21കാരന്റെ മിന്നും ഫോം, ആന്‍ഫീല്‍ഡില്‍ ഗോള്‍ മഴ; ലിവര്‍പൂളിന് തകർപ്പൻ ജയം
Football
21കാരന്റെ മിന്നും ഫോം, ആന്‍ഫീല്‍ഡില്‍ ഗോള്‍ മഴ; ലിവര്‍പൂളിന് തകർപ്പൻ ജയം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 27th October 2023, 9:55 am

യൂറോപ്പ ലീഗില്‍ ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ ലിവര്‍പൂള്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ടുലൂസ് എഫ്.സിയെ തോല്‍പ്പിച്ചു.

മത്സരത്തില്‍ ലിവര്‍പൂള്‍ മധ്യനിരതാരം റയാന്‍ ഗ്രാവന്‍ബെര്‍ച്ച് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ലിവര്‍പൂളിന്റെ ഈ മിന്നും ജയം ആഘോഷിക്കുന്നതോടൊപ്പം ആരാധകര്‍ ഗ്രാവന്‍ബെര്‍ച്ചിന്റെ പ്രകടനങ്ങളെ പ്രശംസിച്ചും സോഷ്യല്‍ മീഡിയയില്‍ എത്തി.

‘ഞങ്ങള്‍ കാലങ്ങളായി തിരയുന്ന കളിക്കാരന്‍. റയാന്‍ ലിവര്‍പൂളിന്റെ മികച്ച പ്രതിഭയായിരിക്കും. അതിശയിപ്പിക്കുന്ന ഫസ്റ്റ് ടച്ച് മികച്ച ഡ്രിബിളിംങ് കൃത്യമായി പാസ് നല്‍കാനുള്ള ഐ കോണ്ടാക്റ്റും ഇവയെല്ലാം നിറഞ്ഞ ഒരു മികച്ച താരം,’ ഒരു ആരാധകന്‍ എക്സില്‍ കുറിച്ചു.

മത്സരത്തില്‍ ഗ്രാവന്‍ബെര്‍ച്ച് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തില്‍ ഒരു ഗോളും താരം നേടി. മത്സരത്തിന്റെ 65 മിനിട്ടില്‍ ആയിരുന്നു താരത്തിന്റെ ഗോള്‍ പിറന്നത്. ഡേവിഡ് ന്യൂസിന്റെ ഷോട്ട് എതിരാളികളുടെ പോസ്റ്റില്‍ തട്ടി തിരിച്ചു വരുകയും ആ റീബൗണ്ട് പിടിച്ചെടുത്ത റയാന്‍ പെനാല്‍ട്ടി ബോക്‌സില്‍ നിന്നും ലക്ഷ്യം കാണുകയായിരുന്നു.

മത്സരത്തില്‍ റയാന്‍ മൂന്ന് മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. മത്സരത്തില്‍ 96% കൃത്യമായ പാസ്, 100% ലോങ്ങ് ബോള്‍ റേറ്റ്, 8.8 റേറ്റിങ് എല്ലാം താരം സ്വന്തമാക്കി

ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ഒന്‍പതാം മിനിട്ടില്‍ ഡിഗോ ജോട്ടയാണ് ഗോള്‍ മേളക്ക് തുടക്കം കുറിച്ചത്.

തുടര്‍ന്ന് വട്ടാരു എന്‍ഡോ (30′), ഡാര്‍വിന്‍ ന്യൂനസ് (34′), റയാന്‍ ഗ്രാവന്‍ബെര്‍ച്ച് (65′), മുഹമ്മദ് സലാ (93′) എന്നിവരും ഗോളുകള്‍ ലിവര്‍പൂള്‍ സ്വന്തം തട്ടകത്തില്‍ സന്ദര്‍ശകരെ ഗോള്‍ മഴയില്‍ മുക്കുകയായിരുന്നു. തിജ്സ് ഡാലിംഗ വകയായിരുന്നു ടുലൂസ് എഫ്.സിയുടെ ആശ്വാസഗോള്‍. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ലിവര്‍പൂള്‍ 5-1ന് വിജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ ഗ്രൂപ്പ് ഇയില്‍ മൂന്നില്‍ മൂന്ന് വിജയവുമായി ഒന്നാം സ്ഥാനത്താണ് ക്‌ളോപ്പും കൂട്ടരും.

ഒക്ടോബര്‍ 29ന് നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെയാണ് ലിവര്‍പൂളിന്റെ അടുത്ത മത്സരം.

Content Highlight: liverpool fans praised Ryan Gravenberch performance.