അടുത്ത രണ്ട് വര്‍ഷത്തേക്ക് എം.പിമാരുടെ ശമ്പളം 30 ശതമാനം കുറയ്ക്കും; ബില്‍ ഐക്യകണ്‌ഠേന പാസാക്കി ലോക്‌സഭ
national news
അടുത്ത രണ്ട് വര്‍ഷത്തേക്ക് എം.പിമാരുടെ ശമ്പളം 30 ശതമാനം കുറയ്ക്കും; ബില്‍ ഐക്യകണ്‌ഠേന പാസാക്കി ലോക്‌സഭ
ന്യൂസ് ഡെസ്‌ക്
Tuesday, 15th September 2020, 7:18 pm

ന്യൂദല്‍ഹി: കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ എം.പിമാരുടെ ശമ്പളം കുറയ്ക്കാന്‍ തീരുമാനം. ലോക്‌സഭ മണ്‍സൂണ്‍ സമ്മേളനത്തിലാണ് പുതിയ നിര്‍ദ്ദേശം.

അടുത്ത രണ്ട് വര്‍ഷത്തേക്ക് എം.പിമാരുടെ ശമ്പളം 30 ശതമാനം കുറയ്ക്കാനുള്ള ബില്‍ ലോക്‌സഭ ഐക്യകണ്‌ഠേന പാസാക്കുകയായിരുന്നു. ഇന്ത്യ ടുഡെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൊവിഡ് പ്രതിസന്ധികള്‍ രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്ത് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച്ചയാണ് ആരംഭിച്ചത്. ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച ഇടിഞ്ഞതും, സാമ്പത്തിക മാന്ദ്യവും പാര്‍ലമെന്റില്‍ ചര്‍ച്ചയായിരുന്നു. തിങ്കളാഴ്ച്ച പാര്‍ലമെന്റില്‍ നിന്ന് ചോദ്യോത്തരവേള ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനം പ്രതിപക്ഷ കക്ഷികള്‍ ഉന്നയിച്ചിരുന്നു.

നേരത്തേ ചോദ്യോത്തര വേള ഒഴിവാക്കിയതില്‍ വിമര്‍ശനവുമായി ലോക്സഭാംഗവും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ മഹുവ മൊയ്ത്ര രംഗത്തെത്തിയിരുന്നു.

ചോദ്യങ്ങള്‍ക്ക് ലോക്സഭയില്‍ നിന്ന് രേഖാമൂലം നല്‍കിയ ഉത്തരം പരാമര്‍ശിച്ചു കൊണ്ടാണ്് മഹുവയുടെ പ്രതികരണം. കൊവിഡ് വ്യാപനത്തിനു ശേഷം വന്ന പ്രതിസന്ധികളെക്കുറിച്ച് ഒരു വിവരവും നല്‍കിയിട്ടില്ലെന്ന് മഹുവ പറയുന്നു.

നഷ്ടപരിഹാരത്തെക്കുറിച്ചും കൊവിഡ് മൂലം തകര്‍ന്ന തൊഴില്‍ മേഖലകളെക്കുറിച്ചും ഒരു വിവരവും ഇല്ലെന്ന് മഹുവ പറഞ്ഞു. എന്നിട്ടും ചോദ്യോത്തരവേള വേണ്ടെന്നാണോ എന്നും ട്വീറ്റില്‍ മഹുവ മൊയ്ത്ര ചോദിച്ചു.

അതേസമയം പാര്‍ലമെന്റ് നടപടികള്‍ ഭംഗിയായി മുന്നോട്ടുകൊണ്ടുപോകാന്‍ എം.പിമാരുടെ സഹായം അഭ്യര്‍ത്ഥിച്ച നരേന്ദ്രമോദിയോട് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ നിങ്ങള്‍ക്ക് സാധിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞിരുന്നു.

നിങ്ങള്‍ ഇവിടെ ഇരിക്കുകയാണെങ്കില്‍ ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ കേള്‍ക്കാനും അതിന് ഉത്തരം നല്‍കാനും നിങ്ങള്‍ക്ക് കഴിയണം.

മൂന്ന് ചോദ്യങ്ങളാണ് ഞങ്ങള്‍ക്ക് ചോദിക്കാനുള്ളത്.അതില്‍ ഒന്ന് കൊവിഡിനെ കുറിച്ചാണ്. മറ്റൊന്ന് സാമ്പദ് വ്യവസ്ഥ തകര്‍ന്നടിഞ്ഞതിനെ കുറിച്ചാണ്. മറ്റൊന്ന് ചൈനയെ കുറിച്ചാണ് എന്നായിരുന്നു ജയറാം രമേശ് പ്രതികരിച്ചത്.

 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights; Lok Sabha passes bill to cut 30% salary of MPs