'വിക്രം കാണുന്നതിന് മുന്‍പ് നിങ്ങള്‍ തീര്‍ച്ചയായും കൈതി വീണ്ടും കാണണം', സര്‍പ്രൈസ് കരുതി വെച്ച്; ലോകേഷ്
Entertainment news
'വിക്രം കാണുന്നതിന് മുന്‍പ് നിങ്ങള്‍ തീര്‍ച്ചയായും കൈതി വീണ്ടും കാണണം', സര്‍പ്രൈസ് കരുതി വെച്ച്; ലോകേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 3rd June 2022, 8:13 am

കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന വിക്രം എന്ന ചിത്രം ജൂണ്‍ മൂന്നിന് റിലീസ് ചെയ്യുകയാണ്. ഫഹദ് ഫാസിലും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സൂര്യയും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

ചിത്രത്തിന്റെ റിലീസിന് ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷികേ
സംവിധായാകന്‍ ലോകേഷ് പ്രേക്ഷകരോട് ചിത്രത്തെ പറ്റിയും ചിത്രം സംവിധാനം ചെയ്യാന്‍ സാധിച്ചതിനെ പറ്റിയുമുള്ള കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ്.

‘എന്റെ സിനിമയുടെ റിലീസിന് മുമ്പ് ഞാന്‍ അനുഭവിച്ചതില്‍ വെച്ച് ഏറ്റവും വലിയ വൈകാരികതയാണിത്.

ചെറുപ്പം മുതലേ ഉലകനായകന്റെ ഏറ്റവും വലിയൊരു ആരാധകനാണ് ഞാന്‍. അദ്ദേഹത്തിനെ വെച്ച് ഒരു ചിത്രം ഞാന്‍ സംവിധാനം ചെയ്യുക എന്നത് എനിക്ക് തന്നെ അവിശ്വസനിയമായ കാര്യമാണ്. ഇത് സാധ്യമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി. വിക്രമിനായി ജോലികള്‍ തുടങ്ങിയിട്ട് 18 മാസങ്ങളായി.

നിങ്ങള്‍ പ്രേക്ഷകരെ രസിപ്പിക്കാനും നമ്മുടെ രാജ്യത്തിന്റെ അഭിമാനമായ ഉലകനായകന്‍ കമല്‍ഹാസന്‍ എന്ന ഒറ്റയാളെ ആഘോഷിക്കാനും വേണ്ടിയാണ് ഒരു ടീം എന്ന നിലയില്‍ ഞങ്ങള്‍ ഈ ചിത്രത്തിനായി അക്ഷരാര്‍ത്ഥത്തില്‍ രക്തവും വിയര്‍പ്പും ഒഴുക്കിയത്.’ ലോകേഷ് പറയുന്നു.

കമല്‍ ഹാസനെ സംവിധാനം ചെയ്യാന്‍ കിട്ടിയത് വലിയ ബഹുമതി ആണെന്നും. ഈ ചിത്രം ഒരു ഫാന്‍ ബോയ് എന്ന നിലയില്‍ അദ്ദേഹത്തിനുള്ള സമ്മാനമാണെന്നും അദ്ദേഹം കുറിപ്പില്‍ കൂട്ടിച്ചേര്‍ക്കുന്നു.

വിക്രം പ്രേക്ഷകര്‍ക്ക് മികച്ച തിയേറ്റര്‍ അനുഭവം സമ്മാനിക്കുമെന്നും. വിക്രം കാണാന്‍ പോകുന്നതിന് മുന്‍പ് ലോകേഷ്-കാര്‍ത്തി കൂട്ടുകെട്ടില്‍ പുറത്ത് വന്ന കൈതി കാണണം എന്നും കുറിപ്പില്‍ ലോകേഷ് പറയുന്നുണ്ട്.


കൈതിയിലെ കഥാപാത്രങ്ങള്‍ വിക്രമിലും ഉണ്ടാകുമെന്ന് നേരെത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

Content Highlight : Lokesh says audience must watch kaithi movie before watching his New movie Vikram Starring Kamal hasan