'കൂടുതല്‍ കരുത്ത് പകരുന്നൂ, നെയ്മര്‍'; വൈറലായി മെസിയുടെ പോസ്റ്റ്
Football
'കൂടുതല്‍ കരുത്ത് പകരുന്നൂ, നെയ്മര്‍'; വൈറലായി മെസിയുടെ പോസ്റ്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 20th October 2023, 1:32 pm

വേള്‍ഡ് കപ്പ് ക്വാളിഫയേഴ്സില്‍ കഴിഞ്ഞ ദിവസം ഉറുഗ്വേക്കെതിരെ നടന്ന മത്സരത്തില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പരിക്ക് പറ്റിയിരുന്നു. മത്സരത്തിന്റെ 46ാം മിനിട്ടിലാണ് താരത്തിന് കാലിന്റെ ലിഗ്മെന്റിന് പരിക്കേറ്റത്.

ഉടന്‍ തന്നെ താരത്തെ സ്ട്രക്ച്ചറില്‍ കളത്തില്‍ നിന്ന് പുറത്തുകൊണ്ടുപോവുകയായിരുന്നു. നെയ്മറിന്റെ പരിക്ക് ഗുരുതരമാണെന്നും താരത്തിന് ശസ്ത്രക്രിയ ആവശ്യമാണെന്നും സൗദി ക്ലബ്ബായ അല്‍ ഹിലാല്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. താരത്തിന് ഈ സീസണ്‍ പൂര്‍ണമായും നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നെയ്മര്‍ക്ക് പിന്തുണയറിയിച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ബാഴ്‌സലോണയിലും പി.എസ്.ജിയിലും നെയ്മറിന്റെ സഹതാരവും അടുത്ത സുഹൃത്തുമായ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ശ്രദ്ധനേടുകയാണിപ്പോള്‍. നെയ്മര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കൂടുതല്‍ കരുത്ത് പകരുന്നു, നെയ്മര്‍ എന്നാണ് മെസി ഇന്‍സ്റ്റ്ഗ്രാമില്‍ കുറിച്ചത്.

അതേസമയം, നെയ്മര്‍ സോഷ്യല്‍ മീഡിയയില്‍ വൈകാരികമായി ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. പരിക്കുണ്ടാകുന്നതും അതിനായി ശസ്ത്രക്രിയ നടത്തുന്നതും അത്ര എളുപ്പമുള്ള കാര്യമല്ലെന്നും നാല് മാസങ്ങള്‍ക്ക് ശേഷം എല്ലാം പഴയതുപോലെയാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു. എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും സന്ദേശങ്ങള്‍ക്കും ഒരുപാട് നന്ദിയെന്നും നെയ്മര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Content Highlights: Lionel Messi supports Neymar