'നേടുന്നതുവരെ ഞാനതിന്റെ പുറകെ പോവും'; മനസുതുറന്ന് മെസി
Football
'നേടുന്നതുവരെ ഞാനതിന്റെ പുറകെ പോവും'; മനസുതുറന്ന് മെസി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 28th April 2023, 10:48 am

ഫുട്‌ബോള്‍ കരിയറില്‍ എല്ലാ നേട്ടങ്ങളും കൈപ്പിടിയിലൊതുക്കിയ താരമാണ് ലയണല്‍ മെസി. അന്താരാഷ്ട്ര ഫുട്‌ബോളിലും ക്ലബ്ബ് തലത്തിലും ഇനിയൊരു ടൈറ്റിലും മെസിക്കിനി നേടാനില്ല. തന്റെ ഏറ്റവും വലിയ പ്രത്യേകതയെന്തെന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണിപ്പോള്‍.

എന്തെങ്കിലുമൊന്ന് നേടണമെന്നാഗ്രഹിച്ചാല്‍ അത് തലയിലിട്ട് നടക്കുമെന്നും അത് നേടിക്കഴിയുന്നതുവരെ അതിനെക്കുറിച്ച് ചിന്തിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബോലാവിപ് അര്‍ജന്റീനക്ക് (Bolavip Argentina) നല്‍കിയ അഭിമുഖത്തിലാണ് മെസി ഇക്കാര്യം പങ്കുവെച്ചത്.

‘എന്റെ സ്വഭാവ സവിശേഷതയോ? എനിക്കറിയില്ല, പക്ഷേ എനിക്ക് തോന്നുന്നു വിടാതെയുള്ള ശ്രമങ്ങള്‍ ആണ് അതെന്നാണ്. എന്തെങ്കിലും നേടണമെന്ന് ആഗ്രഹിച്ചുകഴിഞ്ഞാല്‍ ഞാനത് തലയിലിട്ട് നടക്കും. അത് നേടിക്കഴിയുന്നത് വരെ ഞാനത് മനസില്‍ നിന്ന് വിടാറില്ല,’ മെസി പറഞ്ഞു.

ലയണല്‍ മെസിയുടെ ഫുട്‌ബോള്‍ കരിയറിന്റെ തുടക്കം കഷ്ടതകളും കഠിനാധ്വാനവും നിറഞ്ഞതായിരുന്നു. തന്റെ പതിനൊന്നാമത്തെ വയസില്‍ ശരീരത്തിലെ ഹോര്‍മോണ്‍ വളര്‍ച്ചയുടെ അപര്യാപ്തത മൂലം താരം ചികിത്സ തേടിയിരുന്നു. ഒരുപരിധിയില്‍ കൂടുതല്‍ വളര്‍ച്ചയുണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തി മികച്ച ഫുട്‌ബോളറാകണമെന്ന സ്വപ്‌നം സാക്ഷാത്കരിച്ച താരമാണ് മെസി.

ഫുട്‌ബോളില്‍ എല്ലാം നേട്ടവും കൈപ്പിടിയിലൊതുക്കിയെങ്കിലും താരത്തിന്റെ ക്ലബ്ബ് ഫുട്‌ബോള്‍ ഭാവി അനിശ്ചിതത്വത്തിലാണ്. വരുന്ന ജൂണില്‍ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ ക്ലബ്ബില്‍ തുടരുമോ എന്നുള്ള കാര്യത്തില്‍ താരം വ്യക്തത നല്‍കിയിട്ടില്ല.

തന്റെ പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് തന്നെ മടങ്ങാനാണ് മെസി പദ്ധതിയിടുന്നതെന്ന് നിരവധി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വിഷയത്തില്‍ മെസി തന്റെ തീരുമാനം അറിയിച്ചിട്ടില്ല.

ഇതിനകം സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലില്‍ നിന്ന് മെസിക്ക് 400 മില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തിരുന്നെന്നും എന്നാല്‍ അദ്ദേഹം അത് നിരസിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. കരിയറിന്റെ അവസാനഘട്ടത്തിലാണെന്നിരിക്കെ യൂറോപ്പില്‍ തന്നെ കളിച്ച് വിരമിക്കാനാണ് മെസി പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Content Highlights: Lionel Messi talking about his trait in an interview