അര്‍ജന്റീനയെ ഫൈനലില്‍ എത്തിച്ചത് സൗദി; തുറന്ന് പറഞ്ഞ് ലയണല്‍ മെസി
2022 Qatar World Cup
അര്‍ജന്റീനയെ ഫൈനലില്‍ എത്തിച്ചത് സൗദി; തുറന്ന് പറഞ്ഞ് ലയണല്‍ മെസി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 14th December 2022, 5:52 pm

ഖത്തര്‍ ലോകകപ്പില്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചിരിക്കുകയാണ് സൂപ്പര്‍താരം ലയണല്‍ മെസിയും സംഘവും. സെമി ഫൈനലില്‍ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ടീം അര്‍ജന്റീന സെമിയിലേക്ക് കടന്നത്.

സൗദി അറേബ്യയില്‍ നിന്നേറ്റ ഞെട്ടിക്കുന്ന തോല്‍വിയാണ് തങ്ങള്‍ക്ക് പ്രചോദനമായതെന്നാണ് മെസി പറഞ്ഞത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിലേറ്റ പരാജയം തുടര്‍ മത്സരങ്ങള്‍ക്കുള്ള ഊര്‍ജം നല്‍കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

’36 മത്സരങ്ങളില്‍ തോല്‍വിയറിയാതെ ഖത്തറിലെത്തിയ ഞങ്ങള്‍ക്ക് സൗദിയില്‍ നിന്ന് വലിയ പ്രഹരമാണ് ഏറ്റത്. അങ്ങനെയൊരു തോല്‍വി ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങളുടെ ടീമിന് അതൊരു ആസിഡ് ടെസ്റ്റ് ആയിരുന്നു. ഞങ്ങള്‍ എത്ര ശക്തരാണെന്ന് അതില്‍ തെളിയിക്കുകയും ചെയ്തു.

ആദ്യ പരാജയത്തെ തുടര്‍ന്ന് ഞങ്ങള്‍ മാനസികമായി തളര്‍ന്നിരുന്നില്ല. ഈ സമയവും കടന്നുപോകുമെന്നും കൂടുതല്‍ മികവ് പുലര്‍ത്തി കളിക്കാനാകുമെന്നും ഞങ്ങള്‍ക്കറിയാമായിരുന്നു.

ഇപ്പോള്‍ സെമി ഫൈനല്‍ കടക്കാനായതില്‍ വളരെയധികം സന്തോഷമുണ്ട്. ഫൈനലില്‍ ജയമുറപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ് ഞങ്ങള്‍,’ മെസി വ്യക്തമാക്കി.

അതേസമയം ഖത്തറിലേത് തന്റെ കരിയറിലെ അവസാനത്തെ വേള്‍ഡ് കപ്പ് ആയിരിക്കുമെന്ന് മെസി നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ വിരമിക്കുന്നതിന് മുമ്പ് രാജ്യത്തിനായി വിശ്വകിരീടം ഉയര്‍ത്താനായില്ലെങ്കില്‍ താരം 2026ലെ ലോകപ്പ് കൂടി കളിച്ചേക്കുമെന്നായിരുന്നു പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം ക്രൊയേഷ്യക്കെതിരെ നടന്ന സെമി ഫൈനല്‍ പോരാട്ടത്തിന് ശേഷം ഇത് തന്റെ അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്ന് മെസി പ്രഖ്യാപിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നത്.

അടുത്ത ലോകകപ്പിന് ഇനിയുമൊരുപാട് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടതായിട്ടുണ്ടെന്നും അന്നൊരുപക്ഷേ തനിക്ക് കളിക്കാന്‍ സാധിക്കുമോ എന്നറിയാത്തതിനാല്‍ ഈ ലോകകപ്പ് കിരീടം സ്വന്തമാക്കി സന്തോഷത്തോടെ മടങ്ങണമെന്നാണ് ആഗ്രഹമെന്നും മെസി മാധ്യമങ്ങളോട് പറഞ്ഞു. ക്രൊയേഷ്യക്കെതിരായ ജയത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മെസി.

Content Highlights: Lionel Messi about Saudi Arabia