ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
അയ്യപ്പനും ഒരുപാട് പേരെ കൊന്നിട്ടുണ്ട്; കൊലപാതകക്കേസുകളില്‍ പ്രതിയല്ലേ എന്ന ചോദ്യത്തിന് ന്യായീകരണവുമായി വത്സന്‍ തില്ലങ്കേരി
ന്യൂസ് ഡെസ്‌ക്
Friday 9th November 2018 9:31pm

കണ്ണൂര്‍: അയ്യപ്പന്‍ നിരവധി പേരെ കൊന്നിട്ടുണ്ടെന്ന് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി. ജനം ടി.വിയുടെ ജനസഭ എന്ന പരിപാടിയ്ക്കിടെയായിരുന്നു വത്സന്‍ തില്ലങ്കേരിയുടെ പരാമര്‍ശം.

ചിത്തിര ആട്ടവിശേഷത്തിനോടനുബന്ധിച്ച് ശബരിമലയില്‍ വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ആളുകള്‍ എത്തിയിരുന്നു. അക്രമാസക്തരായ ആളുകളെ അനുനയിപ്പിക്കാന്‍ വത്സന്‍ തില്ലങ്കേരി പതിനെട്ടാംപടിയില്‍ ഇരുമുടിക്കെട്ടില്ലാതെ കയറിയതും വിവാദമായിരുന്നു.

ഇതിന് പിന്നാലെ നടന്ന പരിപാടിയിലാണ് തന്റെ പേരിലുള്ള കൊലപാതകക്കേസുകളെ ന്യായീകരിക്കാന്‍ അയ്യപ്പനും ഒരുപാട് പേരെ കൊന്നിട്ടുണ്ടെന്ന് അദ്ദേഹം വാദിച്ചത്. പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് വന്ന ചോദ്യത്തിനാണ് വത്സന്‍ തില്ലങ്കേരി ഇത്തരത്തില്‍ പ്രതികരിച്ചത്.


‘ദൈവത്തെ സംരക്ഷിക്കാന്‍ മനുഷ്യന്‍ മതിയോ. ഇത് ദൈവത്തെ അപമാനിക്കലല്ലേ, ശബരിമല വിധി നിങ്ങള്‍ക്ക് അനുകൂലമായില്ല എങ്കില്‍ നിങ്ങള്‍ എത്ര നാള്‍ അവിടെ സ്ത്രീകളെ കയറ്റാതിരിക്കും?,

ശബരിമലയില്‍ പോവാന്‍ നിങ്ങള്‍ക്ക് എന്ത് അര്‍ഹതയുണ്ട്. പല കൊലപാതകക്കേസിലും പ്രതിയാണ് നിങ്ങള്‍. അങ്ങനെയുള്ളഒരാള്‍ക്ക് എന്ത് അര്‍ഹതയാണുള്ളത്.? എന്നിങ്ങനെയായിരുന്നു ഒരു പ്രേക്ഷകന്റെ ചോദ്യം.

ഇതിലെ ചോദ്യത്തിനായിരുന്നു വത്സന്‍ തില്ലങ്കേരിയുടെ മറുപടി.
‘അയ്യപ്പന്‍ ഒരുപാട് ആളുകളെ കൊന്നിട്ടുള്ളയാളാണെന്ന് അറിയോ, ചരിത്രം അറിയോ അയ്യപ്പന്‍ ഉദയനന്‍ എന്ന കാട്ടുകള്ളനുള്‍പ്പടെ നിരവധി ആളുകളെ കൊല ചെയ്തിട്ടുണ്ടെന്നുള്ള ചരിത്രം അറിയോ’

തന്റെ പേരിലുള്ളത് കള്ളക്കേസാണെന്നും എന്നാല്‍ അയ്യപ്പന്റെ പേരിലുള്ളത് ഒറിജിനല്‍ കേസാണെന്നും വത്സന്‍ തില്ലങ്കേരി വാദിച്ചു.


താങ്കള്‍ കൊലപാതകത്തെ ന്യായീകരിക്കുകയല്ലേ ചെയ്തത് എന്ന ചോദ്യത്തിന് ദുഷ്ടലാക്കോടെയുള്ള ചോദ്യത്തിന് ഇങ്ങനെയെ മറുപടി പറയാനാകൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കൊലപാതകക്കേസുകള്‍ തന്റെ പേരിലുണ്ടെന്നും ചിലതില്‍ ഹൈക്കോടതി വിട്ടയച്ചുവെന്നും മറ്റൊന്നില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണെന്നും തില്ലങ്കേരി സമ്മതിക്കുന്നുണ്ട്. എന്നാല്‍ വത്സന്‍ തില്ലങ്കേരിയുടെ ന്യായീകരണത്തെ ആഘോഷമാക്കി പരിപാടിയുടെ വീഡിയോ സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനമനുവദിച്ചുള്ള സുപ്രീംകോടതി വിധി വന്നതിനുശേഷം സംഘപരിവാര്‍ നേതൃത്വത്തില്‍ വലിയ സംഘര്‍ഷമാണ് ഉടലെടുത്തിരിക്കുന്നത്. തുലമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ പൊലീസിനെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും വലിയ തോതിലുള്ള അക്രമസംഭവങ്ങളാണ് അരങ്ങേറിയത്.

ചിത്തിര ആട്ടവിശേഷത്തിന് നടതുറന്നപ്പോഴും ഭക്തരടക്കമുള്ളവരെ ഒരു സംഘമാളുകള്‍ ആക്രമിച്ചിരുന്നു.

WATCH THIS VIDEO:

Advertisement