മെസ്സി അര്‍ജന്റീന ടീമില്‍ തിരിച്ചെത്തി
Argentina Football
മെസ്സി അര്‍ജന്റീന ടീമില്‍ തിരിച്ചെത്തി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 7th March 2019, 11:12 pm

ലോകകപ്പ് പരാജയത്തിന് ശേഷം ദീര്‍ഘകാലം ദേശീയ ടീമില്‍ നിന്ന് വിട്ടു നിന്ന ലയണല്‍ മെസ്സി വീണ്ടും ടീമില്‍. ഈ മാസം മൊറോക്കോയ്ക്കും വെനസ്വേലയ്ക്കും എതിരായി നടക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കായുള്ള 31 അംഗ ടീമിലാണ് മെസ്സി ഉള്‍പ്പെട്ടിരിക്കുന്നത്.

ലോകകപ്പിന് ശേഷം ടീമില്‍ നിന്ന് വിട്ടു നില്‍ക്കുന്ന പി.എസ്.ജി മിഡ്ഫീല്‍ഡര്‍ ഏയ്ഞ്ചല്‍ ഡീ മരിയയെയും അര്‍ജന്റീന തിരിച്ചുവിളിച്ചിട്ടുണ്ട്.

ഇംഗ്ലീഷ് പ്രീമയര്‍ലീഗില്‍ നിന്നും സിറ്റി സെന്റര്‍ബാക്ക് നിക്കോളസ് ഒട്ടാമെന്‍ഡി, ടോട്ടന്‍ഹാം ഡിഫന്‍ഡര്‍ ജുവാന്‍ ഫോയ്ത്ത്, വാറ്റ്‌ഫോര്‍ഡ് മിഡ്ഫീല്‍ഡര്‍ റോബെര്‍ട്ടോ പെരീറ, വെസ്റ്റ്ഹാം പ്ലേമേക്കര്‍ മാനുവല്‍ ലാന്‍സിനി എന്നിവരെ ടീമിലെടുത്തിട്ടുണ്ട്.

റഷ്യന്‍ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ട മത്സരത്തിലാണ് മെസ്സി അവസാനം ദേശീയ ജെഴ്‌സി അണിഞ്ഞത്.

അതേസമയം ഹിഗ്വേയ്ന്‍, അഗ്യൂറോ, ഇക്കാര്‍ഡി, ഗസ്സാനിഗ, ലാമേല തുടങ്ങിയ താരങ്ങളെ ടീമിലെടുത്തിട്ടില്ല.