ഹെലിക്യാമില്‍ കിടിലന്‍ ലൊക്കേഷന്‍ വീഡിയോ; മമ്മൂട്ടി ബി. ഉണ്ണികൃഷ്ണന്‍ ചിത്രം ഷൂട്ടിങ് പുരോഗമിക്കുന്നു
Entertainment news
ഹെലിക്യാമില്‍ കിടിലന്‍ ലൊക്കേഷന്‍ വീഡിയോ; മമ്മൂട്ടി ബി. ഉണ്ണികൃഷ്ണന്‍ ചിത്രം ഷൂട്ടിങ് പുരോഗമിക്കുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 17th July 2022, 4:09 pm

മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസമാണ് തുടങ്ങിയത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചിത്രം നിര്‍മിക്കുന്ന ആര്‍.ഡി ഇല്ലുമിനേഷന്‍ തന്നെയാണ് ലൊക്കേഷന്‍ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.

ആറാട്ടിന് ശേഷം ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയില്‍ മമ്മൂട്ടി പൊലീസ് ഓഫീസറായി എത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ട് എറണാകുളത്താണ് പുരോഗമിക്കുന്നത്. ഇതുവരെ പേരിടാത്ത ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായി തമിഴില്‍ നിന്നുള്ള സൂപ്പര്‍ താരമായിരിക്കും അഭിനയിക്കുക എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരിന്നു.

ഉദയ്കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. സ്നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. കൂടാതെ ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഓപ്പറേഷന്‍ ജാവയുടെ ക്യാമറ കൈകാര്യം ചെയ്ത ഫൈസ് സിദ്ദിഖ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിങ് മനോജ്, കലാസംവിധാനം ഷാജി നടുവില്‍, വസ്ത്രാലങ്കാരം പ്രവീണ്‍വര്‍മ, ചമയം ജിതേഷ് പൊയ്യ, നിര്‍മാണ നിര്‍വഹണം അരോമ മോഹന്‍. കൊച്ചി, പൂയംകുട്ടി, വണ്ടിപെരിയാര്‍ എന്നിവിടങ്ങളിലും ഷൂട്ടുണ്ട്.


ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീറിന്റെ റോഷാക്ക് എന്നിവയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയ മമ്മൂട്ടി ചിത്രങ്ങള്‍. ഭീഷ്മ പര്‍വ്വത്തിനു ശേഷം അമല്‍ നീരദ് ഒരുക്കുന്ന ബിലാലിന്റെ ചിത്രീകരണം ഇനിയും ആരംഭിച്ചിട്ടില്ല.

Content Highlight : Location video of Mammooty B Unnikrishnan movie released