മൂന്നാം സീറ്റ്: ലീഗിന്റെ മൗനവും സ്വന്തം കുഴി തോണ്ടുന്ന കോണ്‍ഗ്രസും
Opinion
മൂന്നാം സീറ്റ്: ലീഗിന്റെ മൗനവും സ്വന്തം കുഴി തോണ്ടുന്ന കോണ്‍ഗ്രസും
ബഷീര്‍ വള്ളിക്കുന്ന്
Wednesday, 28th February 2024, 3:56 pm

ലീഗ് നേതാക്കളുടെ പത്രസമ്മേളനം കേട്ടു. മൂന്ന് സീറ്റ് ആവശ്യപ്പെട്ടെങ്കിലും പതിവ് പോലെ രണ്ട് സീറ്റ് കൊണ്ട് അവര്‍ തൃപ്തിപ്പെട്ടു.

അവരെ കുറ്റം പറയാനോ പരിഹസിക്കാനോ പറ്റില്ല. ഒരു മുന്നണിയില്‍ അതിന്റെ കെട്ടുറപ്പിന് വേണ്ടി ഏറ്റവും ഉത്തരവാദിത്വ ബോധത്തോടെയും സംയമനത്തോടെയും പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയുണ്ടെങ്കില്‍ അത് മുസ്‌ലിം ലീഗാണ്.

കേരളീയ പൊതുസമൂഹത്തിന്റെ മതേതര മനസ്സിനോട് ഇഴുകിച്ചേര്‍ന്ന് കൊണ്ട് അതിന് ഒരു പോറല്‍ പോലും ഏല്‍ക്കരുതെന്ന് നിര്‍ബന്ധമുള്ള ഒരു നേതൃത്വമാണ് ലീഗിനുള്ളത്. ആ ലീഗിന്റെ നേതൃത്വവും ആ പാര്‍ട്ടിയുടെ അണികളുമാണ് യു.ഡി.എഫിന്റെ ജീവന്‍ നിലനിര്‍ത്തുന്നത് എന്നും പറയാം.

പക്ഷേ, തിരിച്ച് കോണ്‍ഗ്രസ്സ് ലീഗിനോട് ചെയ്യുന്നതാകട്ടെ, അതിന്റെ നേര്‍ എതിര്‍ ദിശയിലുള്ള സമീപനമാണ്. ലീഗിനെ എത്ര മാത്രം പാര്‍ശ്വവത്കരിക്കാന്‍ പറ്റുമോ അത്രയും പാര്‍ശ്വവത്കരിക്കുക, അവരെ എത്ര ചെറുതാക്കാന്‍ പറ്റുമോ അത്രയും ചെറുതാക്കുക, അവരെ എത്ര സംഘര്‍ഷത്തില്‍ ആക്കാന്‍ പറ്റുമോ അത്രയും സംഘര്‍ഷത്തില്‍ ആക്കുക. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ്സ് സ്വീകരിക്കുന്ന സമീപനം അതാണ്.

ലീഗ് എന്ന രാഷ്ട്രീയ സംഘടനയുടെ ശക്തിയും വലുപ്പവും കെട്ടുറപ്പും വെച്ച് കേരളത്തില്‍ അവര്‍ക്ക് അഞ്ചോ ആറോ പാര്‍ലിമെന്റ് സീറ്റിനുള്ള അവകാശമുണ്ട്. എല്‍.ഡി.എഫില്‍ സി.പി.ഐക്ക് ലഭിക്കുന്നത് നാല് സീറ്റാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ലീഗിന്റെ പ്രാതിനിധ്യം വെച്ച് നോക്കിയാല്‍ സി.പി.ഐയുടെ ഏതാണ്ട് ഇരട്ടി ശക്തിയുള്ള പാര്‍ട്ടിയാണ് ലീഗ്.

ആ കണക്കില്‍ മുന്നണി മര്യാദ അനുസരിച്ച് അവര്‍ക്ക് സി.പി.ഐക്ക് ലഭിച്ചതിന്റെ ഇരട്ടി സീറ്റ് ലഭിക്കണം. ആ സ്ഥാനത്താണ് രണ്ടേ രണ്ട് സീറ്റില്‍ ആ പാര്‍ട്ടിയെ കോണ്‍ഗ്രസ്സ് ഒതുക്കി നിര്‍ത്തിയിരിക്കുന്നത്. ഒതുക്കി നിര്‍ത്തുന്നത് മാത്രമല്ല, അവര്‍ കൂടുതല്‍ സീറ്റിനുള്ള ആവശ്യം ഉന്നയിക്കുമ്പോഴൊക്കെ ചര്‍ച്ചകളും സംവാദങ്ങളും ഉയര്‍ത്തി അവരെ പരിഹസിക്കുവാനും വര്‍ഗ്ഗീയ അന്തരീക്ഷം സൃഷ്ടിക്കാനും അണിയറയില്‍ ശ്രമിക്കുകയും ചെയ്യുന്നു.

ലീഗിന് ഒരു സീറ്റ് അധികം കൊടുക്കുക എന്നത് പൊതുസമൂഹത്തില്‍ ഒരു ചര്‍ച്ച പോലുമാക്കാതെ പുഷ്പം പോലെ ചെയ്യാവുന്ന ഒരു കാര്യമായിരുന്നു കോണ്‍ഗ്രസ്സിന്. മുതിര്‍ന്ന നേതാക്കളുടെ ഒരു ചെറിയ യോഗത്തിലെടുക്കാവുന്ന തീരുമാനം. അതിന് പകരം അതിനെ വിവാദത്തിന് വിട്ട് കൊടുത്ത് ലീഗെന്ന ഉത്തരവാദിത്വബോധമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ആത്മസംഘര്‍ഷത്തിലേക്ക് തള്ളിവിടുകയായിരുന്നു അവര്‍ ചെയ്തത്. അഞ്ചാം മന്ത്രി വിവാദകാലത്തും ഇതേ തന്ത്രമാണ് പയറ്റിയതും വിജയിപ്പിച്ചതും.

കോണ്‍ഗ്രസ്സ് ഔദാര്യം പോലെ നല്കുന്ന ഈ രണ്ട് സീറ്റ് ജയിപ്പിച്ചെടുക്കാന്‍ ലീഗിന് ഒരു കോണ്ഗ്രസ്സുകാരന്റെയും വോട്ടിന്റെ ആവശ്യമില്ല എന്നതാണ് അതിലേറെ കൗതുകകരമായ കാര്യം. അത്ര ശക്തമാണ് ആ രണ്ട് മണ്ഡലങ്ങളിലും ആ പാര്‍ട്ടി. എന്നാല്‍ കോണ്‍ഗ്രസിനാകട്ടെ ലീഗിന്റെ വോട്ടില്ലാതെ ഒരു മണ്ഡലത്തില്‍ പോലും വിജയിക്കാനും കഴിയില്ല. ആ രാഷ്ട്രീയ യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോഴാണ് ഈ അവഗണനയെന്നതാണ് എടുത്ത് പറയേണ്ടത്.

ഇന്നത്തെ പാര്‍ലിമെന്റില്‍ സാമുദായിക പ്രാതിനിധ്യ പ്രകാരം ഏറ്റവും അവഗണിക്കപ്പെട്ട സമൂഹം മുസ്‌ലിങ്ങളാണ്. അവരുടെ ജനസംഖ്യാ അനുപാതത്തിന്റെ വളരെ തുച്ഛമായ ഒരു ശതമാനം മാത്രമാണ് അവര്‍ക്ക് ലഭിക്കുന്ന പ്രാതിനിധ്യം. ആ സമുദായത്തെ പാര്‍ശ്വവത്കരിക്കുകയും അവരെ ഭീതിയിലാഴ്ത്തുകയും അവരുടെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന നിയമനിര്‍മാണങ്ങള്‍ നിരന്തരം നടക്കപ്പെട്ടുന്ന ഒരു കാലഘട്ടത്തിലാണ് അതെന്നത് ആ പ്രതിനിധ്യക്കുറവിന്റെ ഗൗരവം കൂട്ടുകയും ചെയ്യുന്നു.

ഇത്തരമൊരു ദുരന്തപൂര്‍ണ്ണമായ സെനാരിയോയില്‍ കോണ്‍ഗ്രസ്സ് പോലൊരു പാര്‍ട്ടി ചെയ്യേണ്ടത് ആ സമുദായത്തിന് കഴിയുന്നത്ര പ്രാതിനിധ്യം നല്കുക എന്നതാണ്. കേരളത്തില്‍ പോലും അവര്‍ ചെയ്യുന്നതാകട്ടെ നേരെ തിരിച്ചും. കോണ്‍ഗ്രസ്സ് കഴിഞ്ഞ തവണ ജയിപ്പിച്ച പതിനഞ്ച് എം.പി മാരില്‍ ഒരു മുസ്‌ലിം പോലുമില്ല.

പുതിയ കണക്ക് പ്രകാരം വോട്ടര്‍ പട്ടികയില്‍ 35 ശതമാനത്തോളം വരുന്ന ഒരു സമുദായത്തെ പൂജ്യം പ്രാതിനിധ്യത്തിലേക്ക് ഒതുക്കിയ പാര്‍ട്ടി ലീഗ് അവര്‍ക്കവകാശപ്പെട്ടത്തിന്റെ നാലിലൊന്ന് ചോദിക്കുമ്പോള്‍ പോലും അവരെ അവഗണിച്ച് പാര്‍ശ്വവത്കരിക്കുന്നു. നിലവിലെ ഇരുപത് എം.പിമാരില്‍ ലീഗിന്റെ രണ്ട് എം.പി മാരെ മാറ്റിനിര്‍ത്തിയാല്‍ സി.പി.ഐ.എം ജയിപ്പിച്ച ഒരു എം.പി മാത്രമാണ് (അവരുടെ ഏക എം.പി) പേരിനെങ്കിലും ആ സമുദായത്തില്‍ നിന്നുള്ളത്.

കേരളത്തിന്റെ ചിത്രമാണിത്. അപ്പോള്‍ ഉത്തരേന്ത്യയുടെ ചിത്രം പറയേണ്ടതുണ്ടോ? കോണ്‍ഗ്രസ്സില്‍ നിന്ന് ബി.ജെ.പിയിലേക്ക് ചേക്കേറുന്ന നേതാക്കളുടെ വാര്‍ത്തകളാണ് ദേശീയ തലത്തില്‍ ദിവസവും കേള്‍ക്കുന്നത്. ആ വാര്‍ത്തകള്‍ കേട്ട് കേട്ട് ഒരുതരം മരവിപ്പ് ആ വാര്‍ത്തകളോട് തന്നെ തോന്നിത്തുടങ്ങിരിക്കുന്നു.

ഇവിടെയാകട്ടെ, മൈക്ക് ഓഫാക്കിയും ഓഫാക്കാതെയും തെറി വിളിച്ചും ഗ്രൂപ്പ് കളിച്ചും പാര്‍ട്ടിയെ അങ്ങേയറ്റം ദുര്‍ബലമാക്കുകയും ചെയ്യുന്നു. ലീഗിനെ ഒതുക്കുന്ന കാര്യത്തില്‍ മാത്രമാണ് ഗ്രൂപ്പിനതീതമായ ഐക്യമുള്ളത്.

മുസ്‌ലിം സമൂഹം എന്തുകൊണ്ട് കോണ്‍ഗ്രസ്സില്‍ നിന്നും യു.ഡി.എഫില്‍ നിന്നും അകലുന്നു എന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തരം കണ്ടെത്താന്‍ വലിയ പ്രയാസമൊന്നുമില്ല.

പൗരത്വ നിയമം, രാമക്ഷേത്രം, ഏക സിവില്‍ കോഡ് തുടങ്ങി മതേതര സമൂഹത്തിന് വേണ്ടി ശബ്ദമുയര്‍ത്തേണ്ട സമയത്തെല്ലാം കുറ്റകരമായ മൗനം അവലംബിക്കുന്നു എന്ന് മാത്രമല്ല, പാര്‍ശ്വവത്കരിക്കപ്പെടുന്ന ഒരു സമുദായത്തെ നെഞ്ചോട് ചേര്‍ക്കേണ്ട ഒരു സമയത്ത് അവരെ നിരന്തരം കൂടുതല്‍ പാര്‍ശ്വങ്ങളിലേക്ക് ഒതുക്കി നിര്‍ത്താന്‍ ശ്രമിക്കുക കൂടി ചെയ്യുന്നു.

ലീഗ് നേതാക്കളും പ്രവര്‍ത്തകരും മുന്നണി മര്യാദയും അതിന്റെ കെട്ടുറപ്പും മുന്നില്‍ കണ്ട് മൗനം അവലംബിക്കുമ്പോള്‍ ഇതൊക്കെ തുറന്ന് പറയാന്‍ ആരെങ്കിലും വേണമല്ലോ എന്നോര്‍ത്ത് മാത്രം ഇത്രയും കുറിക്കുന്നു. കോണ്‍ഗ്രസ്സ് അവരുടെ കുഴി സ്വയം തോണ്ടുകയാണ്.

Content Highlight: Loksabha Election Congress Muslim League seat sharing issues