ഒന്നും മനപൂര്‍വമായിരുന്നില്ല, ഡച്ചുകാരോടുള്ള പെരുമാറ്റം അതിരുകടന്ന് പോയി: ലയണല്‍ മെസി
Football
ഒന്നും മനപൂര്‍വമായിരുന്നില്ല, ഡച്ചുകാരോടുള്ള പെരുമാറ്റം അതിരുകടന്ന് പോയി: ലയണല്‍ മെസി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 31st January 2023, 8:43 am

ഖത്തര്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ടാണ് നെതര്‍ലന്‍ഡ്സ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. മത്സരത്തിന് ശേഷം ലയണല്‍ മെസി കോച്ച് വാന്‍ ഗാലിനോടും ഡച്ച് സ്‌ട്രൈക്കര്‍ വൂട്ട് വെഗോസ്റ്റിനോടും ദേഷ്യപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

മത്സരശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചു നില്‍ക്കെ തന്നെ നോക്കി നിന്ന വെഗോസ്റ്റിനോട് എന്തിനാണ് നോക്കി നില്‍ക്കുന്നത്, പോയി നിന്റെ പണി നോക്ക് വിഡ്ഢീ എന്നായിരുന്നു മെസി സ്പാനിഷ് ഭാഷയില്‍ പ്രതികരിച്ചത്.

വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ മെസി. ഡച്ച് താരത്തോടുണ്ടായ തന്റെ സമീപനത്തില്‍ ഒട്ടും സന്തോഷവാനല്ലെന്നും അന്നങ്ങനെ പെരുമാറേണ്ടി വന്നതില്‍ ഖേദം തോന്നുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ അത് മനപൂര്‍വം പറഞ്ഞതായിരുന്നില്ല, അപ്പോഴത്തെ സാഹചര്യത്തില്‍ സംഭവിച്ച് പോയതാണ്. അതില്‍ ഞാന്‍ ഒട്ടും സന്തോഷവാനല്ല,’ മെസി പറഞ്ഞു.

ലൂയിസ് വാന്‍ ഗാലിനെതിരെ നടത്തിയ ആംഗ്യം നേരത്തെ തീരുമാനിച്ച് ചെയ്തതല്ലെന്നും ആ നിമിഷത്തില്‍ അങ്ങനെ സംഭവിച്ചതാണെന്നും മത്സരത്തിന് മുമ്പ് വാന്‍ ഗാല്‍ അര്‍ജന്റീന ടീമിനെ താഴ്ത്തിക്കെട്ടി സംസാരിച്ചത് ചില സഹതാരങ്ങള്‍ തന്നോട് പറഞ്ഞിരുന്നെന്നും മെസി വ്യക്തമാക്കി.

ലോകകപ്പ് മത്സരങ്ങള്‍ക്കിടയില്‍ ഡീഗോ മറഡോണയെ മിസ് ചെയ്തതിനെ കുറിച്ചും മെസി സംസാരിച്ചു. ഫൈനല്‍ കാണാന്‍ അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നെന്നും മെസി പറഞ്ഞു. ഒരു റേഡിയോ ഷോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ലോകകപ്പ് എന്നെ വിളിക്കുകയായിരുന്നു. ഞാനിവിടെയുണ്ട്, എന്നെ സ്വന്തമാക്കൂ, ഇപ്പോള്‍ നിങ്ങള്‍ക്കെന്നെ സ്പര്‍ശിക്കാനാകും എന്നൊക്കെ അതെന്നോട് പറഞ്ഞതായി എനിക്ക് തോന്നി. അത് തിളങ്ങി നില്‍ക്കുന്നത് ഞാന്‍ കണ്ടു,’ മെസി പറഞ്ഞു.

ഖത്തര്‍ ലോകകപ്പിലെ മികച്ച പ്രകടനത്തിന് ശേഷവും തകര്‍പ്പന്‍ ഫോമിലാണ് മെസി ക്ലബ്ബ് ഫുട്‌ബോളില്‍ തുടരുന്നത്. താരം നിലവില്‍ ബൂട്ടുകെട്ടുന്ന ക്ലബ്ബായ പി.എസ്.ജി കഴിഞ്ഞ ദിവസം ലീഗ് വണ്ണില്‍ റെയിംസിനോട് സമനിലയില്‍ (1-1) പിരിയുകയായിരുന്നു. പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് പാരീസ് സെന്റ് ഷെര്‍മാങ്ങിന്റെ സ്ഥാനം.

ഫെബ്രുവരി രണ്ടിന് മോണ്‍ഡ്‌പെല്ലിയറിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. ഫെബ്രുവരി ഒമ്പതിന് ചിരവൈരികളായ മാഴ്‌സെലിയെയുമായി ക്ലബ്ബിന് ഫ്രഞ്ച് കപ്പില്‍ ഡെര്‍ബി മാച്ചും കളിക്കാനുണ്ട്.

Content Highlights: Lionel Messi regrets about the words he said to Wout Weghorst