദിക്കില്ല. കേരളത്തില്‍ വ്യാപകമായി നടക്കുന്ന കള്ളവോട്ടുകള്‍ക്ക് തൃക്കാക്കര ഉപതെരഞ്ഞെടുപ്പോടെ അന്ത്യം കുറിക്കണം. വര്‍ഗീയതയെ പ്രീണിപ്പിക്കാനുള്ള നീക്കമാണ് പിണറായിയും സി.പി.ഐ.എമ്മും നടത്തിയത്,’ വി.ഡി. സതീശന്‍ പ്രതികരിച്ചു.

ഒരു കള്ളവോട്ട് പോലും തൃക്കാക്കരയില്‍ ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. മരിച്ചവര്‍, വിദേശത്തുള്ളവര്‍ എന്നിവരുടെ പട്ടിക തയ്യാറാക്കി. കള്ളവോട്ട് ചെയ്യുന്നത് സി.പി.ഐ.എം ആണെന്ന് എല്ലാവര്‍ക്കും അറിയാം. കള്ളവോട്ടിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ചിന് എന്തിന് അനുമതി നല്‍കിയെന്നും സതീശന്‍ ചോദിച്ചു. തൃക്കാക്കരയില്‍ വോട്ടുറപ്പിക്കാന്‍ വേണ്ടിയാണ് ആലപ്പുഴ റാലിക്ക് അനുമതി നല്‍കിയത്.

വര്‍ഗീയ കക്ഷികളെ അഴിഞ്ഞാടാന്‍ അനുവദിക്കുകയാണ് സംസ്ഥാനത്ത്. സി.പി.ഐ.എമ്മുമായി പോപ്പുലര്‍ ഫ്രണ്ടിന് ധാരണയുണ്ട്. മുന്‍ മന്ത്രിമാര്‍ പോപ്പുലര്‍ ഫ്രണ്ടുമായി ചര്‍ച്ച നടത്തിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

അതേസമയം തൃക്കാക്കര ഉപ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി. സമാധാനപരവും സുഖമവുമായ തെരഞ്ഞെടുപ്പ് നടത്തിപ്പിനായി സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പൊതുജനങ്ങളും സഹകരിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

വോട്ടെണ്ണല്‍ കേന്ദ്രമായ എറണാകുളം മഹാരാജാസ് കോളേജിലാണ് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സ്‌ട്രോംഗ് റൂമും ഒരുക്കിയിരിക്കുന്നത്.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതുനിരീക്ഷകന്‍ ഗിരീഷ് ശര്‍മ്മയുടെയും ചെലവ് നിരീക്ഷകന്‍ ആര്‍.ആര്‍.എന്‍ ശുക്ലയുടയും നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു വരികയാണ്.

Content Highlights: lose in Thrikkakarabyelection take full responsibility for it VD Satheesan