ആന്‍ഫീല്‍ഡില്‍ ഗണ്ണേഴ്‌സ് കശാപ്പ്; ടോട്ടനത്തിന് വോള്‍വ്‌സ് ഷോക്ക്
epl
ആന്‍ഫീല്‍ഡില്‍ ഗണ്ണേഴ്‌സ് കശാപ്പ്; ടോട്ടനത്തിന് വോള്‍വ്‌സ് ഷോക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 30th December 2018, 8:24 am

യൂറോപ്പിലെ മുന്‍നിര ലീഗുകളില്‍ പരാജമറിയാത്ത ടീമുകള്‍ ഇനി ലിവര്‍പൂളും യുവന്റസും മാത്രം. ഇന്നലെ ആന്‍ഫീല്‍ഡില്‍ ആര്‍സനലിനെ തകര്‍ത്ത ലിവര്‍പൂള്‍ അപരാജിതരായി 2018 പൂര്‍ത്തിയാക്കി. ഒന്നിനെതിരെ അഞ്ചുഗോളിനാണ് ഗണ്ണേഴ്‌സിനെ പൂള്‍ തകര്‍ത്തുവിട്ടത്.

ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ലിവര്‍പൂള്‍ വമ്പന്‍ ജയം പിടിച്ചെടുത്തത്. ആര്‍സനലിനെതിരെ മികച്ച റെക്കോര്‍ഡുള്ള ഫിര്‍മിനോയുടെ ഹാട്രിക് മികവിലായിരുന്നു റെഡ്‌സിന്റെ ജയം.

കളിയുടെ രണ്ടാം പത്ത് മിനിറ്റിന്റെ തുടക്കത്തില്‍ തന്നെ ആര്‍സനലാണ് മുന്നിലെത്തിയത്. പ്രതിരോധത്തിലെ പിഴവില്‍ നിന്ന് ഐന്‍സ്ലിയിയാണ് ഗണ്ണേഴ്‌സിനായി വലകുലുക്കിയത്. എന്നാല്‍ ഗണ്ണേഴ്‌സിന്റെ ആഹ്ലാദത്തിന് അല്‍പായുസ്സായിരുന്നു. 8 മിനിറ്റിനിടെ മനോഹരമായ രണ്ട് ഗോളിലൂടെ ഫിര്‍മിനോ പൂളിനെ മുന്നിലെത്തിച്ചു.32-ാം മിനിറ്റില്‍ സലായുടെ പാസില്‍ നിന്ന് മാനെയുടെ വക മൂന്നാം ഗോള്‍. ആദ്യ പകുതിയുടെ അവസാനത്തില്‍ ബോക്‌സില്‍ ഷാക്ക സലായെ വീഴ്ത്തിയതിന് പെനല്‍റ്റി. കിക്കെടുക്കാനെത്തിയ സലായ്ക്ക് പിഴച്ചില്ല. ഇടവേളയ്ക്ക് പിരിയുമ്പോള്‍ ആര്‍സനലിന്റെ വലയില്‍ എണ്ണം പറഞ്ഞ നാല് ഗോളുകള്‍.

ALSO READ: മെല്‍ബണില്‍ ചരിത്ര നിമിഷം; ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ജയം

രണ്ടാം പകുതിയില്‍ പ്രതിരോധതാരം ലോവറെയ്‌നെ പെനല്‍റ്റി ബോക്‌സില്‍ വീഴ്ത്തിയതിന് വീണ്ടും പെനല്‍റ്റി. കിക്കെടുക്കാനെത്തിയത്. ഫിര്‍മിനോ. പിഴയ്ക്കാതെ ഷോട്ട് വലയിലേക്ക്. റെഡ്‌സ് ആന്‍ഫീല്‍ഡില്‍ അഞ്ച് ഗോളിന് മുമ്പില്‍. ചെങ്കുപ്പായത്തില്‍ ഫിര്‍മിനോയുടെ ആദ്യ ഹാട്രിക്കാണിത്.

മറ്റൊരു മത്സരത്തില്‍ ടോട്ടനത്തെ വോള്‍വ്‌സ് ഒന്നിനെതിരെ മൂന്ന് ഗോളിന് അട്ടിമറിച്ചു. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു വോള്‍വ്‌സിന്റെ തിരിച്ചുവരവ്. ഹാരി കെയ്‌നിലൂടെ ടോട്ടനം ആദ്യം മുന്നിലെത്തി. എന്നാല്‍ കൗണ്ടര്‍ അറ്റാക്കുകളുടെ മനോഹാരിത നിറഞ്ഞ കളിയില്‍ മൂന്നടിച്ച് വോള്‍വ്‌സ് വമ്പന്‍ തിരിച്ചുവരവാണ് നടത്തിയത്.

ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റി ജയിച്ചാല്‍ ടോട്ടനം മൂന്നാമതാകും. ഇന്നലെ ടോട്ടനം തോറ്റതോടെ 9 പോയന്റിന്റെ ലീഡാണ് ലിവര്‍പൂളിനുള്ളത്.