'മെസി വ്യത്യസ്തമായിട്ടെന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അതിനൊരു കാരണമുണ്ട്'; ഇതിഹാസ താരത്തെ കുറിച്ച് സ്‌കലോണി
Football
'മെസി വ്യത്യസ്തമായിട്ടെന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അതിനൊരു കാരണമുണ്ട്'; ഇതിഹാസ താരത്തെ കുറിച്ച് സ്‌കലോണി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 15th August 2023, 8:59 pm

കഴിഞ്ഞ മാസം പി.എസ്.ജിയുമായി പിരിഞ്ഞ് അമേരിക്കയിലേക്ക് ചേക്കേറിയ ലയണല്‍ മെസി തകര്‍പ്പന്‍ പ്രകടനമാണ് ഇന്റര്‍ മയാമിക്കായി കാഴ്ചവെക്കുന്നത്. ലീഗ്സ് കപ്പില്‍ ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളുകള്‍ താരം അക്കൗണ്ടിലാക്കി കഴിഞ്ഞു.

താരത്തിന്റെ പുതിയ ലീഗിലെ പ്രകടനം കാണാന്‍ അര്‍ജന്റൈന്‍ ദേശീയ ടീമിലെ പരിശീലകന്‍ ലയണല്‍ സ്‌കലോണി കുടുംബത്തോടൊപ്പം എത്തിയിരുന്നു. മെസി ഇന്റര്‍ മയാമിയില്‍ അതീവ സന്തോഷവാനാണെന്നും അദ്ദേഹം ഹാപ്പിയാണെങ്കില്‍ വ്യത്യസ്തമായ പലതും ചെയ്യാനാകുമെന്നും സ്‌കലോണി പറഞ്ഞു. ഇ.എസ്.പി.എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘ഞാന്‍ കുടുംബത്തോടൊപ്പം മെസിയുടെ മത്സരം കാണാനെത്തിയതായിരുന്നു. അവനെ വളരെ സന്തോഷവാനായാണ് ഇവിടെ കാണാനാകുന്നത്. മെസി ഹാപ്പിയാണെങ്കില്‍ അവന്‍ ചെയ്യുന്ന കാര്യങ്ങള്‍ മറ്റുള്ളവരെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായിരിക്കും,’ സ്‌കലോണി പറഞ്ഞു.

ശനിയാഴ്ച നടന്ന മത്സരത്തില്‍ ഇന്റര്‍ മയാമി വിജയത്തോടെ ലീഗ്‌സ് കപ്പിന്റെ സെമി ഫൈനല്‍ പോരാട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ചാര്‍ലോട്ടിനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് മയാമിയുടെ കുതിപ്പ്. മത്സരത്തില്‍ മെസിക്ക് തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ഗോള്‍ കണ്ടെത്താനായി. ജോസഫ് മാര്‍ട്ടിനെസ്, റോബേര്‍ട്ട് ടെയ്‌ലര്‍ എന്നിവരുടെ വകയായിരുന്നു മറ്റ് രണ്ട് ഗോളുകള്‍. അഡില്‍സണ്‍ മലാന്‍ഡയുടെ സെല്‍ഫ് ഗോളും മയാമിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

ഇന്റര്‍ കോണ്ടിനെന്റല്‍ ലീഗ്സ് കപ്പില്‍ ഫൈനല്‍ ലക്ഷ്യമിട്ട് മയാമി ഇന്നിറങ്ങും. ഫിലാഡല്‍ഫിയക്കെതിരായ മത്സരം ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ നാലരക്കാണ് തുടങ്ങുക. ഇന്ത്യയില്‍ മത്സരം ടെലിവിഷനിലൂടെ കാണാനാവില്ല. ലൈവ് സ്ട്രീമിങ്ങിലും അപ്പിള്‍ ടി.വിയിലൂടെയും മാത്രമെ മത്സരം കണാനാവൂ. മേജര്‍ ലീഗ് സോക്കറിന്റെ എക്‌സ് അക്കൗണ്ടിലൂടെയും മത്സരവിവരങ്ങള്‍ തത്സമയം ആരാധകര്‍ക്ക് അറിയാനാകും.

Content Highlights: Lionel Scaloni talking about Lionel Messi