എഡിറ്റര്‍
എഡിറ്റര്‍
തദ്ദേശതെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നവംബര്‍ 2നും 5നും
എഡിറ്റര്‍
Saturday 3rd October 2015 4:12pm

kerala-Election-Commission

തിരുവനന്തപുരം: കേരളത്തില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നവംബര്‍ 2,5 എന്നീ തീയതികളില്‍ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ.ശശിധരന്‍ നായരാണ് തീയതി പ്രഖ്യാപിച്ചത്.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, ഇടുക്കി, കോഴിക്കോട്, കൊല്ലം, വയനാട്, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ തെരഞ്ഞെടുപ്പ് നടത്തും. രണ്ടാം ഘട്ടത്തില്‍ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ തെരഞ്ഞെടുപ്പ് നടക്കും. നവംബര്‍ 7ന് ഫലപ്രഖ്യാപനം നടത്തും.

തെരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്‌ടോബര്‍ 7ന് പുറത്തിറക്കും. 14ാം തീയതിവരെ നാമനിര്‍ദ്ദേശപ്പത്രിക സമര്‍പ്പിക്കാം. തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

അതേസമയം ഇത്തവണത്തെ തെരഞ്ഞെടുപ്പിനും സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോ വോട്ടിങ് മെഷീനില്‍ പതിപ്പിക്കില്ല. ലോക്‌സഭാ ഇലക്ഷന് ഉണ്ടായിരുന്ന ‘നോട്ട’ (NOTA – None Of The Above) ഈ തെരഞ്ഞെടുപ്പിന് ഉണ്ടാകില്ല എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പലയിടങ്ങളിലും നോട്ടയ്ക്ക് ധാരാളം വോട്ടുകള്‍ ലഭിച്ചിരുന്നു.

തെരഞ്ഞെടുപ്പിന് പി.വി.സി ഫഌക്‌സ് ബോര്‍ഡുകളുപയോഗിച്ച് പ്രചാരണം പാടില്ല എന്നും കമ്മീഷന്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഫഌക്‌സ് ബോര്‍ഡുകളുപയോഗിക്കരുതെന്ന് തീരുമാനമുണ്ടായിരുന്നെങ്കിലും ഇത് നടപ്പില്‍ വരുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല എന്നും കമ്മീഷണര്‍ വിമര്‍ശിച്ചു.

കേരളത്തിലെ 942 ഗ്രാമപ്പഞ്ചായത്തുകള്‍, 132 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാപ്പഞ്ചായത്തുകള്‍, എന്നീ ത്രിതല പഞ്ചായത്തുകളിലേക്കും 86 മുന്‍സിപ്പാലിറ്റികള്‍, 6 കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുപ്പത്തയ്യായിരത്തോളെ പോളിങ് ബൂത്തുകളാണ് ഉണ്ടാകുക. രാവിലെ 7 മണിമുതല്‍ വൈകുന്നേരം 6 മണിവരെ വോട്ട് രേഖപ്പെടുത്താം. പൂര്‍ണ്ണമായും ഇലക്ട്രോണിക് മെഷീന്‍ ഉപയോഗിച്ചാകും വോട്ടെടുപ്പ്.

മലപ്പുറം ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തിരിക്കുകയാണ്. കൊല്ലം, തൃശ്ശൂര്‍, പത്തനംതിട്ട, ഇടുക്കി, വയനാട്, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലെ ജില്ലാപ്രസിഡന്റ് സ്ഥാനം സ്ത്രീകള്‍ക്കായും സംവരണം ചെയ്തിട്ടുണ്ട്.

 

Advertisement