എഡിറ്റര്‍
എഡിറ്റര്‍
കാലാവസ്ഥാ പ്രവചനം പോലെ കാട്ടുതീ പ്രവചനവും സാധ്യമായേക്കും
എഡിറ്റര്‍
Saturday 16th November 2013 2:44pm

wildfire

കാട്ടുതീ ഒരിക്കല്‍ മനുഷ്യന്റെ നിയന്ത്രണങ്ങള്‍ക്കതീതമായിരുന്നു. എന്നാല്‍ ഇനി മുതല്‍ എവിടെ എപ്പോള്‍ കാട്ടുതീയുണ്ടാകുമെന്നും പ്രവചിക്കാനുള്ള തയ്യാറെടുപ്പിലാണ് ശാസ്ത്രലോകം.

കാട്ടുതീയും ഒരു കാലാവസ്ഥാ പ്രതിഭാസം തന്നെയാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇത് പ്രവചിക്കാനായി പ്രെഡിക്റ്റ് ഫയര്‍ ബിഹേവിയര്‍ എന്നൊരു കമ്പ്യൂട്ടര്‍ മോഡല്‍ തന്നെ അവര്‍ സൃഷ്ടിച്ചു.

‘തീ കത്തുമ്പോള്‍ അന്തരീക്ഷത്തിലേയ്ക്ക് ധാരാളം ചൂട് പുറപ്പെടുവിക്കും. ഇത് വായുവില്‍ ഒരു ശക്തിയായി മാറുന്നു. ചൂടിന്റെ പെരുമാറ്റത്തെയും സ്വഭാവത്തെയും കുറിച്ചുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മോഡല്‍ തയ്യാറാക്കിയിരിക്കുന്നത്. കാറ്റിന്റെ ശക്തി കൊണ്ട് നിയന്ത്രിക്കപ്പെടുന്ന അഗ്നിയെക്കുറിച്ച് ഒട്ടേറെ കാര്യങ്ങള്‍ പ്രവചിക്കാനാകും.’ കോളോയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ അറ്റ്‌മോസ്‌ഫെറിക് റിസര്‍ച്ചിലെ ശാസ്ത്രജ്ഞയായ ജാനിസ് കോയന്‍ പറയുന്നു.

ന്യൂ മെക്‌സിക്കോയിലെ ലിറ്റില്‍ ബെയര്‍ ഫയറിന്റെ വിവരങ്ങളുപയോഗിച്ച് അവര്‍ ഈ കമ്പ്യൂട്ടര്‍ മോഡല്‍ പരീക്ഷിക്കുകയും ചെയ്തു. 2012 ജൂണിലുണ്ടായ ഈ കാട്ടുതീയില്‍ 44,000 ഏക്കറിലധികം വനമാണ് കത്തി നശിച്ചത്.

ന്യൂ മെക്‌സിക്കോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീ ആയിരുന്നു ഇത്.

ഇതിന്റെ വഴിയും രൂപവും വളര്‍ച്ചയുമൊക്കെ കമ്പ്യൂട്ടര്‍ മോഡല്‍ കൃത്യമായി പ്രവചിച്ചിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.

ഉപഗ്രഹങ്ങളിലും മറ്റും നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രെഡിക്റ്റ് ഫയര്‍ പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍ ഒരു ദിവസത്തിലധികം ഈ മോഡല്‍ പ്രവര്‍ത്തിച്ചാല്‍ കൃത്യത കുറയും എന്നതൊരു പ്രശ്‌നമാണെന്ന് അവര്‍ സമ്മതിക്കുന്നു.

Advertisement