Administrator
Administrator
ലണ്ടന്‍ കണ്ട് മടങ്ങാം
Administrator
Wednesday 5th October 2011 6:33am

വിബീഷ് വിക്രം

1936ലെ ബെര്‍ലിന്‍ ഒളിപിക്‌സ് മത്സരവേദി. ഒരു ഒളിപിംക്‌സില്‍ തന്നെ നാല് സ്വര്‍ണം നേടി അത് വരെ അജയ്യമെന്ന് കരുതിയിരുന്ന നേട്ടം കയ്യെത്തി പിടിച്ച് അമേരിക്കയുടെ ജസ്സി ഓവന്‍സ് എന്ന കറുത്ത വര്‍ഗ്ഗക്കാരന്‍ അരങ്ങ് വാണ പതിനൊന്നാം ഒളിപിംക്‌സ്. ബെര്‍ലിനില്‍ നെതര്‍ലന്‍ഡിനെ പ്രതിനിധീകരിച്ച് ഒരു പതിനെട്ടുകാരി ഹൈജംപിലും റിലേയിലും പങ്കെടുത്തു. എന്നാല്‍ രണ്ടിലും മെഡല്‍ പട്ടികയില്‍ ഇടം പിടിക്കാന്‍ അവള്‍ക്കായില്ല. ഹൈജംപില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ റിലെയില്‍ അവള്‍ പങ്കെടുത്ത ടീമിന് അഞ്ചാമതായി ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. എങ്കിലും അവള്‍ നിരാശയായില്ല. ജെസ്സിയുടെ വിസ്മയം പ്രകടനം കണ്ട് ലോകം കണ്ണും മിഴിച്ചിരിന്നപ്പോള്‍ അവള്‍ മനസ്സിലൊരു സ്വപ്‌നം നെയ്യുകയായിരുന്നു. നാല് വര്‍ഷത്തിന് ശേഷം ഒളിപിക്‌സ് വീണ്ടുമെത്തുമ്പോള്‍ ജെസ്സിയെപ്പോലം നാല് തവണ വിക്ടറി സ്റ്റാന്‍ഡില്‍ നിന്ന് തന്റെ മാതൃരാജ്യത്തിന്റെ ദേശീയ ഗാനത്തിനൊപ്പം ചുണ്ടനക്കാന്‍ സാധിച്ചിരുന്നെങ്കില്‍… ഫെന്നി ബ്ലാക്‌സ് എന്ന ചുരുക്കപ്പേരിലറിയപ്പെട്ട ഫ്രാന്‍സിന ബ്ലാങ്കേഴ്‌സ് കോന്‍ എന്ന കൗമാര താരമായിരുന്നു ആ പെണ്‍ കുട്ടി.

തിരിച്ച് നാട്ടിലെത്തിയ ഫെന്നി ആഗ്രഹ പൂര്‍ത്തീകരണത്തിനായി കഠിന പരിശീലനം തന്നെ ആരംഭിച്ചു. എന്നാല്‍ രണ്ടാം ലോക മഹായുദ്ധം കാരണം 1940ലെ ടോക്കിയോ ഒളിപിക്‌സും 1944ലെ ലണ്ടന്‍ ഒളിപിക്‌സും റദ്ദാക്കിയിത് ഫെന്നിക്ക് തിരിച്ചടിയായി. ഇതിനിടയില്‍ 1940ല്‍ ഫെന്നി വിവാഹിതയായി. രണ്ട് കുട്ടികളുടെ മാതാവുമായി. എങ്കിലും ഫെന്നി ഓട്ടത്തിലും ചാട്ടത്തിലുമുള്ള തന്റെ പരിശീലനം തുടര്‍ന്ന കൊണ്ടേയിരുന്നു.

രണ്ട് തവണ റദ്ദാക്കിയതിന് ശേഷം 1948ല്‍ ലണ്ടന്‍ പതിനാലാമത് ഒളിപിക്‌സിന് വേദിയായി. മുപ്പതുകാരിയായ ഫെന്നിയും നെതര്‍ലാന്‍ഡ് ഒളിപി്‌സ് ടീമില്‍ ഇടം കണ്ടെത്തി. വീട്ടുകാരും കൂട്ടുകാരും പ്രിയപ്പെട്ടവരുമായ നിരവധിപേര്‍ നിരുത്സാഹപ്പെടുത്തിയിട്ടും ഫെന്നി ഒളിപിക്‌സില്‍ പങ്കെടുക്കാന്‍ തന്നെ തീരുമാനിച്ചു. പിന്നീട് ലോകം ദൃക്‌സാക്ഷിയായത് ചരിത്രത്തിന്റെ ആവര്‍ത്തനത്തിനായിരുന്നു. ലണ്ടനില്‍ ജെസ്സി ഓവന്‍സ് നേടിയ അത് വരെ അപ്രാപ്യമെന്ന് കരുതിയിരുന്ന അതുല്യ നേട്ടം ലണ്ടനില്‍ മുപ്പതുകാരിയും രണ്ട് കു്ട്ടികളുടെ അമ്മയുമായ ഫെന്നി സ്വന്തമാക്കി. ഒരു ദശാബ്ദക്കാലത്തെ തന്റെ ആഗ്രഹപൂര്‍ത്തീകരണം..

100 മീറ്റര്‍, 200 മീറ്റര്‍, 80 മീറ്റര്‍ ഹര്‍ഡില്‍സ്, 4*100 മീറ്റര്‍ റിലേ എന്നീ ഇനങ്ങളിലായിരുന്നു ഫെന്നി സ്വര്‍ണം സ്വന്തമാക്കിയത്. അന്ന് വനിതാ അത്‌ലറ്റുകള്‍ക്ക് മൂന്നില്‍ കൂടുതല്‍ വ്യക്തിഗത ഇനങ്ങളില്‍ പങ്കെടുക്കാനാകുമായിരുന്നില്ല. അല്ലെങ്കില്‍ ഫെന്നിയുടെ സ്വര്‍ണനേട്ടമിനിയും ഉയര്‍ന്നേനെ. നിരവധി തവണ ലേകറെക്കോര്‍ഡുകല്‍ക്ക് നേരെ സ്വന്തം പേര് കുറിച്ചിട്ട ഫെന്നിയുടെ 100 മീറ്ററിലെ മികച്ച സമയം 1942ല്‍ കുറിച്ച 11.03സെക്കന്റായിരുന്നു. അന്നത് ലേകറിക്കാര്‍ഡായിരുന്നു.

ഫെന്നിയുടെ കഥ തത്ക്കാലം ഇവിടെ നിര്‍ത്തട്ടെ. നമുക്ക ഇന്ത്യയിലേക്ക് വരാം. വര്‍ഷം 2011. ബാംഗ്ലൂരിലെ ശ്രീകണ്ഠീരവാ സ്റ്റേഡിയത്തില്‍ ദേശീയ സീനിയര്‍ അത്‌ലറ്റിക് മീറ്റ് പുരോഗമിക്കുകയാണ്. 2012ലെ ലണ്ടന്‍ ഒളിപിക്‌സിന് യോഗ്യത ഉറപ്പിക്കാനായി ഇന്ത്യയുടെ പ്രമുഖ അത്‌ലറ്റുകലെല്ലാം മീറ്റില്‍ പങ്കെടുക്കുന്നുണ്ട്. ബാംഗ്ലൂരില്‍ വനിതകളുടെ 100 മീറ്ററില്‍ ഒന്നാമതെത്തിയത് മലയാളിയായ യുവതാരം പി.കെ പ്രിയ ആയിരുന്നു. 100 മീറ്റര്‍ ഫിനിഷിങ്ങ് ലൈന്‍ കടക്കാന്‍ പ്രിയ എടുത്ത സമയം 11.97 സെക്കന്റ്. തന്റെ മുപ്പതാം വയസ്സില്‍ 1942ല്‍ ഫെന്നി കുറിച്ച സമയത്തെക്കാളും 94 സെക്കന്റ് പിറകില്‍. (സെക്കന്റുകള്‍ക്ക് അത്‌ലറ്റിക്‌സിലുള്ള പ്രാധാന്യം മറ്റാരെക്കാളും നന്നായി മലയാളികള്‍ക്കറിയാം.സോള്‍ ഒളിപിക്‌സില്‍ സെക്കന്റിന്റെ നൂറിലൊരംശത്തിനാണ് പയ്യോളി എക്‌സപ്രസ് പി.ടി ഉഷക്ക് വെങ്കല മെഡല്‍ നഷ്ടമായത്.) 59 വര്‍ഷത്തിനിപ്പുറവും നമ്മുടെ അത്‌ലറ്റിക്‌സ് രംഗം ലോകനിലവാരത്തില്‍ നിന്നും എത്രമാത്രം പിറകിലാണെന്ന് ചൂണ്ടിക്കാട്ടാന്‍ ഇതില്‍ പരം വലിയ ഉദാഹരണം വേണോ…?

ലണ്ടനിലെ തേംസ് നദിക്കരയില്‍ മുപ്പതാമത് വിശ്വമഹാകായികമേളക്ക് തിരിതെളിയാന്‍ ഇനി 200ലധികം ദിവസങ്ങള്‍ മാത്രം. അത്‌ലറ്റിക്‌സില്‍ 120 കോടി ജനങ്ങളുടെ മെഡല്‍ പ്രതീക്ഷകളുമായി ലണ്ടനിലെ ട്രാക്കില്‍ മത്സരത്തിനിറങ്ങാന്‍ ഇതിനകം യോഗ്യത നേടിയത് രണ്ട് മലയാളികളടക്കം അഞ്ച് പേര്‍. ഒളിപിക്‌സില്‍ അത്‌ലറ്റിക്‌സില്‍ നിന്ന് ഒരു സ്വര്‍ണ്ണം എന്ന ഇന്ത്യയുടെ സ്വപ്‌നം ഇത്തവണയും പൂവണിയില്ല എന്ന് ഏറെകക്കുറെ ഉറപ്പാണ്. സ്വര്‍ണം പോയിട്ട് ആദ്യ പത്ത് സ്ഥാനങ്ങളിലെന്നില്‍ പോലും ഇടം പിടിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിക്കില്ല എന്നാണ് വസ്തുതകള്‍ പരിശോധിക്കുമ്പോള്‍ മനസിലാവുക..

ഡിസ്‌ക്കസ് ത്രോയില്‍ വികാസ് ഗൗഡ, 20 കി.മി.നടത്തത്തില്‍ ഗുര്‍മീത് സിങ്ങ്, ഷോട്ട് പുട്ടില്‍ ഓംപ്രകാശ്, ട്രിപ്പിള്‍ ജംപില്‍ മയൂഖ ജോണി, 800 മീറ്ററില്‍ ടിന്റു ലൂക്ക എന്നിവരാണ് ഇതിനകം ലണ്ടനിലേക്ക് ടിക്കറ്റുറപ്പിച്ചത്. ഇതില്‍ വികാസ് ഗൗഡ ഒഴിച്ചുള്ള നാല് പേരും ആദ്യമായാണ് ഒളിപിക്‌സിന് യോഗ്യത നേടുന്നത്. എല്ലാവരും ബി സ്റ്റാന്‍ഡേര്‍ഡ് യോഗ്യതാമാര്‍ക്ക് മറികടന്നാണ് ലണ്ടനിലേക്ക് സീറ്റുറപ്പിച്ചത്. അഞ്ച് പേരുടെയും മികച്ച പ്രകടനവും ലോകകായികരംഗത്തെ മെച്ചപ്പെട്ട പ്രകടനവും താരതമ്യപ്പെടുത്തി പരിശോധിക്കുമ്പോള്‍ ലണ്ടനിലും ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷക്ക് വകയില്ലെന്ന് ഏറെക്കുറെ ഉറപ്പിക്കാം.

പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയില്‍ ഒളിപികസിനുള്ള എ സ്റ്റാന്‍ഡേര്‍ഡ് യോഗ്യതാമാര്‍ക്ക് 66 മീറ്ററാണ്. ബി സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്ക 63 മീറ്ററും. ദെയ്ഗുവില്‍ സമാപിച്ച ലോക അത്‌ലറ്റിക് മീറ്റില്‍ 64.05 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് വികാസ് ലണ്ടനിലേക്ക യോഗ്യത നേടിയത്. ഈയിനത്തില്‍ വികാസിന്റെ തന്നെ പേരിലുള്ള ദേശീയ റെക്കോര്‍ഡ് 4.96 മീറ്ററാണ്. ലണ്ടനില്‍ ദേശീയ റെക്കോര്‍ഡ് മൂന്ന് മീറ്റര്‍ മെച്ചപ്പെടുത്തിയാല്‍പ്പോലും വികാസിന് മെഡല്‍ പട്ടികയില്‍ ഇടം പിടിക്കാനാവുമെന്ന് തോന്നുന്നില്ല. ലോക കായികരംഗത്ത് ഇതിനകം ഇരുപതിലധികം പേര്‍ 65 മീറ്ററിലധികം പിന്നിട്ട് കഴിഞ്ഞു. വികാസ് ദൂരം നാല് മീറ്റര്‍ മുതല്‍ അഞ്ച് മീറ്റര്‍ വരെ മെച്ചപ്പെടുത്തിയെങ്കില്‍ മാത്രമേ ഈയിനത്തില്‍ മെഡല്‍ പ്രതീക്ഷക്ക് വകയുള്ളൂ.

20 കി.മി നടത്തത്തില്‍ ഗുര്‍മീത് സിങ്ങിന്റെ മികച്ച സമയം 1:24:34മിനിറ്റാണ്. നാല് വര്‍ഷം മുമ്പ് 2008ലെ ബീംജിഗ് ഒളിപിക്‌സില്‍ ഈയിനത്തിലെ വെങ്കലമെഡല്‍ ജേതാവിന്റെ സമയം 1:19:42 മിനിറ്റ്. അതായത് ഈയിനത്തിന്‍ നമ്മളിപ്പോഴും പത്തോ അതിലധികമോ വര്‍ഷം പിറകിലാണെന്ന് സാരം. സമയം ഏഴോ എട്ടോ മിനിറ്റ് മെച്ചപ്പെടുത്തിയാല്‍ മാത്രമേ ഗുര്‍മീതിന് മെഡല്‍ പട്ടികയിലിടം പിടിക്കാന്‍ കഴിയൂ. സെക്കന്റുകള്‍ മെച്ചപ്പെടുത്താന്‍ തന്നെ ദീര്‍ഘനാളത്തെ പരിശീലനം ആവശ്യമായ അത്‌ലറ്റിക്‌സില്‍ ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഏഴോ എട്ടോ മിനിറ്റ് മെച്ചപ്പെടുത്തുകയെന്നത് അപ്രാപ്യമായകാര്യം തന്നെ…

ഇരുമ്പ് ഗോളം 20.04 മീറ്റര്‍ ദൂരത്തേക്ക വലിച്ചെറിഞ്ഞാണ് ഓംപ്രകാശ് ലണ്ടനിലേക്ക് ടിക്കറ്റ് കരസ്ഥമാക്കിയത്. ഗ്വാങ്ഷൂ ഏഷ്യന്‍ ഗെയിംസ് ചാംപ്യന്‍, ജപ്പാനിലെ കേബി്ല്‍ നടന്ന ഏഷ്യന്‍ മീറ്റില്‍ വെങ്കലം, 20 മീറ്ററിലധികം ദൂരം കണ്ടെത്തിയ മൂന്നാമത്തെ ഇന്ത്യക്കാരന്‍, ഈയടുത്ത കാലത്തായി ഓംപ്രകാശ് കൈവരിച്ച നേട്ടങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തുന്ന്താണ്. എങ്കിലും ലോകനിലവാരത്തിലും എത്രയോ താഴെയാണ് ഓംപ്രകാശിന്റെ പ്രകടനം എന്നതാണ് വാസ്തവം.

ട്രിപ്പിള്‍ ജംപില്‍ 13.99 മീറ്റര്‍ ചാടിയാണ് മലയാളിയായ മയൂഖ ജോണി ഒളിപിക്‌സിന് യോഗ്യ നേടിയത്. ലോക രംഗത്ത് 44 പേര്‍ 14 മീറ്റര്‍ ഈ വര്‍ഷം പിന്നിട്ട കഴിഞ്ഞു. 14.98 മീറ്റര്‍ ചാടിയ ഉക്രൈന്റെ ഓള്‍ഗ സലാദുഹയുടെതാണ് ഈ വര്‍ഷത്തെ മികച്ച ദൂരം. ഇന്ത്യയില്‍ 14 മീറ്റര്‍ മറികടന്നത് മയൂഖ മാത്രമാണ എനന്ത് വാസ്തവമാണെങ്കിലും കുറഞ്ഞത് രണ്ട് മീറ്ററെങ്കിലും മെച്ചപ്പെടുത്തിയാലേ പ്രതീക്ഷക്ക് വകയുള്ളൂ..

ഒളിപ്യന്‍ പി.ടി ഉഷയുടെ ശിക്ഷ്യയായ ടിന്റു ലൂക്കയുടെ 800 മീറ്ററിലെ മികച്ച സമയം 1:59:17മീറ്ററാണ്. ലോക അത്‌ലറ്റിക് മീറ്റില്‍ ഈയിനത്തിലെ ബി സ്റ്റാന്‍ഡേര്‍ഡ് യോഗ്യതാ മാര്‍ക്കായ 2:01:30 മിനിറ്റ് മറികടന്നാണ് ടിന്റു ലണ്ടനിലേക്ക് പ്രവേശനം ഉറപ്പിച്ചത്. 1:59:90 മീറ്ററാണ് എ സ്റ്റാന്‍ഡേര്‍ഡ് യോഗ്യതാമാര്‍ക്ക്. ലോക കായികരംഗത്ത് രണ്ട് മിനിറ്റില്‍ താഴെ ഇതിനകം 23 പേര്‍ 800 മീറ്റര്‍ പിന്നിട്ട് കഴിഞ്ഞു. സമയം രണ്ട് മിനിട്ടെങ്കിലും മെച്ചപ്പെടുത്തിയാല്‍ മത്രമേ ടിന്റുവില്‍ നിന്ന് പ്രതീക്ഷക്ക് വകയുള്ളൂ.

ഡിസംബര്‍ വരെ സമയമുള്ള സ്ഥിതിക്ക് ഇനിയും പത്ത് പേരെങ്കിലും തട്ടിയും മുട്ടിയും യോഗ്യതാമാര്‍ക്ക് മറികടന്ന് ഒളിപിക് ടീമില്‍ ഇടം പിടിച്ചേക്കാം. ഇതുവരെയുള്ള പ്രകടനം വച്ച് വിലയിരുത്തുമ്പോള്‍ ആരില്‍ നിന്നും ഇത്തവണയും മെഡലൊന്നും പ്രതീക്ഷിക്കണ്ട. വര്‍ഷാവര്‍ഷം സ്‌കൂളുകളില്‍ നിന്നും എസ്‌കര്‍ഷന് പോകുന്ന വിദ്യാര്‍ത്ഥികളെ പോലെ നാല് വര്‍ഷം കൂടുമ്പോള്‍ ഒരുല്ലാസയാത്ര. ഒളിപിക്‌സ് നഗരത്തിലെ കാഴ്ചകളും കണ്ട് ഒളിപ്യന്‍ എന്ന വിശേഷണവും പേറി വെറും കയ്യോടെ തിരിച്ച് കയറാം.. മറിച്ചെന്തിങ്കിലും സംഭവിക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. കഴിഞ്ഞ തവണ അപ്രതീക്ഷിതമായി അഭിനവ് ബിന്ദ്ര ഉന്നം തെറ്റാതെ വെടിവെച്ചിട്ട സ്വര്‍ണം പോലെ വെടിയൊച്ച മുഴങ്ങുന്ന അത്‌ലറ്റിക്‌സ് ട്രാക്കില്‍ നിന്നും ആരെങ്കിലും അത്ഭുതങ്ങള്‍ കാണിച്ച് സ്വര്‍ണം കയ്യെത്തിപിടിക്കുമോ..അങ്ങിനെ തന്നെ സംഭവിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം..അതിനായി കാത്തിരിക്കാം..

ഫൂട്ട് നോട്ട്: ഒളിപിക്‌സില്‍ മെഡല്‍ നേടാന്‍ സാധ്യതയുള്ള 22 കായികതാരങ്ങള്‍ക്ക് 6.85 കോടി രൂപ കേന്ദ്ര കായികമന്ത്രാലയം അടുത്തിടെ ധനസഹായം നല്‍കുകയുണ്ടായി. വിദേശ പരിശീലനം, പെഴ്‌സനല്‍ കോച്ച്, വിദേശ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുക തുടങ്ങിയവക്കാണ് ധനസഹായം അനുവദിച്ചത്.

ഇത് പ്രകാരം ഷൂട്ടിംഗ് താരം രോഞ്ജന്‍ സോധിക്ക് നല്‍കിയത് ഒരു കോടിയോളം രൂപ. വര്‍ഷങ്ങളായി അമേരിക്കയില്‍ വിദേശ കോച്ചിനും താരങ്ങള്‍ക്കുമൊപ്പം പരിശീലനം നടത്തികൊണ്ടിരിക്കുന്ന ഡിസ്‌കസ് ത്രോ താരം വികാസ് ഗൗഡക്ക് ലഭിച്ചതാകട്ടെ 24 ലക്ഷവും…

Advertisement