ആന്‍ഫീല്‍ഡില്‍ ബാഴ്‌സയുടെ കണ്ണീര്‍; ഗോള്‍ മഴ തീര്‍ത്ത് ലിവര്‍പൂള്‍: വീണ്ടും ചാംപ്യന്‍സ്‌ലീഗ് ഫൈനലില്‍ - വീഡിയോ
Football
ആന്‍ഫീല്‍ഡില്‍ ബാഴ്‌സയുടെ കണ്ണീര്‍; ഗോള്‍ മഴ തീര്‍ത്ത് ലിവര്‍പൂള്‍: വീണ്ടും ചാംപ്യന്‍സ്‌ലീഗ് ഫൈനലില്‍ - വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 8th May 2019, 8:00 am

 

ലണ്ടന്‍: ആദ്യ പാദത്തിലെ മൂന്നു ഗോളുകളുടെ തോല്‍വിക്കു ശേഷം ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിന്റെ വമ്പന്‍ തിരിച്ചുവരവ്. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ സ്പാനിഷ് ചാമ്പ്യന്മാരായ ബാഴ്‌സലോണയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ലിവര്‍പൂള്‍ ചാന്പ്യന്‍സ് ലീഗ് ഫൈനലില്‍ കടന്നു.

ബാഴ്സയുടെ ഹോം ഗ്രൗണ്ടായ നൗകാമ്പില്‍ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടവര്‍ സ്വന്തം തട്ടകത്തില്‍ സ്പാനിഷ് ചാമ്പ്യന്മാരായ ബാഴ്സയുടെ വലയില്‍ മടക്കമില്ലാത്ത നാല് ഗോളുകള്‍ അടിച്ചുകയറ്റിയാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.

സൂപ്പര്‍ താരം മുഹമ്മദ് സലയും ഫിര്‍മീനോയും ഇല്ലാതെയാണ് ഇറങ്ങിയതെങ്കിലും മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ തന്നെ ലിവര്‍പൂള്‍ ആദ്യ ഗോള്‍ കണ്ടെത്തി. ഡിവോക് ഒറിജിയായിരുന്നു സ്‌കോറര്‍. ഒരു ഗോള്‍ വീണശേഷവും മെസിക്കോ സുവാരസിനോ ഒരവസരവും നല്‍കാതെ ലിവര്‍പൂള്‍ ആക്രമണം തുടരുകയായിരുന്നു. മികച്ച നല്ല മുന്നേറ്റങ്ങള്‍ പോലും കണ്ടെത്താന്‍ ബാഴ്‌സക്കായിരുന്നില്ല.

മത്സരത്തിന്റെ 79-ാം മിനിറ്റില്‍ ആന്‍ഫീല്‍ഡ് കാത്തിരുന്ന ഗോളെത്തി. അലക്സാണ്ടര്‍ ആര്‍ണോള്‍ഡ് ബുദ്ധിപൂര്‍വം എടുത്ത അതിവേഗത്തിലുള്ള ക്രോസ് ഒരു വലങ്കാലന്‍ ബുള്ളറ്റിലൂടെയാണ് ഒറിഗി വലയിലാക്കിയത്. ഇതോടെ ക്ലോപ്പിന്റെ ചെമ്പട ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു. സ്‌കോര്‍ 4-0. അഗ്രിഗേറ്റില്‍ 4-3. ലിവര്‍പൂള്‍ ഫൈനലിലേക്ക്.

കഴിഞ്ഞ സീസണിലും സമാനമായിരുന്നു ബാഴ്‌സലോണയുടെ അവസ്ഥ. ക്വാര്‍ട്ടര്‍ ഫൈനലില്‍ റോമയായിരുന്നു ബാഴ്‌സയുടെ എതിരാളികള്‍. അന്ന് ആദ്യ പാദം 4-1 എന്ന സ്‌കോറില്‍ ബാഴ്‌സലോണ വിജയിച്ചു. മൂന്നു ഗോളിന്റെ ലീഡുമായി റോമില്‍ എത്തിയ ബാഴ്‌സ അവിടെ 3-0-ന് തോറ്റു. അഗ്രിഗേറ്റില്‍ സ്‌കോര്‍ 4-4. എവേ ഗോളില്‍ ബാഴ്‌സലോണ പുറത്ത്

ലിവര്‍പൂള്‍ ആരാധകര്‍ക്ക് ഒരിക്കലും മറക്കാത്ത ഫുട്ബോള്‍ രാത്രിയായിരിക്കും ഈ സെമി ഫൈനല്‍ മത്സരം.