ആഷിഖിന് പിന്നാലെ സിനിമ പ്രഖ്യാപിച്ച് ലിജോ ജോസ് പെല്ലിശ്ശേരിയും; പോസ്റ്റര്‍ പുറത്തുവിട്ടു
Malayalam Cinema
ആഷിഖിന് പിന്നാലെ സിനിമ പ്രഖ്യാപിച്ച് ലിജോ ജോസ് പെല്ലിശ്ശേരിയും; പോസ്റ്റര്‍ പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 23rd June 2020, 10:27 am

കൊച്ചി: ആഷിഖ് അബുവിന് പിന്നാലെ സിനിമ പ്രഖ്യാപിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും. സിനിമയുടെ ഫസ്റ്റ് ലുക്കും ലിജോ പങ്കുവെച്ചിട്ടുണ്ട്. മറ്റുവിവരങ്ങള്‍ ഒന്നും ലിജോ പുറത്തുവിട്ടിട്ടില്ല.

ജൂലായ് ഒന്നിന് ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് ലിജോ വ്യക്തമാക്കിയത്. നേരത്തെ സംവിധായകന്‍ ആഷിഖ് അബുവും സിനിമ പ്രഖ്യാപിച്ചിരുന്നു. വാരിയന്‍കുന്നന്‍ എന്ന പേരില്‍ പ്രഖ്യാപിച്ച സിനിമയില്‍ പൃഥ്വിരാജാണ് നായകനാവുന്നത്.

അതേസമയം സിനിമാ ചിത്രീകരണം തുടങ്ങരുതെന്ന ചലച്ചിത്ര സംഘടനകളുടെ നിര്‍ദ്ദേശം നിലനില്‍ക്കെ ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാന്‍ എന്ന് നേരത്തെ ലിജോ ജോസ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

നേരത്തെ വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് നിര്‍മിക്കുന്ന സൂഫിയും സുജാതയും എന്ന ചിത്രം ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തിയ്യറ്റര്‍ ഉടമകള്‍ രംഗത്തു വന്നിരുന്നു.

തീയറ്റര്‍ ഉടമകളുമായോ സംഘടനാ ഭാരവാഹികളുമായോ ചര്‍ച നടത്താതെ ഏകപക്ഷീയമായിട്ടാണ് വിജയ് ബാബു ഇത്തരത്തില്‍ തീരുമാനമെടുത്തതെന്നും ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് ഇവര്‍ പറയുന്നത്. വിജയ് ബാബുവിന്റെ സിനിമകള്‍ തിയേറ്ററില്‍ ഇനി റിലീസ് ചെയ്യില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു.

ഇതിനു പിന്നാലെ ഫഹദ് ഫാസില്‍ നിര്‍മ്മിച്ച് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ പുതിയ സിനിമകള്‍ തുടങ്ങരുതെന്ന ചലച്ചിത്ര സംഘടനകളുടെ നിര്‍ദേശം ലംഘിക്കുന്നവരോട് സഹകരിക്കില്ലെന്ന മുന്നറിയിപ്പുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ രംഗത്തെത്തി.
പിന്നാലെ മഹേഷ് നാരായണന്‍ ഒരുക്കുന്നത് വാണിജ്യ സിനിമയല്ലെന്നും ഒരു മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി സ്വഭാവത്തിലുള്ള സിനിമയാണെന്നും ഫഹദ് ഫാസില്‍ വിശദീകരിക്കുകയും ചെയ്തിരുന്നു.

പുതിയ സിനിമകള്‍ തുടങ്ങരുതെന്ന നിര്‍ദേശം ലംഘിക്കുന്ന നിലപാട് ശരിയല്ലെന്നും തിയറ്റര്‍ റിലീസ് ഉണ്ടാകില്ലെന്നും നിര്‍മാതാക്കളുടെ സംഘടന അറിയിച്ചിരുന്നു. അതേസമയം ആഷിഖ് അബു നിര്‍മ്മിക്കുന്ന ഹാഗറിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ ആരംഭിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.