ജലീല്‍ ഒരു പ്രസ്ഥാനമല്ല, വ്യക്തിമാത്രം; ലോകായുക്തക്കെതിരായ വിമര്‍ശനത്തില്‍ കാനം
Kerala
ജലീല്‍ ഒരു പ്രസ്ഥാനമല്ല, വ്യക്തിമാത്രം; ലോകായുക്തക്കെതിരായ വിമര്‍ശനത്തില്‍ കാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st January 2022, 1:23 pm

തിരുവനന്തപുരം: ലോകായുക്തയെ വിമര്‍ശിച്ച മുന്‍ മന്ത്രി കെ.ടി ജലീലിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലോകായുക്തക്കെതിരെയുള്ള കെ.ടി ജലീലിന്റെ ആക്ഷേപങ്ങള്‍ വ്യക്തിപരമാണെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.

ജലീല്‍ ഒരു പ്രസ്ഥാനത്തിന്റെ ഭാഗമല്ല, വ്യക്തിയാണ്. സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലാകാം അദ്ദേഹം അഭിപ്രായം പറഞ്ഞത്. ലോകായുക്തക്കെതിരെ ഉയരുന്ന അക്ഷേപങ്ങള്‍ക്ക് പരിഹാരം കാണാനുള്ള വ്യവസ്ഥ ആ നിയമത്തില്‍ തന്നെയുണ്ട്. ജലീല്‍ ഉയര്‍ത്തിയ തരത്തിലുള്ള ആരോപണം സി.പി.ഐ ചര്‍ച്ച ചെയ്തിട്ടില്ലെന്നും കാനം പറഞ്ഞു.

ഇന്നലെയും ഇന്നുമായി ലോകായുക്തക്കെതിരെ ഗുരുതര ആക്ഷേപങ്ങളാണ് ജലീല്‍ ഉന്നയിച്ചത്. മൂന്നരവര്‍ഷം സുപ്രീംകോടതിയില്‍ ഇരുന്നിട്ട് ആറ് കേസില്‍ മാത്രം വിധി പറഞ്ഞയാള്‍ തനിക്കെതിരായ കേസില്‍ 12 ദിവസം കൊണ്ട് വിധി പറഞ്ഞെന്നായിരുന്നു ജലീല്‍ ആരോപിച്ചത്.

എത്തേണ്ടത് മുന്‍കൂറായി എത്തിയത് കൊണ്ടാണ് ഇത്തരത്തില്‍ വേഗത്തില്‍ വിധി വന്നതെന്നും ജലീല്‍ പറഞ്ഞിരുന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ജലീലിനു ബന്ധുനിയമന കേസിലെ ലോകായുക്ത വിധിയെ തുടര്‍ന്നായിരുന്നു സ്ഥാനമൊഴിയേണ്ടി വന്നത്.

തക്ക പ്രതിഫലം കിട്ടിയാല്‍ എന്ത് കടുംകയ്യും ആര്‍ക്ക് വേണ്ടിയും ചെയ്യുന്ന ആളാണ് ലോകായുക്തയെന്ന് ജലീല്‍ നേരത്തെ ആരോപിച്ചിരുന്നു. യു.ഡി.എഫ് നേതാവിനെ പ്രമാദമായ കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ സഹോദര ഭാര്യക്ക് എം.ജി. വി.സി പദവി വിലപേശി വാങ്ങിയെന്നും ജലീല്‍ ആരോപിച്ചു.

ലോകായുക്തക്കെതിരായ ജലീലിന്റെ ഇന്നത്തെ ഫേസ്ബുക്ക് കുറിപ്പ്

‘വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും’

2021 മാര്‍ച്ച് 25 ന് പ്രാഥമിക അന്വേഷണം നടത്തി ഫയലില്‍ സ്വീകരിച്ച് തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 6 ന് മുമ്പ് ‘ബോംബ്’ പൊട്ടിച്ച് ഇടതുപക്ഷത്തിന്റെ രണ്ടാം വരവ് തടയലായിരുന്നു യു.ഡി.എഫിന്റെ ലക്ഷ്യം. മൈനോരിറ്റി കോര്‍പ്പറേഷന്റെ വക്കീല്‍ അഡ്വ: കാളീശ്വരം രാജ് സുപ്രീം കോടതിയിലുള്ള തന്റെ കേസുകളുടെ വിവരം വെച്ച് ചെയ്ത ഇ മെയില്‍ ഇല്ലായിരുന്നെങ്കില്‍ ഒരു ഹിയറിംഗിന് കൂടി സമയം അനുവദിക്കുമായിരുന്നില്ല. അങ്ങിനെ സംഭവിച്ചാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ എല്ലാംകൂടി ചുരുട്ടിക്കൂട്ടി കിണറ്റിലിടുമായിരുന്നു വിനീത ദാസന്‍.

സുപ്രീം കോടതിയില്‍ മൂന്നര കൊല്ലത്തിനിടയില്‍ കേവലം 6 വിധികള്‍ മാത്രം പറയുകയും അഭയ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്ത ‘മഹാനാണ്’ (അരുണ്‍ ജെയ്റ്റ്ലിയോടും സുഷമ സ്വരാജിനോടും കടപ്പാട്) പന്ത്രണ്ട് ദിവസം കൊണ്ട് കേസ് ഫയലില്‍ സ്വീകരിച്ച് വാദം കേട്ട് എതിര്‍ കക്ഷിയെ വിസ്തരിക്കുക പോലും ചെയ്യാതെ വെളിച്ചത്തെക്കാളും വേഗതയില്‍ വിധി പറഞ്ഞ് ചരിത്രം കുറിച്ചത്.

‘വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും’ എന്ന് പഴമക്കാര്‍ പറയുന്നത് വെറുതെയല്ല. പക്ഷെ പുതിയ കാലത്ത് ഇതിനൊരു അനുബന്ധമുണ്ട്. ‘എത്തേണ്ടത് എത്തേണ്ടിടത്ത് എത്തേണ്ട പോലെ മുന്‍കൂറായി എത്തണം. സഹോദര ഭാര്യക്ക് പദവി ആയാലും തരക്കേടില്ല’.

Content Highlight: Lokayuktha Case KT Jaleel Post and Kanam Rajendran Comment