Administrator
Administrator
ലണ്ടനില്‍ മുഴങ്ങുമോ സ്വര്‍ണ വെടിയൊച്ചകള്‍?
Administrator
Wednesday 10th August 2011 3:29am

വിബീഷ് വിക്രം

ഒന്നില്‍ കൂടുതല്‍ സ്വര്‍ണ്ണം.. ലണ്ടന്‍ ഒളിംപിക്‌സിലെ ഷൂട്ടിംഗ് റേഞ്ചില്‍നിന്ന് ഇന്ത്യ സ്വപ്‌നം കാണുന്നതിതാണ്. പ്രതീക്ഷക്ക് വക നല്‍കുന്നതാണ് ഇത് വരെയുള്ള ഷൂട്ടര്‍മാരുടെ പ്രകടനം. ഷൂട്ടിംഗില്‍ നിന്നും ഇതിനകം ലണ്ടനിലേക്ക് യോഗ്യത നേടിയത് എട്ട് പേര്‍. നാല് മുന്‍നിര താരങ്ങള്‍ ഇനിയും യോഗ്യതക്കായി കാത്തിരിക്കുമ്പോള്‍ ഇന്ത്യന്‍ ഷൂട്ടിംഗ് സംഘം ലണ്ടനില്‍ ചരിത്രം രചിക്കുമെന്ന് തന്നെയാണ് കരുതുന്നത്. (ഇത് വരെ നാല് പേര്‍ മാത്രമാണ് അത്‌ലറ്റിക്‌സില്‍ നിന്ന് ലണ്ടനിലേക്ക് യോഗ്യത നേടിയിട്ടുളളൂ എന്നതും ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്)

ആതന്‍സ് ഒളിപിംക്‌സില്‍ രാജ്യവര്‍ദന്‍ സിങ് റാത്തോഡ് നേടിയ വെള്ളിമെഡലാണ് ഇന്ത്യന്‍ ഷൂട്ടിംഗിന്റെ കുതിപ്പിന് നിമിത്തമായത്. ഒളിപിംക്‌സിലെ ഇന്ത്യയുടെ ആദ്യ വെള്ളിമെഡലായിരുന്നു റാത്തോഡ് നേടിയത്. നാല് വര്‍ഷത്തിന് ശേഷം ബീജിംഗില്‍ അഭിനവ് ബിന്ദ്രയിലൂടെ ഇന്ത്യ വീണ്ടും വിജയത്തിലേക്ക് വെടിപൊട്ടിച്ചു. റാത്തോഡിന്റെ വെള്ളിനേട്ടം മറികടന്ന് ഇന്ത്യയുടെ ആദ്യ ഒളിപിംക്‌സ് സ്വര്‍ണമെഡല്‍ ജേതാവായി ബിന്ദ്ര. പിന്നീടിങ്ങോട്ട് ഇന്ത്യന്‍ ഷൂട്ടര്‍മാരുടെ മികവ് ഏറിയേറി വരികയായിരുന്നു.

ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിലും, ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസിലും ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ സുവര്‍ണ നേട്ടങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 14 സ്വര്‍ണമടക്കം ഷൂട്ടിംഗ് റേഞ്ചില്‍നിന്ന് ഇന്ത്യ വാരിക്കൂട്ടിയത് 30 മെഡലുകളാണ്. ഷൂട്ടര്‍മാരുടെ മികവില്‍ ഗെയിംസ് ചരിത്രത്തിലാദ്യമായി ഇന്ത്യ മെഡല്‍ പട്ടികയില്‍ രണ്ടാമതെത്തി.

അഭിനവ് ബിന്ദ്ര, ഗഗന്‍ നരംഗ്, രജ്ജന്‍ സോധി, വിജയ് കുമാര്‍, ഹരി ഓം പ്രകാശ്, രാഗി സൊര്‍നോ ബട്ട്, സജ്ജീവ് രജ്പുത്, അന്നു രാജ് സിങ് എന്നിവരാണ് ഇതിനകം ലണ്ടനിലേക്ക് യോഗ്യത നേടിയത്. ബീജിംഗില്‍ ഒന്‍പത് ഇന്ത്യന്‍ ഷൂട്ടര്‍മാരാണ് പങ്കെടുത്തത്. ആതന്‍സിലെ വെള്ളി മെഡല്‍ ജേതാവ് രാജ്യവര്‍ദന്‍ സിങ് റാത്തോഡ്, മുന്‍ ദേശീയ വനിതാ ചാംപ്യന്‍ അജ്ജലീ ഭഗത്, ലോക റെക്കോര്‍ഡ് നേട്ടം കൈവരിച്ച തേജസ്വനി സാവന്ത, സമരേഷ് ജംഗ് എന്നിവര്‍ ഇനിയും യോഗ്യത നേടാനിരിക്കേ ലണ്ടനിലേക്കുള്ള ഇന്ത്യന്‍ ഷൂട്ടുംഗ് സംഘത്തിന്റെ എണ്ണം വര്‍ധിക്കുമെന്ന് തെന്നെയാണ് കരുതപ്പെടുന്നത്. യോഗ്യത നേടാനായി ഷോട്ട് ഗണ്‍ വിഭാഗത്തില്‍ രണ്ട് അവസരങ്ങളും പിസ്റ്റള്‍ റൈഫിള്‍ വിഭാഗത്തില്‍ ഓരേ അവസരങ്ങളും ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ക്ക് മുന്നിലുണ്ട്.

മുന്‍ നിര താരങ്ങളായ ബിന്ദ്ര, ഗഗന്‍, സോധി എന്നിവരില്‍ നിന്ന് സ്വര്‍ണത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. ബീജിംഗില്‍ 10 മീറ്റര്‍ എയര്‍റൈഫിളിള്‍ നേടിയ സ്വര്‍ണം ബിന്ദ്ര നിലനിര്‍ത്തുമെന്ന്തന്നെയാണ് കരുതുന്നത്. ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ കൊയ്ത്ത് നടത്തിയ താരമാണ് ഗഗന്‍ നരങ്. നാല് സ്വര്‍ണമാണ് ഗഗന്‍ ഉന്നം തെറ്റാതെ വെടിവെച്ചിട്ടത്.

ഡല്‍ഹിയിലെ അപൂര്‍വ്വ നേട്ടത്തിന് പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡ് നല്‍കി രാഷ്ട്രം ഗഗനെ ആദരിച്ചു . രാജ്യത്തെ ഏറ്റവും മി്കച്ച കായികതാരത്തിനുള്ള അവാര്‍ഡ് ലഭിച്ചത് ലണ്ടനിലും മിക്ച്ച പ്രകടനം ആവര്‍ത്തിക്കാന്‍ ഗഗന് പ്രേരണയാവും.

കഴിഞ്ഞ ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ മറ്റ് താരങ്ങള്‍ പാടെ നിറം മങ്ങിയപ്പോള്‍ സ്വര്‍ണം നേടിയ ഒരേയൊരു ഇന്ത്യന്‍താരമാണ് സോധി. നിലവില്‍ ലോക ഒന്നാം നമ്പറായ സോധിയില്‍ നിന്നും സ്വര്‍ണത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. അടുത്തിടെ നടന്ന ലേകകപ്പില്‍ ഷോട്ട് ഗണ്‍ വീഭാഗത്തില്‍ വെങ്കലം നേടിയതും സോധിയുടെ മേലുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു.

സീസണല്‍ ഷൂട്ടര്‍മാരായ ഇവര്‍ക്ക് പുറമെ ഹരി ഓം പ്രകാശ്, സജ്ജീവ് രജ്പുത് എന്നിവരും പ്രതീക്ഷ ഉണര്‍ത്തുന്നവരാണ്. ഗഗന് പിന്നാലെ രണ്ടാമതായി ലണ്ടനിലേക്ക് ടിക്കറ്റ് നേടിയയാളാണ് ഹരി ഓം പ്രകാശ്. സമീപകാലത്ത നടത്തിയ മികച്ച പ്രകടനങ്ങള്‍ രജ്പുതിലുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നു. കൊറിയയില്‍ നടന്ന ലോകക്കപ്പില്‍ റൈഫിള്‍ ത്രീ പൊസിസഷനില്‍ സ്വര്‍ണമെഡല്‍ നേടിയതും രജ്പുതിന് മേലുള്ള പ്രതീക്ഷകളുടെ ആക്കം കൂട്ടുന്നു.

പിസ്റ്റള്‍ ഷൂട്ടിംഗില്‍ മൂന്ന താരങ്ങളാണ് യോഗ്യത നേടിയത്. വിജയ് കുമാര്‍, അന്നു രാജ് സിങ, രാഗി സൊര്‍നോ ബട്ട് എന്നിവര്‍. വിദേശകോച്ചിന്റെ സേവനം ഏറെ അനിവാര്യമായ വിഭാഗമാണ് പിസ്റ്റള്‍ ഷൂട്ടിംഗ്. എന്നാല്‍ വിദേശ കോച്ചിന്റെ അഭാവത്തിലും കഠിനാദ്ധ്വാനവും വിജയത്തിനായുള്ള ദൃഢനിശ്ചയത്തോടുള്ള തീവ്ര പരിശീലനവുമാണ് മൂവരെയും യോഗ്യത നേടാന്‍ സഹായിച്ചത്. മികവ് വീണ്ടും തുടരാന്‍ മൂവര്‍ക്കും സാധിച്ചാല്‍ ഇവരില്‍ നിന്നും ഇന്ത്യക്ക് സുവര്‍ണ മെഡല്‍ നേട്ടം പ്രതീക്ഷിക്കാം.

ഇന്ത്യന്‍ ടീമിന്റെ മലയാളിയായ ദേശീയ കോച്ച് സണ്ണി ജോസഫ് തികഞ്ഞ പ്രതീക്ഷയിലാണ്. ലണ്ടന്‍ ഒളിപിംക്‌സ് ഒരു വര്‍ഷം മാത്രം അകലെയെത്തി നില്‍ക്കെ ഷൂട്ടിംഗ് താരങ്ങളുടെ പ്രകടനത്തിലും ഒരുക്കത്തിലും കോച്ചിന് തികഞ്ഞ തൃപ്തിയാണ്. ഇത്തവണ രാജ്യത്തിനായി ഒന്നില്‍കൂടുതല്‍ സ്വര്‍ണം ഷൂട്ടിംഗ് താരങ്ങള്‍ നേടിത്തരുമെന്ന കാര്യത്തില്‍ മികച്ച പരിശീലകനുള്ള ദ്രോണാചാര്യ അവാര്‍ഡ് കരസ്ഥമാക്കിയ സണ്ണി ജോസഫിന് ഒരു സംശയവുമില്ല.

ലോക കായികമേളയില്‍ രാഷ്ട്രത്തിന് വേണ്ടി പൊന്മുട്ടയിടുന്ന താറാവുകളാകുക ഏറെക്കുറെ ഷൂട്ടിംങ് താരങ്ങളാവുമെന്ന് വൈകിയാണെങ്കിലപം സര്‍ക്കാറും മനസിലാക്കികഴിഞ്ഞു. ലണ്ടനിലേക്കുള്ള ഒരുക്കങ്ങള്‍ക്ക് ദിശാബോധവും കൃത്യതയും നല്‍കുന്ന ഒപെക്‌സ് പദ്ധതി പ്രകാരം സര്‍ക്കാര്‍ ഷൂട്ടിംങിന് അനുവധിച്ചത് 43 കോടി രൂപയാണ്. പരിശീലനം, പോഷകാഹാരം, മികച്ച കായികോപകരണങ്ങള്‍, വിദേശ പരിശീലകരുടെ സേവനം എന്നിവ ലഭ്യമാക്കാനാണീ തുക. ഒപെക്‌സ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ തുക വകയിരിത്തിയിരിക്കുന്നതും ഷൂട്ടിംങിനാണ്.

ഡല്‍ഹികോമണ്‍വെല്‍ത്ത് ഗെയിംസിലെ ഷൂട്ടിംഗ റേഞ്ചില്‍ ഇന്ത്യന്‍ താരങ്ങള്‍ നടത്തിയ മെഡല്‍ കൊയ്ത്ത് പുതിയ പ്രതീക്ഷകള്‍ക്കൊപ്പം പുതിയവെല്ലുവിളികളുമുയര്‍ത്തുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് എന്നിവയില്‍ നിന്ന് തീര്‍ത്തും വിഭിന്നമാണ് ഒളിംപിക്‌സ്. ലോകത്തിലെ മുന്‍നിര താരങ്ങളെല്ലാം രാജ്യത്തിന്റെ യശസ്സുയര്‍ത്താനായി പോരാട്ടവേദിയിലുണ്ടാവും.

120 കോടി ജനങ്ങളുടെ പ്രതീക്ഷയും പേറി ഏകാഗ്രമായ മനസ്സോടെ ലക്ഷ്യത്തിലേക്ക് കാഞ്ചിയമര്‍ത്തുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിന് ചിട്ടയായ പരിശീലനത്തിലൂടെ ആര്‍ജ്ജിച്ച സ്ഥിരതയാര്‍ന്ന പ്രകടനവും ലക്ഷ്യബോധത്തോട് കൂടിയുള്ള ആസൂത്രണവും അത്യാവശ്യമാണ്. ഒളിപിക്‌സ് കൗണ്ട് ഡൗണ്‍ ആരംഭിച്ചിരിക്കെ താരങ്ങളെല്ലാം കഠിന പരിശീലനത്തിലാണെന്നത് ശുഭ സൂചനായാണ്.

Advertisement