മദ്യമില്ലാത്ത ആറ് ദിവസങ്ങള്‍ ഏഴ് മരണങ്ങള്‍ അത്ര നിസ്സാരമാണോ കാര്യങ്ങള്‍?
ന്യൂസ് ഡെസ്‌ക്

21 ദിവസത്തെ ലോക്ക് ഡൗണിന്റെ ഭാഗമായി സംസ്ഥാനത്ത് പൂര്‍ണ്ണമായും മദ്യലഭ്യത ഇല്ലാതായതോട് കൂടി മറ്റൊരു നിര്‍ണായകമായ സാമൂഹിക പ്രശ്‌നത്തിലൂടെയും കേരളം കടന്നു പോകുകയാണ്. ബീവറേജസ് ഔട്ട് ലെറ്റുകളും ബാറുകളും അടച്ചതോടെ സംസ്ഥാനത്ത് ഏഴ് ആത്മഹത്യകള്‍ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ആറ് ദിവസം പിന്നിടുമ്പോഴാണ് ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് എന്നത് ഏറെ ആശങ്ക ഉളവാക്കുന്നതാണ്.

ഇപ്പോള്‍ ഏറ്റവും ഒടുവിലായി പുതുപ്പള്ളിയില്‍ നിന്നുള്ള യുവാവാണ് ആത്മഹത്യ ചെയ്തത്. ഇന്ന് തന്നെ മറ്റൊരു ആത്മഹത്യയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. വെങ്ങിണിശ്ശേരിയില്‍ മദ്യം ലഭിക്കാത്തതിലുള്ള മാനസിക പ്രയാസം മൂലം കെട്ടിട്ട നിര്‍മ്മാണ തൊഴിലാളിയാണ് ജീവനൊടുക്കിയത്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്നുള്ള അദ്യത്തെ ആത്മഹത്യ കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തതും തൃശ്ശൂരില്‍ നിന്നായിരുന്നു.

ഇതിനു പിന്നാലെ ആലപ്പുഴ കിടങ്ങംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിനു സമീപം കടത്തിണ്ണയില്‍ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മദ്യം കിട്ടാത്തത് മൂലം ഇയാള്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.
കൊല്ലത്തുനിന്നായിരുന്നു മറ്റൊരു കേസ് റിപ്പോര്‍ട്ട് ചെയ്തത്. സ്ഥിരം മദ്യപാനിയായ ഇയാള്‍ രണ്ട് ദിവസമായി മാനസിക വിഭ്രാന്തിയിലായിരുന്നുവെന്നാണ് ബന്ധുക്കളും നാട്ടുകാരും പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കണ്ണൂര്‍ അഞ്ചരക്കണ്ടിയിലാണ് മറ്റൊരു യുവാവ് തൂങ്ങി മരിച്ചത്. മദ്യം കിട്ടാത്തതിനെ തുടര്‍ന്നാണ് ഇയാളുടേയും ആത്മഹത്യ എന്ന് കുടുംബം ആരോപിച്ചിരുന്നു. ഇയാള്‍ സ്ഥിര മദ്യപാനിയാണെന്ന് നാട്ടുകാരും പറയുന്നു.

നോര്‍ത്ത് പറവൂരില്‍ മറ്റൊരു യുവാവും ബെവ്കോ മദ്യശാലകള്‍ അടച്ചതിന് നാലാം ദിവസം ആത്മഹത്യ ചെയ്തിരുന്നു. ബെവ്കോ മദ്യവില്‍പനശാലകള്‍ പൂട്ടിയതോടെ ഇയാള്‍ കടുത്ത മാനസിക അസ്വസ്ഥതകള്‍ കാണിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

കായംകുളത്ത് മദ്യത്തിന് പകരം ഷേവിംഗ് ലോഷന്‍ കഴിച്ച യുവാവ് മരിച്ചതാണ് മറ്റൊരു സംഭവം. ബിവറേജസ് പൂട്ടിയതിന് ശേഷമുള്ള ദിവസങ്ങളിലെല്ലാം ഇയാള്‍ ഷേവിങ് ലോഷന്‍ കഴിച്ചിരുന്നതായാണ് വിവരം.

തിരുവനന്തപുരം ആങ്കോട്ടിലില്‍ വയോധികനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതും മദ്യം ലഭിക്കാത്തതു മൂലമുള്ള മാനസിക പ്രശ്നങ്ങള്‍ കാരണമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സ്ഥിരം മദ്യപാനിയായിരുന്ന ഇയാള്‍ക്ക് മദ്യം ലഭിക്കാത്തത് മൂലം മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.

ആത്മഹത്യകള്‍ കൂടാതെ അനവധി ആത്മഹത്യ ശ്രമങ്ങളും ഇക്കാലയളവില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലപ്പുറത്ത് രണ്ട് പേര്‍ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി മന്ത്രി കെ.ടി ജലീല്‍ വ്യക്തമാക്കിയിരുന്നു. മദ്യം ലഭിക്കാത്ത നിരാശ മൂലം ചങ്ങനാശ്ശേരിയില്‍ യുവാവ് ഷോപ്പിങ് കോപ്ലക്സിന് മുന്നില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇയാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

കൊവിഡ് 19 ന്‍ പടരുന്നത് തടയാന്‍ ബാറുകള്‍ അടച്ചിടണമെന്ന ആവശ്യം പ്രതിപക്ഷം നേരത്തെ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത് വലിയ സാമൂഹിക പ്രത്യാഘാതത്തിന് ഇടയാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

പിന്നീട് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യപിച്ചതിനെ തുടര്‍ന്നാണ് ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടാന്‍ തീരുമാനമായത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ബീവറേജസ് ഔട്ട്‌ലെറ്റിന്റെ 301 ചില്ലറ വില്‍പ്പന ശാലകളും, 598 ബാറുകളും, 357 ബീര്‍ വൈന്‍ പാര്‍ലറുകളും പൂട്ടുകയുണ്ടായി. മിലിറ്ററി ക്യാന്റീന്‍, ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ തുടങ്ങി സംസ്ഥാനത്ത് മദ്യമെത്താനുള്ള എല്ലാ വഴികളും ഇപ്പോള്‍ അടഞ്ഞിരിക്കുകയാണ്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യനിരോധനത്തിലേക്ക് സര്‍ക്കാര്‍ എത്തിയിരിക്കുകയാണ്.

മദ്യം ലഭിക്കാത്തത് മൂലമുള്ള സാമൂഹിക പ്രശ്‌നങ്ങള്‍ ഗുരുതരമാകുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനെ തുടര്‍ന്ന് മദ്യാസക്തി മൂലമുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഡോക്ടര്‍മാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മദ്യം നല്‍കാമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചിരുന്നു.

എന്നാല്‍ അമിത മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയോട് കൂടി മദ്യം നല്‍കുവാനുള്ള തീരുമാനം ശാസ്ത്രീയമല്ലെന്ന് ഐ.എം.എ പറയുന്നു. ആല്‍ക്കഹോള്‍ വിത്ത്‌ഡ്രോവല്‍ ലക്ഷണം ഉള്ളവര്‍ക്ക് ശാസ്ത്രീയ ചികിത്സയാണ് നല്‍കേണ്ടതെന്നാണ് സംഘടന അഭിപ്രായപ്പെടുന്നത്.

മദ്യാസക്തി മൂലമുണ്ടാകുന്ന ആല്‍ക്കഹോള്‍ വിഡ്രോവല്‍ സിന്‍ഡ്രോം നിസാരമായി കാണരുതെന്നും. ഇതുമൂലമുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങള്‍ കൃത്യമായി കണ്ടുപിടിച്ച് ചികിത്സിക്കണമെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കിയിരന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതിനു പുറമെ ചികിത്സാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കണക്കുകള്‍ പ്രകാരം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സര്‍വ്വകാല റെക്കോഡാണ് മദ്യവില്‍പ്പനയില്‍ നിന്നുള്ള വരുമാനത്തില്‍ 2019ല്‍ കേരളം നേടിയത്. സാമ്പത്തിക മേഖലയില്‍ പ്രളയമുള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ കേരളത്തെ വലച്ചെങ്കിലും മദ്യത്തിന്റെ വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നില്ല. 14505 കോടി രൂപയുടെ മദ്യമാണ് 2018-2019 സാമ്പത്തിക വര്‍ഷം കേരളം വിറ്റത്. കേരളത്തിന്റെ വരുമാനത്തിന്റെ പ്രധാന സോഴ്‌സ് കൂടിയാണ് മദ്യം.

ഇതിനോടകം തന്നെ ഓണ്‍ലൈനില്‍ കൂടി മദ്യ ലഭ്യത ഉറപ്പാക്കണം എന്നിങ്ങനെയുള്ള ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ ഓണ്‍ലൈന്‍ വഴി മദ്യ വില്‍പ്പന സര്‍ക്കാരിന്റെ പരിഗണനിയില്‍ ഇല്ലെന്നാണ് എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞത്.

മദ്യാസക്തിയില്‍ രാജ്യത്ത് തന്നെ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ആളോഹരി ഉപഭോഗത്തില്‍ എട്ട് ലിറ്റര്‍ വരെ ഒരു വ്യക്തിക്കുണ്ടെന്നാണ് സൂചന. കേരളത്തിലെ 37 ശതമാനവും മദ്യം ഉപയോഗിക്കുന്നവരാണ്. അതില്‍ തന്നെ 4.8% ശതമാനം പേര്‍ മദ്യത്തിന് അടിമായാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശരാശരി ഒരു ദിവസം പതിനാല് ലക്ഷത്തിലധികം പേര്‍ മദ്യ ശാലകള്‍ സന്ദര്‍ശിച്ചിരുന്നുവെന്നും രോഗാവസ്ഥയില്‍ 50000 ത്തില്‍ അധികം ആളുകള്‍ ഉണ്ടെന്നും എക്‌സൈസ് വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത്തരമൊരു അവസ്ഥയില്‍ കൊവിഡിനെ നേരിടുന്നതിനൊപ്പം തന്നെ പ്രയാസകരമായിരിക്കും കേരളത്തിന് മദ്യാസക്തി ഉള്ളവരുടെ പ്രശ്‌നത്തെ നേരിടുന്നതും.