Administrator
Administrator
അവസാനത്തെ ആകാശവും കഴിഞ്ഞാല്‍?
Administrator
Monday 1st November 2010 11:59pm

എ.കെ. രമേശ്

മണ്ണും കണ്ണീരും ചോരയും ബോംബിന്‍ചീളും കൂടിക്കുഴഞ്ഞങ്ങനെ തേങ്ങുന്ന പലസ്തീനില്‍ നിന്ന് ഇതാ പോരാട്ടവീറുമായി ഒരു വനിത. അവര്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നത് ഒരു ചെറിയ കാര്യം. നിങ്ങള്‍ മഹാത്മജിയുടെ നാട്ടുകാരല്ലേ? ഗാന്ധിജി കാണിച്ചു തന്ന സമര രൂപമില്ലേ, ബഹിഷ്ക്കരണം? പലസ്തീന്‍ മക്കള്‍ക്കായി നിങ്ങള്‍ അതേറ്റെടുക്കണം.

ഒരു ജനതയെ തങ്ങളുടെ പുരയിടങ്ങളില്‍ നിന്നും നാട്ടില്‍ നിന്നു തന്നെയും ആട്ടിയോടിച്ച് ആ പുണ്യഭൂമിയില്‍ ചോര വീഴ്ത്തിക്കൊണ്ടിരിക്കുന്ന ഇസ്രയേലിന്റെ ഉല്‍പന്നങ്ങളെ മാത്രമല്ല, സാംസ്ക്കാരികപ്രവര്‍ത്തകരെയും കലാകാരന്മാരെയും സര്‍വ്വകലാശാലകളെയും ബഹിഷ്ക്കരിക്കണം. അങ്ങനെ വന്നാല്‍ തീര്‍ച്ചയായും ഫലം കാണാതെ വരില്ല.

പലസ്തീന്‍ യൂണിവേഴ്സിറ്റി അദ്ധ്യാപികയായ ലിസ തറാക്കി അത്തരമൊരു ബഹിഷ്ക്കരണപരിപാടിക്ക് നേതൃത്വം നല്‍കി വരികയാണ്. ബുദ്ധിജീവികളോടും സര്‍വ്വകലാശാലകളോടും കലാകാരന്മാരോടും അവര്‍ പറയുന്നു: നികൃഷ്ടമായ അതിക്രമങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ അതില്‍ നേരിട്ട് പങ്കാളികളാവുകയോ, അല്ലെങ്കില്‍ നിഷക്രിയരായി നിന്ന്  അത് തുടരാന്‍ അനുവദിക്കുകയോ ചെയ്യുന്ന ഇസ്രയേലി ബുദ്ധിജീവികളെയും കലാകരാന്മാരെയും സര്‍വ്വകലാശാലകളെയും ബഹിഷ്കരിക്കുക!

സപ്റ്റംബര്‍ 20 ന് കോഴിക്കോട് നടന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യക്കൂട്ടായ്മയില്‍ പങ്കെടുക്കാനുള്ള ക്ഷണം കിട്ടിയപ്പോള്‍ സസന്തോഷം അവര്‍ അതേറ്റെടുക്കുകയായിരുന്നു. പക്ഷേ തറാക്കിക്ക് വാക്ക് പാലിക്കാനൊത്തില്ല. വൈകിയെത്തിയതുകൊണ്ട് പരിപാടി പിറ്റേന്നേക്ക് മാറ്റേണ്ടി വന്നു. സംഘാടകര്‍ക്കുണ്ടായ പ്രയാസത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടാണ് അവര്‍ സംസാരം തുടങ്ങിയതുതന്നെ. കടുത്ത രോഷവും സങ്കടവും അവരുടെ മുഖത്ത് നിഴലിക്കുന്നുണ്ടായിരുന്നു.

“  നിങ്ങളറിയുമോ, ഞാന്‍ വെള്ളിയാഴ്ച്ച തന്നെ വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് – കൃത്യസമയത്തു തന്നെ എത്തിച്ചേരാന്‍. പലസ്തീനില്‍ നിന്ന് പുറത്തേക്ക് കടക്കാന്‍ ജോര്‍ദ്ദാന്‍ വഴി വേണം ഞങ്ങള്‍ക്ക് പോകാന്‍. രാവിലെ 5 മണിക്ക് പുറപ്പെട്ട ഞാന്‍ 8 മണിക്ക് തന്നെ അതിര്‍ത്തിയില്‍ എത്തിയതാണ്. അത് നിയന്ത്രിക്കുന്നത് ഇസ്രയേലി പട്ടാളമാണ്. 8 മണിക്ക് മുമ്പ് അവര്‍ പാലം അടച്ചു.

പുറത്തേക്ക് കടക്കാന്‍ വേറെ എന്തു വഴി? പിറ്റേന്നാണെങ്കില്‍ ഇസ്രയേലില്‍ അവധി ദിവസവും. 2 മണിക്കൂര്‍ ഡ്രൈവേ ഉള്ളു, എനിക്ക് തിരിച്ച് വിട്ടിലെത്താം. പക്ഷേ വൃദ്ധരും രോഗികളുമായ എത്രയോ പേരുണ്ട്. അവര്‍ എങ്ങോട്ട് മടങ്ങാന്‍? ഇതാണ് ഞങ്ങളുടെ ജീവിതം. തടവറയിലാണ് ഞങ്ങള്‍ കഴിയുന്നത്. ഗാസാ ഒരു തുറന്ന ജെയിലാണ്. പക്ഷേ ഞാനീ ജീവിതം തെരെഞ്ഞെടുത്തത് തന്നെയാണ്.  ഇനിയുള്ള നാള്‍ ഇതിനെതിരെ പോരാടിയേ പറ്റൂ….

നോക്കു പട്ടാളത്താല്‍ ചുറ്റപ്പെട്ട വെസ്റ് ബേങ്ക് ഒറ്റപ്പെട്ട പ്രദേശങ്ങളുടെ ഒരു മാറാപ്പാണ്. ഇത്രയും ചെറിയൊരു പ്രദേശത്തെ പട്ടാളചെക്ക് പോസ്റുകളുടെ എണ്ണം 500 ആണ്”.
പൊള്ളിക്കുന്ന അനുഭവങ്ങളുടെ ചൂരും ചൂടും ആ വാക്കുകളില്‍ ഉണ്ടായിരുന്നു. ആ രോഷമാകാട്ടെ, ഓരോ പലസ്തീനിയുടേതുമാണ്. ദര്‍വീഷിന്റെ ആ ചോദ്യമില്ലേ,

” അവസാനത്തെ അതിരും കഴിഞ്ഞാല്‍/നാമെവിടെ പോകും?”/അവസാനത്തെ ആകാശവും കഴിഞ്ഞാല്‍/ പക്ഷികള്‍ എവിടെ പോകും? ശരിയാണ്. പക്ഷികള്‍ക്ക് പിന്നേയും രക്ഷയുണ്ട്. എന്നാല്‍ സ്വന്തം നാട്ടില്‍ നിന്നും കുടിയിറക്കപ്പെടുകയും ”

കണ്‍വെയര്‍ ബെല്‍ററിലെ സൂട്ട്കെയ്സ് പോലെ ” അനാഥമായങ്ങനെ ഒഴുകേണ്ടി വരികയും ചെയ്യുന്ന ഒരു ജനതയോ? അവരുടെ ശബ്ദമാണ് ലിസാ തറാക്കിയിലൂടെ  പുറത്ത് വന്നത്.

ഏതാണ്ട് 6 വര്‍ഷമായി താങ്കളുടെ ബഹിഷ്ക്കരണ പ്രസ്ഥാനം രൂപം കൊണ്ടിട്ട്. ഇപ്പോള്‍ എന്ത് തോന്നുന്നു? അനുഭവങ്ങള്‍ പങ്ക് വെക്കാമോ? ഒപ്പം, പലസ്തീന്‍ ജനത ഈ പ്രസ്ഥാനത്തെ എങ്ങനെ നോക്കിക്കാണുന്നുവെന്നും.

ഞങ്ങളുടെ പ്രവര്‍ത്തനഫലമായി കലാകാരന്മാരും സംഗീതജ്ഞരും ഇസ്രയേലിനെതിരെ അണിനിരക്കുകയാണ്. വിഖ്യാതരായ പോപ് ഗായകരില്‍ ഒട്ടനവധി പേര്‍ ബഹിഷ്കരണപരിപാടികളില്‍ സഹകരിക്കുന്നു. സംഗീതലോകത്തെ കേമന്മാരായ അഞ്ചാറു ഗ്രൂപ്പുകള്‍ ഇസ്രയേലിലെ അവരുടെ പരിപാടി റദ്ദാക്കുകയുണ്ടായി. ലോകത്തെ അറിയപ്പെടുന്ന കവികളും ഗായകരും എഴുത്തുകാരുമായ 80 പേര്‍ സമീപകാലത്ത് ഒരു പ്രഖ്യപനം നടത്തി.

-ഇസ്രയേലില്‍ പരിപാടികള്‍ക്കായി പോവുകയില്ല എന്ന ഒരു രണ്ടു വരി പ്രതിജ്ഞ. അമേരിക്കയില്‍ ഞങ്ങളോട് യോജിക്കുന്ന 600ലേറെ പ്രൊഫസര്‍മാരുണ്ട്. പക്ഷേ അവര്‍ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഇസ്രയേലിനെ എതിര്‍ക്കുന്നവരൊക്കെ പിരിച്ചുവിടപ്പെടുകയാണ്. എന്നിട്ടും അനവധി പേര്‍ ഇതില്‍ സഹകരിക്കുന്നു എന്നത് ഒരു പക്ഷേ അവിശ്വസനീയമായി തോന്നാം.

യൂറോപ്പിലും അമേരിക്കയില്‍ തന്നെയുമുള്ള ഒട്ടനവധി സംഘടനകള്‍, വിശേഷിച്ചും ട്രെയ്ഡ് യൂനിയനുകള്‍ ഞങ്ങള്‍ക്ക് പൂര്‍ണ്ണപിന്തുണ നല്‍കുന്നു. അക്കാദമിക സമൂഹം നന്നായി സഹകരിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയിലെ പ്രമുഖ ട്രെയ്ഡ് യൂനിയന്‍ സംഘടനയായ കൊസാറ്റ എല്ലാ അര്‍ത്ഥത്തിലും ഞങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. ലോകത്താകെയുള്ള ഇടതുപക്ഷ കക്ഷികള്‍ സജീവമായി സഹകരിക്കുന്നു.

ദല്‍ഹിയില്‍ ഒരു ഇസ്രയേലി നൃത്തപരിപാടി അരങ്ങേറിയ വിവരം ഞാന്‍ ഇന്നലെയാണറിഞ്ഞത്. എനിക്ക് സങ്കടവും ദേഷ്യവും തോന്നി. യാസര്‍ അറാഫത്തിന്റെ ഉറ്റ തോഴനായിരുന്ന നെഹ്റുവിന്റെ നാട്ടില്‍ വന്നോ ഈ ചുടലനൃത്തം? പലസ്തീനികളെ ചുട്ടുകൊല്ലുന്ന കൈകള്‍ ഇന്ത്യക്കാര്‍ക്ക് ആസ്വദിക്കാവുന്ന എന്ത് മുദ്രകളാണ് കാട്ടുക? ഗാന്ധിജിയുടെ പിന്‍മുറക്കാര്‍ക്ക്  ഈ ചോരമണം എങ്ങനെ രുചിക്കാനാവും ?

അതിനേക്കാള്‍ ഞെട്ടലുളവാക്കുന്ന വിവരമാണ് ഒരു ഇന്ത്യന്‍ എഴുത്തുകാരന്‍, അമിതാബ് ഘോഷ് ഇസ്രയേലി പ്രസിഡണ്ടില്‍ നിന്ന് നിര്‍ലജ്ജം സമ്മാനം ഏറ്റുവാങ്ങുന്നു എന്നത്! ഭാഗ്യവശാല്‍ ഈ നാണക്കേടിന് തങ്ങള്‍ കൂട്ടില്ലെന്ന് പ്രഖ്യാപിക്കാന്‍ ഇന്ത്യയിലെ പ്രമുഖരായ എഴുത്തുകാര്‍ രംഗത്തു വന്നു. ആ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് അവര്‍ അമിതാബിനോട് ആവശ്യപ്പെട്ടു.

അവര്‍ തുറന്ന കത്തെഴുതി. പക്ഷേ അയാള്‍ അത് കേട്ടില്ല. ദുര്‍ബലമായ വാദമുഖങ്ങള്‍ നിരത്തി അയാള്‍ ആ സമ്മാനപ്പൊതി ഏറ്റുവാങ്ങുക തന്നെ ചെയ്തു. ഞങ്ങളുടെ കുരുന്നുകളുടെ ചോര പുരണ്ട പൊതി. മുമ്പാണെങ്കില്‍ അയാള്‍ക്കതിനുള്ള ധൈര്യം ഉണ്ടാകുമായിരുന്നില്ല.

പക്ഷേ ഇപ്പോള്‍ ഇന്ത്യാഗവണ്‍മെന്റ് തന്നെ ഇസ്രയേലിന്റെ ഉറ്റ സുഹൃത്താവുകയാണ്. വിദേശനയം മാറിത്തീര്‍ന്നിരിക്കുന്നു. ഇന്ത്യാ-ഇസ്രയേല്‍-അമേരിക്കാ അച്ചുതണ്ട് തന്നെ രൂപപ്പെട്ടിരിക്കുന്നു. അത്തരം ഒരവസരത്തില്‍ ബഹിഷ്ക്കരണത്തിനുള്ള പ്രസക്തി വളരെ ഏറെയാണ്.

പലസ്തീനിലെ ഞങ്ങളുടെ സ്വീകാര്യതയെക്കുറിച്ചാണെങ്കില്‍ ഒന്നു പറയാം. ഞങ്ങളുടേത് എല്ലാ വീടുകളിലും അറിയപ്പെടുന്ന ഒരു സാര്‍വ്വത്രിക നാമമല്ല. പക്ഷേ ചെറുതെങ്കിലും ശക്തമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ ഞങ്ങള്‍ക്കാവും എന്ന് ഞാന്‍ കരുതുന്നു.

വനിതാപ്രസ്ഥാനങ്ങള്‍ എത്രമാത്രം സംഘടിതമാണ് പലസ്തീനില്‍? അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ അവ എങ്ങനെ പ്രവര്‍ത്തിക്കുന്നു?
വനിതാ സംഘടനകള്‍ക്ക് സുദീര്‍ഘമായ ഒരു ചരിത്രം ഉണ്ട്. 1920 ന് മുമ്പ് തന്നെ ബ്രിട്ടീഷുകാര്‍ക്കെതിരെ അണി നിരന്ന പാരമ്പര്യം അതിനുണ്ട്. 80 കളായപ്പോള്‍ സ്ത്രീസാന്നിദ്ധ്യം രാഷ്ട്രീയ മേഖലയിലും ബഹുജനസംഘടനകളിലും ഏറെ സജീവമായിരുന്നു. മിക്ക രാഷ്ട്രീയ പ്രസ്ഥാനങ്ങളും സ്ത്രീകളെ സംഘടിപ്പിക്കുന്നുണ്ട്. ഏതായലും പൊരുതുന്ന പലസ്തീനിലെ സ്ത്രീസാന്നിദ്ധ്യം മറ്റിടങ്ങളിലേതില്‍ നിന്നും വ്യത്യസ്തമല്ല.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വനിതാവക്കീലന്മാര്‍ കോടതിയില്‍ പോവുമ്പോള്‍ തല മറയ്ക്കണമെന്ന നിര്‍ദ്ദേശം വന്നു. അതിനെതിരെ അതിശക്തമായ പ്രതികരണമാണുണ്ടായത്. വന്‍തോതില്‍ ജനങ്ങളെ അണിനിരത്താന്‍ വനിതാ സംഘടനകള്‍ക്ക് കഴിഞ്ഞു.

സമ്പന്ന ഇസ്ളാമിക രാഷ്ടങ്ങളായ സൌദി അറേബിയയും മറ്റും പലസ്തീനെ സഹായിക്കുന്നില്ല എന്നു മാത്രമല്ല അമേരിക്കക്കൊപ്പമാണ്. എന്തുകൊണ്ടിങ്ങനെ? സാമ്രാജ്യത്വം മതത്തെയും മതാത്മകതയെയും എങ്ങനെ തങ്ങളുടെ സ്വാര്‍ത്ഥ ലാഭത്തിനായി ഉപയോഗപ്പെടുത്തുകയും പിന്നീട് വലിച്ചെറിയുകയും ചെയ്യുന്നു എന്ന് അഫ്ഗാനിസ്ഥാന്‍ നമുക്ക് കാട്ടിത്തന്നിട്ടുണ്ട്. സൌദിഅറേബ്യ നമ്മെ പഠിപ്പിക്കുന്നത് ആധുനിക കാലത്തെ പ്രശ്നങ്ങള്‍ മതാത്മകമായി പരിഹരിക്കാനാവില്ല എന്നുതന്നെയാണ് .

വിശ്വാസത്തെ ദുരുപയോഗപ്പെടുത്തുകയാണ് സാമ്രാജ്യത്വം. നൂറുകണക്കിന് പലസ്തീനികളെ ചുട്ടുകൊല്ലുന്ന ഇസ്രയേലിന് ആയൂധങ്ങളെത്തിച്ചു കൊടുക്കുന്ന അമേരിക്കയോടാണ് സൌദിഅറേബ്യക്ക് ചങ്ങാത്തം.

ഹമാസിന് ബഹുജനസ്വാധീനം കൂടുന്നു; പി.എല്‍.ഒ ദുര്‍ബ്ബലമാവുന്നു. എന്തു പറയുന്നു?

ഹമാസിന് അവഗണിക്കാനാവാത്ത പിന്തുണയുണ്ട് പലസ്തീനില്‍. തെരെഞ്ഞെടുപ്പില്‍ അവര്‍ ജയിച്ചു എന്ന കാര്യം നാം അംഗീകരിക്കേണ്ടതുണ്ട്. അവരുടെ ബഹുജന പിന്തുണയില്‍ ഇപ്പോള്‍ ഇടിവ് വന്നിട്ടുണ്ടാവാം. പക്ഷേ നമുക്കവരെ അവഗണിച്ചു തള്ളാനാവില്ല.

80കളുടെ അവസാനവും 90 കളുടെ ആദ്യവുമായി ഇസ്രയേലുമായി ചര്‍ച്ചകളാരംഭിച്ചതോടെ പി.എല്‍.ഓ യുടെ പിന്തുണ കുറയാന്‍ തുടങ്ങി. ഓസ്ലോ ചര്‍ച്ചകള്‍ വഴിയുണ്ടായ ഫലം ഇടതുപക്ഷ ശക്തികള്‍ ദുര്‍ബലപ്പെടുകയും മതനിരപേക്ഷ ശക്തികള്‍ ഛിദ്രമാവുകയും ചെയ്തു എന്നതാണ്. ഹമാസ് ജയിച്ചു വന്നു എന്നതുകൊണ്ട് പലസ്തീന്‍ ജനതയെ മുഴുവന്‍ ശിക്ഷിക്കുകയാണ് സാമ്രാജ്യത്വം.

ഈ സന്ദര്‍ശനവേളയില്‍ ഇന്ത്യന്‍ജനതയോട് എന്താണ് പറയാനുള്ളത്?.
ഇസ്രായേലിനെ ബഹിഷ്ക്കരിക്കുക. ഇന്ത്യന്‍ ഭരണാധികാരികളെ അതിന് നിര്‍ബന്ധിക്കുക. സയോണിസത്തെ തുറന്നു കാട്ടുക. അതിന് സാമ്രാജ്യത്വവുമായുള്ള ബന്ധം മനസ്സിലാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക. ഗാന്ധിജിയുടെയും നെഹ്റുവിന്റേയും ഇന്ത്യ, സാമ്രാജ്യത്വശക്തികളുടെ കെണിയില്‍ വീണുകൂടാ.

അതുകൊണ്ടു തന്നെ ഇന്ത്യാ- ഇസ്രയേല്‍-അമേരിക്കാ അച്ചുതണ്ട് രൂപംകൊള്ളാന്‍ അനുവദിച്ചുകൂടാ.അതിനെതിരെ വിപുലമായ തോതില്‍ ജനങ്ങളെ അണി നിരത്താനാവണം. ഇടതുപക്ഷ കക്ഷികള്‍ ആ നിലക്ക് വലിയ മുന്നേറ്റം നടത്തുന്നുണ്ട് എന്നത് ആശ്വാസകരമാണ്.

Advertisement