ഇതുവരെയില്ലാത്ത മധുരമാണ് ഈ പിറന്നാളിന്
Sports News
ഇതുവരെയില്ലാത്ത മധുരമാണ് ഈ പിറന്നാളിന്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 24th June 2022, 9:21 am

ഫുട്‌ബോള്‍ കണ്ട എക്കാലത്തേയും മികച്ച താരങ്ങളിലൊരാളുടെ മുപ്പത്തിയഞ്ചാം ജന്മദിനം ലോകമൊന്നാകെ കൊണ്ടാടുകയാണ്. ഫുട്‌ബോളിനെ സ്‌നേഹിച്ച ഒരു രാജ്യത്ത് നിന്നും ഉയര്‍ന്നുവന്ന് ഫുട്‌ബോള്‍ എന്ന വാക്കിന് തന്നെ പര്യായമായി മാറിയ സാക്ഷാല്‍ ലയണല്‍ മെസിയുടെ പിറന്നാളാണിന്ന്.

എണ്ണിയാലൊടുങ്ങാത്ത ഗോളും ക്ലബ്ബ് കിരീടങ്ങളും ഗോള്‍ഡന്‍ ബൂട്ട്, ബാലണ്‍ ഡി ഓര്‍ തുടങ്ങി ഫുട്‌ബോളില്‍ എന്തെല്ലാം നേടാനാവുമോ അതില്‍ ഒന്നൊഴിച്ച് എല്ലാം ലിയോ നേടിയിട്ടുണ്ട്.

1987 ജൂണ്‍ 24 ന് അര്‍ജന്റീനയിലെ റൊസാരിയോയില്‍ ഫാക്ടറി തൊഴിലാളിയുടെയും തൂപ്പുകാരിയുടെയും മകനായാണ് ലയണല്‍ ആന്ദ്രെ മെസിയുടെ ജനനം.

വളര്‍ച്ചയെ ബാധിക്കുന്ന ഹോര്‍മോണല്‍ ഡിസോര്‍ഡര്‍ മൂലം ഇവന് ഫുട്‌ബോള്‍ കളിക്കാനാവില്ല എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതാണ്. ആ വിധിയെ മറികടക്കാന്‍ സഹായിച്ചത് ബാഴ്‌സലോണയും.

മെസിയുടെ പതിനൊന്നാം വയസിലായിരുന്നു കാലില്‍ മാന്ത്രികത നിറച്ച ആ കൊച്ചുപയ്യനെ ബാഴ്സലോണ കണ്ടെടുത്തത്. പിന്നീടെല്ലാം ചരിത്രം.

ബാഴ്‌സയ്ക്ക് വേണ്ടിയായിരുന്നു മെസി ഏറ്റവുമധികം ഗോളടിച്ചുകൂട്ടിയതും കിരീടം നേടിയതും. ബാഴ്‌സയ്ക്കായി ഒന്നിന് പിന്നാലെ ഒന്നായി കിരീടം നേടുമ്പോഴും അര്‍ജന്റീനയ്ക്കായി ഒന്നും നേടാന്‍ സാധിക്കാത്തതിന്റെ വിഷമം എന്നും മെസിയുടെ മനസിലുണ്ടായിരുന്നു.

2014 ലോകകപ്പില്‍ കിരീടത്തിന് തൊട്ടടുത്ത് വരെ എത്തിയിട്ടും കപ്പുയര്‍ത്താന്‍ കഴിയാതെ പോയതുമുതല്‍ മെസിയില്‍ പഴയ വീര്യം കുറഞ്ഞതായി തോന്നിയിരുന്നു. എന്നാല്‍ ആരാധകര്‍ക്കാവശ്യമുള്ളതെന്തോ അത് നേടിയെടുക്കണമെന്ന വാശിയില്‍ ഉയിര്‍ത്തെഴുന്നേറ്റ മെസിയെയായിരുന്നു ലോകം കണ്ടത്.

ബാഴ്‌സയില്‍ നിന്നും പി.എസ്.ജിയില്‍ എത്തിയതോടെ മെസിയുടെ പ്രതാപത്തിനും മങ്ങലേറ്റു. ഗോളടിച്ച് വലനിറച്ച മെസി തപ്പിത്തടയുന്ന കാഴ്ചയായിരുന്നു പി.എസ്.ജിയില്‍ കണ്ടത്.

എന്നിരുന്നാലും ആരാധകര്‍ ആ മനുഷ്യനിലുള്ള പ്രതീക്ഷ കൈവിട്ടിരുന്നില്ല. ആ പ്രതീക്ഷയാണ് മാരക്കാനയില്‍ അവരെ ചാമ്പ്യന്‍മാരാക്കിയത്. ബ്രസീലിനെ അവരുടെ തട്ടകത്തില്‍ വെച്ച് തന്നെ തോല്‍പിച്ച് കോപ്പ കിരീടമുയര്‍ത്തുമ്പോള്‍ വല്ലാത്തൊരു ആത്മനിര്‍വൃതിയായിരുന്നു അയാളുടെ മുഖത്ത്.

രാജ്യത്തിനായും തനിക്ക് പലതും നേടാനാവുമെന്ന് വിമര്‍ശകരുടെ മുഖത്ത് നോക്കി പറയാതെ പറയുകയായിരുന്നു മെസി. ശേഷം ഫൈനലിസിമയില്‍ ഒരിക്കല്‍ക്കൂടി മെസി രാജ്യത്തിനായി കിരീടമുയര്‍ത്തി.

രാജ്യത്തിനായി രണ്ട് കിരീടം നേടിയെടുത്തതിന് ശേഷമുള്ള ആദ്യ പിറന്നാളാണിന്ന്, അതുകൊണ്ടുതന്നെ ഈ പിറന്നാളിന് മധുരമേറെയാണ്.

ഇനി മെസിക്ക് ഒന്നും തെളിയിക്കാനില്ല, ഇക്കാലമത്രയും പന്തിന് പിന്നാലെയൊടി താന്‍ എന്താണെന്ന് അയാള്‍ പലകുറി തെളിയിച്ചതാണ്. എന്നാല്‍ അയാള്‍ക്ക് നേടാന്‍ ഒന്നുകൂടിയുണ്ട്, നേടാന്‍ ബാക്കി വെച്ച ലോകകിരീടവുമണിഞ്ഞ ശേഷമായിരിക്കും ലിയോ പടിയിറങ്ങേണ്ടത് എന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്, അയാള്‍ ആഗ്രഹിക്കുന്നതും അതുതന്നെയാണ്.

 

Content Highlight: Lionel Messi’s 35th birthday