'ഇനിയൊന്നും നേടാനില്ല'; വിരമിക്കലിന് സൂചന നല്‍കി മെസി?; റിപ്പോര്‍ട്ട്
Football
'ഇനിയൊന്നും നേടാനില്ല'; വിരമിക്കലിന് സൂചന നല്‍കി മെസി?; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 2nd February 2023, 11:21 am

കരിയറില്‍ ഇനിയൊന്നും നേടാന്‍ ബാക്കിയില്ലെന്നും സ്വപ്‌നം കണ്ടതെല്ലാം സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസി. അന്താരാഷ്ട്ര കരിയറിലും ക്ലബ്ബ് ഫുട്‌ബോളിലും ഇതിനകം ആഗ്രഹിച്ചതെല്ലാം നേടിക്കഴിഞ്ഞതിനാല്‍ ഇനിയൊരു ആഗ്രഹവും ബാക്കിയില്ലെന്നും മെസി പറഞ്ഞു.

അര്‍ബന്‍ പ്ലേക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ഇതിലൂടെ മെസി വിരമിക്കലിനുള്ള സൂചനയാണ് നല്‍കിയിരിക്കുന്നതെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

‘എന്റെ കരിയര്‍ അവസാനിക്കാനായപ്പോഴാണ് എല്ലാം സംഭവിച്ചത്. ദേശീയ ടീമിന് വേണ്ടി ഞാനെല്ലം നേടിക്കഴിഞ്ഞു. എന്റെ സ്വപ്നങ്ങളെല്ലാം സഫലമായി. വ്യക്തിപരമായും അല്ലാതെയും കരിയറില്‍ വേണ്ടതെല്ലാം നേടിക്കഴിഞ്ഞു.

തുടക്കത്തില്‍ എല്ലാം ഇങ്ങനെയാകുമെന്ന് ഞാന്‍ ഓര്‍ത്തതേയില്ല. എനിക്ക് ഇനിയൊരു പരാതിയോ എന്തെങ്കിലും ആവശ്യപ്പെടാനോ ഇല്ല. കോപ്പ അമേരിക്കയും ലോകകപ്പുമെല്ലാം ഞങ്ങള്‍ നേടിക്കഴിഞ്ഞു, ഇനിയൊന്നും ബാക്കിയില്ല,’ മെസി പറഞ്ഞു.

ഖത്തറില്‍ ലോക ചാമ്പ്യനായതോടുകൂടി അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ അന്താരാഷ്ട്ര കരിയര്‍ പൂര്‍ണമായിരിക്കുകയാണ്. 36 വര്‍ഷത്തെ അര്‍ജന്റീനയുടെ കിരീട വരള്‍ച്ച അവസാനിപ്പിച്ചതോടെ ദൈവത്തെ പോലെയാണ് താരത്തെ അര്‍ജന്റീന ആരാധകര്‍ കാണുന്നത്.

കോപ്പ അമേരിക്കയും ലോകകപ്പും നേടിയതിന് പുറമെ വ്യക്തിഗത നേട്ടങ്ങളിലും റെക്കോഡിട്ട താരത്തിന് കരിയറില്‍ ഇനി ഒന്നും തന്നെ നേടാന്‍ ബാക്കിയില്ല.

അതേസമയം മെസി നിലവില്‍ ബൂട്ടുകെട്ടുന്ന ക്ലബ്ബായ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കാനായെങ്കിലും താരം ക്ലബ്ബില്‍ തുടരുമോ എന്നുള്ള കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ ദിവസം ലീഗ് വണ്ണില്‍ നടന്ന മത്സരത്തില്‍ മെസി കളിച്ചിരുന്നു.

മോണ്ട്പെല്ലിയറിനെതിരെ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു പി.എസ്.ജിയുടെ ജയം. മത്സരത്തില്‍ മെസി ഒരു ഗോള്‍ നേടിയപ്പോള്‍ ഫാബിയാന്‍ റൂയിസ്, വാറന്‍ സെറെ എമരി എന്നിവരാണ് മറ്റുഗോളുകള്‍ സ്വന്തമാക്കിയത്. മോണ്ട്‌പെല്ലിയറിന്റെ ഗോള്‍ അര്‍നോഡ് നോര്‍ഡിന്റെ വകയായിരുന്നു.

Content Highlights: Lionel Messi will retire from football, reports says